ഡാലിയ ജേക്കബ്

ആലപ്പുഴ

July 01, 2020, 5:00 am

ഭാഗ്യമുണർന്നു; ലോട്ടറി വില്പന ഇന്ന് മുതൽ സാധാരണ രീതിയിൽ

Janayugom Online

ഡാലിയ ജേക്കബ്

സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് ഭാഗ്യക്കുറിയുടെ പുതിയ ടിക്കറ്റുകളുടെ വില്പനയും നറുക്കെടുപ്പുകളും ഇന്ന് മുതൽ പുനരാരംഭിക്കും. ഞായറാഴ്ചകളിലെ പൗർണ്ണമി ഭാഗ്യക്കുറിയൊഴികെ തിങ്കൾ മുതൽ ശനിവരെയുള്ള ആറ് ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് പഴയരീതിയിലുണ്ടാകും. ജൂലൈ ആദ്യവാരം നറുക്കെടുപ്പ് നടത്തുന്ന അക്ഷയ ‑456,കാരുണ്യ പ്ലസ് ‑323,നിർമ്മൽ ‑180, കാരുണ്യ ‑455 ടിക്കറ്റുകൾ ഭാഗ്യക്കുറി ഓഫീസുകളിൽ എത്തിച്ച് വില്പന തുടങ്ങി.

തിങ്കൾ (വിൻവിൻ) ഒന്നാം സമ്മാനം 75 ലക്ഷം, ചൊവ്വ (സ്ത്രീ ശക്തി) ഒന്നാം സമ്മാനം 75 ലക്ഷം, ബുധൻ (അക്ഷയ) ഒന്നാം സമ്മാനം 70 ലക്ഷം, വ്യാഴം (കാരുണ്യാ പ്ലസ്) ഒന്നാം സമ്മാനം 80 ലക്ഷം, വെള്ളി (നിർമ്മൽ) ഒന്നാം സമ്മാനം 70 ലക്ഷം, ശനി (കാരുണ്യ) ഒന്നാം സമ്മാനം 80 ലക്ഷം എന്നിങ്ങനെ പഴയ രീതിയിൽ തന്നെയായിരിക്കും നറുക്കെടുപ്പ് നടത്തുക. ആദ്യഘട്ടത്തിൽ 48 ലക്ഷം ടിക്കറ്റുകൾ വീതമായിരിക്കും അച്ചടിച്ച് വിതരണത്തിന് എത്തിക്കുന്നത്.

കോവിഡ് മുൻകരുതലുകൾ പാലിച്ചായിരിക്കും ടിക്കറ്റ് വില്പന. ലോക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ലോട്ടറി വില്പന ക്രമീകരണങ്ങളോടുകൂടിയാണ് കഴിഞ്ഞമാസം പുനരാരംഭിച്ചത്. ലോക്ഡൗണിനെ തുടർന്ന് മാറ്റിവച്ചിരുന്ന മാർച്ച് 22 മുതൽ 29 വരെയുള്ള എട്ട് ടിക്കറ്റുകളുടെ നറുക്കെടുപ്പ് ജൂൺ മുതൽ ആഴ്ചയിൽ രണ്ടെണ്ണം വീതം നടത്തിയിരുന്നു. സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭമാണ് കോവിഡ് പ്രതിസന്ധിയിലും ലഭിച്ചത്.

ആകെ 12 കോടിയുടെ ലാഭം ഉണ്ടായി. ജൂലൈ 30 ന് നറുക്കെടുപ്പ് നടത്താനിരിക്കുന്ന സമ്മർ ബംബറും മികച്ച രീതിയിൽ വിറ്റഴിക്കാൻ സാധിക്കുമെന്നാണ് അധികൃതർ കരുതുന്നത്. കോവിഡ് 19 ന്റെ ഭാഗമായി ക്ഷേമനിധിയിൽ അംഗങ്ങളായിട്ടുള്ള 54,000 തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡിൽ നിന്നുള്ള ധനസഹായമായി 3,500 രൂപ ലഭ്യമാക്കിയിരുന്നു. പെൻഷൻ ലഭിക്കുന്ന 2,500 പേർക്ക് 2000 രൂപവീതമാണ് സഹായമായി നൽകിയത്.

you may also like this video;