പ്രാരബ്ധം കൊണ്ടു പൊറുതിമുട്ടുന്നതിനിടെ ഇതര സംസ്ഥാന തൊഴിലാളിയെ തേടി ഭാഗ്യദേവതയുടെ കടാക്ഷം. ബംഗാൾ ഉത്തർ ദിനജ്പുർ പഞ്ചബയ്യ സ്വദേശി തജ്മുൽ ഹഖ് എന്ന 34 വയസുകാരനാണ് കേരള ഭാഗ്യക്കുറിയുടെ കാരുണ്യ ലോട്ടറിയിലൂടെ കോടീശ്വരനായത്. പിന്നീടൊന്നും ചിന്തിക്കാതെ ഒരുകോടി സമ്മാനം നേടിയ ടിക്കറ്റുമായി തജ്മുൽ പൊലീസ് സ്റ്റേഷനിൽ അഭയം തേടി.
കഴിഞ്ഞ ദിവസം വട്ടക്കിണറിൽ നിന്ന് ഇദ്ദേഹം വാങ്ങിയ കാരുണ്യയുടെ കെആർ 431 സീരിസിലെ കെഒ 828847 നമ്പർ ടിക്കറ്റിനാണു ഒന്നാം സമ്മാനം അടിച്ചത്. ഇന്നലെ നറുക്കെടുപ്പിനു ശേഷം വൈകിട്ട് ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് ഒരു കോടി രൂപ ലഭിച്ചത് അറിഞ്ഞത്. ഉടൻ സുഹൃത്തിനെയും കൂട്ടി പൊലീസ് സ്റ്റേഷനിൽ എത്തി വിവരം പറയുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ കെ രഘുകുമാറിന്റെ നേതൃത്വത്തിൽ ടിക്കറ്റ് പരിശോധിച്ച് ഉറപ്പു വരുത്തി. പിന്നീട് തജ്മുൽ ഹഖിനെയും കൂട്ടി സിൻഡിക്കേറ്റ് ബാങ്ക് മാവൂർ റോഡ് ശാഖയിൽ എത്തി സമ്മാനാർഹമായ ടിക്കറ്റ് ബാങ്ക് അധികൃതരെ ഏൽപിക്കുകയായിരുന്നു.
ഭാര്യയും 3 മക്കളുമുള്ള തജ്മുൽ ഹഖ് 10 വർഷമായി മാത്തോട്ടത്ത് വാടകയ്ക്കു താമസിക്കുകയാണ്. കെട്ടിട നിർമാണ തൊഴിലാളിയായ ഇയാൾ സ്ഥിരമായി ലോട്ടറി എടുത്തിരുന്നു. ചില ദിവസങ്ങളിൽ 100 രൂപ വരെ ഭാഗ്യ പരീക്ഷണത്തിനു ചെലവാക്കുമെങ്കിലും ഒന്നാം സമ്മാനം കിട്ടുന്നത് ഇതാദ്യമാണ്.
YOU MAY ALSO LIKE