കാമനകൾക്കപ്പുറത്തെ പ്രണയം

Web Desk
Posted on December 01, 2019, 2:49 pm

വി പി അശ്വതി 

2017 ൽ തെലുങ്കാനയിലെ തീയറ്ററുകളിൽ വൻ വിജയം കൊയ്ത ചിത്രമായിരുന്നു “അർജുൻ റെഢി”. സന്ദീപ് വങ്ക രചനയും സംവിധാനവും നിർവ്വഹിച്ച് 51 മില്ല്യൺ ചെലവിട്ട് നിർമ്മിച്ച തെലുങ്ക് ചിത്രം ബോക്സോഫീസിൽ നിന്നു മാത്രം നേടിയത് 510 മില്ല്യണായിരുന്നു. ആ വലിയ വിജയം നൽകിയ കരുത്താണ് ഹിന്ദിയിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യാൻ നിർമ്മാതാക്കളായ ഇ4 എന്റർടെയിൻമെന്റിന് പ്രേരണയായത്. അങ്ങനെ ഈ വർഷം ഹിന്ദിയിൽ “കബീർ സിങായും” തമിഴിൽ “ആദിത്യ വർമ്മ ” യായും അർജ്ജുൻ റെഡ്ഡി പുനരവതരിച്ചു. കഴിഞ്ഞ വർഷം ബാലയെ ഡയറക്ടറായി വച്ചുകൊണ്ടാണ് തമിഴിൽ ആദിത്യ വർമ്മയുടെ ഷൂട്ടിംഗ് തുടങ്ങിയത്. തുടർന്ന് ബാലയുമായുണ്ടായ സർഗ്ഗാത്മക പൊരുത്തക്കേടുകൾക്കൊടുവിൽ ഇ4 എന്റർടെയിൻമെന്റ് നവാഗത സംവിധായകനായ ഗീരീശായയെ പ്രൊജക്ട് ഏൽപ്പിക്കുകയായിരുന്നു. മലയാളികളുടെ പ്രിയ നടൻ വിക്രമിന്റെ മകൻ ധ്രുവ് വിക്രമിന്റെ കന്നിച്ചിത്രം കൂടിയായി ആദിത്യവർമ്മ മാറുകയാണ്. വറ്റാത്ത പ്രണയം, എത്രയൊക്കെ പറഞ്ഞ് കഴിഞ്ഞാലും പിന്നെയും എന്തൊക്കെയോ പറയാൻ ബാക്കിവയ്ക്കുന്ന ഒന്നാണ് പ്രണയം. ഈ വസ്തുത അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് അടിവരയിടുകയാണ് ‘ആദിത്യ വർമ്മയുടെ’ മേക്കിങ്. പുതുമുഖം ധ്രുവിന്റെ അതിസ്വാഭാവികമായ ശരീരഭാഷയും ചലനങ്ങളും ആദിത്യവർമ്മയ്ക്ക് മുതൽക്കൂട്ടായെങ്കിലും വിഭവങ്ങളൊക്കെയും തരാതരം ചേർത്ത് നല്ലപാകത്തിൽ നമുക്ക് വിളമ്പിയ ഗിരീശായയുടെ മേക്കിങ് തന്നെയാണ് ഇവിടെ താരമായിരിക്കുന്നത്.

അടുത്ത കാലത്തായി സ്ക്രീനിലെ പ്രണയം വളരെ പ്രായോഗികതയിൽ അധിഷ്ഠിതമായിരുന്നു. ജാതി മത സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾക്കൊക്കെ യോജിക്കുന്ന വിധം ശരിയായിക്കിട്ടിയാൽ തുടരാം. അല്ലെങ്കിൽ ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞ് അനായാസേന അടുത്തതിലേക്ക് ചേക്കേറുന്ന പ്രണയങ്ങളാണ് കുറച്ചു കാലമായി സിനിമയിൽ നമ്മൾ കണ്ടുകൊണ്ടിരുന്നത്. അതാണ് നല്ലതെന്ന ഒരു പൊതു ധാരണ സമൂഹത്തിൽ സൃഷ്ടിക്കാനും അത്തരം ചിത്രങ്ങൾ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുമു ണ്ട്. അവിടെയാണ് “ആദിത്യവർമ്മ” വ്യത്യസ്ത അനുഭവമാകുന്നത്. മനസുകൊണ്ട് ഒരാളിൽ മാത്രം ഇണയെ കണ്ടെത്തുകയും അതിൽ നിന്ന് മറ്റൊന്നിലേക്ക് പോവാൻ ഒരുവിധത്തിലും കഴിയാതിരിക്കുകയും ചെയ്യുന്ന സങ്കീർണ്ണാവസ്ഥയാണ് “ആദിത്യ വർമ്മ” പറയുന്നത്. അതായത് ശരീരത്തിന്റെ കാമനകൾക്കപ്പുറം മനസ്സിന്റെ ഒത്തുചേരലാണ് പ്രണയമെന്ന് ആദിത്യവർമ്മ പറയുന്നു. മാറുന്ന കാഴ്ചകൾ ചിത്രം തുടങ്ങുമ്പോൾ കാണുന്ന അതിമനോഹരമായ സീനിലാണ് ഒടുവിൽ ചിത്രം അവസാനിക്കുമ്പോൾ നമ്മൾ ചെന്നു നിൽക്കുന്നത്. ഫ്ളാഷ്ബാക്കായി പറയാൻ സാധാരണ പ്രയോഗിക്കാറുള്ള കസർത്തുകളൊന്നുമില്ലാതെ അതിമനോഹരമായാണ് ആദിത്യ വർമ്മയുടെ കഥാസംവേദനം. അക്കാദമികമായി ഏറെ മികവ് പുലർത്തുന്ന മെഡിക്കൽ വിദ്യാർത്ഥിയാണ് ടൈറ്റിൽ റോളിൽ വരുന്ന ആദിത്യവർമ്മ. ദേഷ്യമടക്കമുള്ള വികാരങ്ങൾ നിയന്ത്രിക്കാൻ കഴിയാത്തതിന്റെ പേരിൽ കോളേജിൽ ഡീനിന്റെ നോട്ടപ്പുള്ളിയാകുന്ന ഹൗസ് സർജനാണ് ആദിത്യവർമ്മ. ഫുട്ബോൾ മാച്ചിനിടെ എതിർ ടീം ക്യാപ്റ്റനുമായുണ്ടാകുന്ന തമ്മിൽത്തല്ലിന്റെ പേരിൽ മാപ്പപേക്ഷ നൽകിയില്ലെങ്കിൽ കോളേജിൽ നിന്ന് പുറത്തുപോവാൻ ഡീൻ ആദിത്യയോട് പറയുന്നു. എന്നാൽ മാപ്പ് എഴുതി നൽകി കോളേജിൽ തുടരണ്ടെന്ന് തീരുമാനിച്ച് ഡീനിനെ കാത്തിരിക്കുമ്പോഴാണ് ഒന്നാം വർഷ എം ബി ബി എസിനു ചേർന്ന വിദ്യാർത്ഥികൾക്കിടയിൽ മീര ഷെട്ടി എന്ന പെൺകുട്ടിയെ ആദി കാണുന്നത്. തുടർന്ന് കോളേജ് വിടാനുള്ള തീരുമാനം ഉപേക്ഷിച്ച് മാപ്പപേക്ഷ നോട്ടീസ് ബോർഡിൽ ഒട്ടിച്ച് ക്ലാസ്സിലേക്ക് മടങ്ങുകയാണ് ആദി. മികച്ച നിലയിൽ ഹൗസ് സർജൻസി കഴിഞ്ഞ് മസൂറിയിൽ ഉപരിപഠനത്തിന് പോകുമ്പോഴും വർഷങ്ങൾ കഴിയുമ്പോഴും അവന് മീരയോടുള്ള ഇഷ്ടം കൂടുതൽ ദൃഢമാവുകയാണ്. തുടക്കത്തിൽ നിർവ്വികാരയായി നോക്കി നിന്ന മീര പതിയെ അവനിൽ സ്നേഹവും സുരക്ഷിതത്വവും കണ്ടെത്തുകയാണ്.

പഠനശേഷം കല്ല്യാണം കഴിച്ചുതരണമെന്നാവശ്യപ്പെട്ട് വീട്ടിൽ ചെല്ലുന്ന ആദിയെ ജാതിയുടെ പേരിൽ ആട്ടിയിറക്കുന്നു മീരയുടെ അച്ഛൻ. സ്വന്തംവീട്ടിൽ എല്ലാവരും മീരയെ സ്വീകരിക്കാൻ കാത്തിരിക്കുന്ന അവസ്ഥയാണുള്ളതെന്നും എന്തുകൊണ്ട് അതുപോലെ തങ്ങൾക്കിടയിലെ ബന്ധം അച്ഛനമ്മമാരോട് പറയാൻ മീരയ്ക്ക് കഴിഞ്ഞില്ലെന്നും പറഞ്ഞ് ക്ഷോഭിച്ച് ഇറങ്ങിപ്പോകുന്ന ആദി. ആറ് മണിക്കൂർ സമയം അവൾക്ക് നൽകിയാണ് അവൻ ഇറങ്ങിപ്പോകുന്നത്. അതിനുള്ളിൽ വീട്ടുകാരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയില്ലെങ്കിൽ എല്ലാം അവസാനിപ്പിക്കാമെന്നു പറഞ്ഞാണ് ആദി പോകുന്നത്. തുടർന്ന് ദേഷ്യവും സങ്കടവും പിരിമുറുക്കവും സഹിക്കാനാവാതെ ഉയർന്ന ഡോസിൽ മോർഫിൻ കുത്തിവച്ച് അബോധാവസ്ഥയിലാകുന്ന ആദി. എല്ലാം ഉപേക്ഷിച്ച് അവനെത്തേടി മീര വരുന്നുണ്ടെങ്കിലും ഒന്നും അറിയാതെ രണ്ട് ദിവസം അബോധാവസ്ഥയിൽ തുടരുന്ന ആദി. ഇതിനിടെ അച്ഛനമ്മമാർ നിർബന്ധിച്ച് സ്വജാതിയിൽപ്പെട്ട ആളുമായി മീരയെ കല്ല്യാണം കഴിപ്പിക്കുന്നു. കല്ല്യാണത്തിനിടയിൽ കശപിശയുണ്ടാക്കുന്ന ആദിയും സുഹൃത്തും. തുടർന്ന് കേസ്, പോലീസ് സ്റ്റേഷൻ, കുടുംബത്തെ അപമാനിച്ചെന്ന പേരിൽ വീട്ടിൽനിന്നുള്ള പുറത്താക്കൽ. അങ്ങനെ തീർത്തും ഒറ്റപ്പെട്ട് മുഴുവൻ സമയം മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്ന ഡോക്ടർ. ഇതൊക്കെയാണെങ്കിലും മികച്ച സർജൻ എന്ന് പേരെടുക്കുന്ന കൈപ്പുണ്യമുള്ള ഡോക്ടർ. മദ്യപിച്ച് കാലുറയ്ക്കാതെ ചെയ്ത സർജറിക്കിടയിൽ തളർന്നുവീഴുന്ന ഡോക്ടർ. രക്തസാമ്പിൾ പരിശോധിക്കുമ്പോൾ മോർഫിൻ കണ്ടെത്തുന്ന ആശുപത്രി മാനേജ്മെന്റ്. തുടർന്ന് ജോലിയും താമസസ്ഥലവും നഷ്ടപ്പെട്ട് തെരുവിലാകുന്ന ഡോക്ടർ. തനിക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛമ്മയുടെ മരണം അറിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഡോക്ടർ. അച്ഛനും മകനും തമ്മിലെ ഏറ്റുപറച്ചിലും പുനസമാഗമവും. തുടർന്ന് മദ്യവും മയക്കുമരുന്നുമെല്ലാം ഉപേക്ഷിച്ച് സാത്വികനാവുന്ന ഡോക്ടർ. യാത്രക്കിടയിൽ വീണ്ടും മീരയെ കാണുന്നു.

പൂർണ്ണ ഗർഭിണിയായ മീര. അതൊന്നും കാര്യമാക്കാതെ അവളില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് കൂടെകൂട്ടാൻ പോകുന്ന ഡോക്ടർ. ഇത്രയും പറയാൻ കാരണം ഈ ചിത്രത്തിന്റെ കഥയിലോ, കഥയുടെ വഴിത്തരിവുകളിലോ ഞെട്ടിക്കുന്ന അത്ഭുതങ്ങളൊന്നും ഇല്ല എന്ന് വ്യക്തമാക്കാനാണ്. പക്ഷെ സത്യസന്ധമായ കഥപറച്ചിൽ രീതിയാണ് ഗിരീശായ ഈ കഥപറയാൻ തിരഞ്ഞെടുത്ത മാർഗ്ഗം എന്നിടത്താണ് ചിത്രത്തിന്റെ വിജയം. അതിന് ധ്രുവിന്റെയും നായിക ബനിതാ സന്ധുവിന്റെയും കപടതയില്ലാത്ത പെരുമാറ്റം സംവിധായകന് മുതൽക്കൂട്ടായിട്ടുണ്ടെന്ന കാര്യം നിഷേധിക്കാനുമാവില്ല. ആദിത്യയുടെ സന്തത സഹചാരിയും ഡോക്ടറുമായി അമ്പുതാസനും ആദിത്യയുടെ അമ്മൂമ്മയായി ലീല സാംസണും, ആദിത്യയുടെ അച്ഛനായി രാജയും തങ്ങളുടെ ഭാഗം ഭംഗിയാക്കിയിട്ടുണ്ട്. രവി. കെ. ചന്ദ്രന്റെ ഛായാഗ്രഹണവും വിവേക് ഹർഷന്റെ എഡിറ്റിങും ആദിത്യവർമ്മയെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.