December 3, 2022 Saturday

ലവ് ജിഹാദ് : ബിജെപിയുടെ വ്യാജപ്രചരണങ്ങൾ ഏറ്റുപിടിച്ച് ചില ക്രിസ്ത്യൻ സംഘടനകളും

Janayugom Webdesk
കോഴിക്കോട്
April 17, 2021 9:07 pm

സംസ്ഥാനത്ത് ജനങ്ങളെ വർഗീയമായി വിഭജിക്കാനായി ബിജെപി ഉയർത്തിക്കൊണ്ടുവന്ന വ്യാജ ലവ് ജിഹാദ് ആരോപണങ്ങൾ ഏറ്റുപിടിച്ച് ചില ക്രിസ്ത്യൻ സംഘടനകൾ. ലവ് ജിഹാദിനെ പ്രതിരോധിക്കാനെന്ന പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠനശിബിരങ്ങൾ സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഡിയ കോണിയ എന്ന സംഘടനയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സെന്റ് മേരീസ് ചർച്ചിന്റെ പാരിഷ് ഹാളിൽ കഴി‍‍ഞ്ഞ ദിവസം പഠനശിബിരം സംഘടിപ്പിച്ചു. കെസിവൈഎം, മിഷൻ ലീഗ് തുടങ്ങിയ സംഘടനകളുമായി സഹകരിച്ചായിരുന്നു പരിപാടി.

മാധ്യമങ്ങളെയൊന്നം വിവരം അറിയിക്കാതെ ലവ് ജിഹാദ് നേർക്കാഴ്ചകളും മുൻകരുതലുകളും എന്ന വിഷയത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാർ ജോസഫ് പാംപ്ലാനി പരിപാടി ഉദ്ഘാടനം ചെയ്തു. ലവ് ജിഹാദ് ഗൂഢലക്ഷ്യങ്ങളും ചതിക്കുഴികളും എന്ന വിഷയത്തിൽ ഫാ. നോബിൾ പാറക്കലും അജപാലന പ്രായോഗിക നിർദ്ദേശങ്ങൾ എന്ന വിഷയത്തിൽ ഫാ. മെൽബിൻ വെള്ളക്കാകുടിയിലും ക്ലാസെടുത്തു. ഫാ. ജേക്കബ് വെണ്ണായിപ്പള്ളിൽ, ഫാ. ജോസഫ് വടക്കേ പറമ്പിൽ, ഫാ. തോമസ് വാളിപ്ലാക്കൽ തുടങ്ങിയവർ സംബന്ധിച്ചു. ലവ് ജിഹാദ് വിഷയം ആളിക്കത്തിച്ച പി സി ജോർജ് ലവ് ജിഹാദിനെ തകർക്കാൻ ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിക്കണം എന്നുൾപ്പെടെ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘപരിവാറിന്റെ വ്യാജ പ്രചരണങ്ങൾ പിന്തുടർന്ന് ചില ക്രിസ്ത്യൻ സംഘടനകൾ അപകടകരമായ നീക്കങ്ങൾ നടത്തുന്നത്.

തളിപ്പറമ്പിലെ പരിപാടിയിൽ പങ്കെടുത്ത ഫാ. നോബിൾ പാറക്കൽ തന്നെ ഇതേക്കുറിച്ച് ഫേസ് ബുക്കിൽ പോസ്റ്റും ഇട്ടിട്ടുണ്ട്. ലവ് ജിഹാദ് യാഥാർത്ഥ്യമാണ്. പ്രണയം നടിച്ച് പെൺകുട്ടികളെ വഞ്ചിക്കുകയും മതം മാറ്റുകയും അതിൽ ചിലരെ അന്താരാഷ്ട്ര തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുകയും ചെയ്യുന്നു എന്നത് സത്യമാണ്. ഏത് അന്വേഷണ ഏജൻസി അതില്ലെന്ന് പറഞ്ഞാലും അധികാര കേന്ദ്രങ്ങൾ തെളിവില്ലെന്ന കാരണത്താൽ തള്ളിക്കളഞ്ഞാലും ഉണ്ടെന്ന് ഉറക്കെ പറയാൻ തനിക്ക് വ്യക്തിപരമായി കഴിയുമെന്ന് ഇദ്ദേഹം പറയുന്നു.
ഉത്തരവാദിത്തപ്പെട്ട ക്രിസ്ത്യൻ സംഘടനകൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ലവ് ജിഹാദ് എന്ന പ്രചാരണം ക്രൈസ്തവ സമൂഹത്തിൽ ഒരു വിഭാഗത്തിന്റെ ഉള്ളിലെങ്കിലും ആഴത്തിൽ എത്തിക്കാൻ സംഘപരിവാറിന് സാധിച്ചെന്നാണ് മനസ്സിലാക്കുന്നതെന്ന് സാമൂഹ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. എല്ലാ അന്വേഷണത്തിനും ശേഷം ലവ് ജിഹാദ് എന്നത് സാങ്കൽപ്പിക കെട്ടുകഥ മാത്രമാണെന്ന് എൻഐഎ ഹൈക്കോടതിയിൽ രേഖാമൂലം വ്യക്തമാക്കിയതാണ്. എന്നിട്ടും ഇത്തരത്തിൽ സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ നടത്തുന്ന നീക്കങ്ങളെ അധികൃതർ ശക്തമായി നേരിടണമെന്നും വിവിധ ക്രിസ്ത്യൻ സംഘടനകൾ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്.

Eng­lish sum­ma­ry; love­ji­had lat­est updation

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.