കൊലപാതകങ്ങളുടെ, അക്രമങ്ങളുടെ സ്വന്തം നാട്

Web Desk
Posted on December 12, 2017, 10:32 pm

‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നാണ് കേരളത്തെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍ അക്രമങ്ങളുടെ, കൊലപാതകങ്ങളുടെ സ്വന്തം നാടായി രാജസ്ഥാന്‍ മാറിയിരിക്കുന്നു. വിദ്വേഷ കൊലകളുടെ തലസ്ഥാനമാണ് രാജസ്ഥാന്‍ ഇന്ന്. ഇത് കോണ്‍ഗ്രസോ, ഇടതുപക്ഷമോ മറ്റ് പ്രതിപക്ഷ കക്ഷികളോ ഉയര്‍ത്തുന്ന ആരോപണമല്ല; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണ്ടെത്തലാണ്.
ബോംബെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അടുത്തദിവസം വെളിപ്പെടുത്തിയത് ഇന്ത്യയിലെ വര്‍ത്തമാനകാല സാഹചര്യമാണ്. അസഹിഷ്ണുത കാരണം രാജ്യം ലജ്ജിച്ച് തലതാഴ്ത്തുന്നുവെന്നാണ് കോടതി പറഞ്ഞത്. രാജസ്ഥാനില്‍ ലൗ ജിഹാദിന്റെ പേരില്‍ ഒരു മനുഷ്യനെ മഴുകൊണ്ട് വെട്ടിവീഴ്ത്തി പച്ചയ്ക്ക് തീയിട്ടുകൊന്ന ദിവസമാണ് ബോംബെ ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായെന്നത് ശ്രദ്ധേയമാണ്. അസഹിഷ്ണുത എല്ലാ അതിരുകളും ലംഘിച്ച് ക്രൂരമാകുകയാണ്. രാജ്യത്തിന്റെ സ്ഥിതി എത്ര ഭീകരവും ഭീതിജനകവുമാണെന്ന് ദിനം കഴിയുന്തോറും ബോധ്യമാവുകയാണ്. ഹിന്ദുത്വശക്തികള്‍ വര്‍ഗീയ വിദ്വേഷ പ്രചാരണം ശക്തമാക്കുകയാണ്. മുസ്‌ലിങ്ങളെ അടിച്ചും വെട്ടിയും കൊല്ലുകയാണ്. ഇത് ഗോ സംരക്ഷണത്തിന്റെ പേരിലാകാം; ലൗ ജിഹാദിന്റെ മറവിലാകാം; കപടദേശീയവാദത്തിന്റെ പിന്‍ബലത്തിലാകാം.
വെട്ടിക്കൊന്ന് ചുട്ടുകരിച്ച് ആ രംഗം ആഘോഷമാക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. ബിജെപിയുടെ സമുന്നത നേതാവ് വസുന്ധര രാജെ ഭരിക്കുന്ന രാജസ്ഥാനിലാണ് ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചതിന് മുസ്‌ലിം യുവാവിനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ചത്. കൊലപാതകത്തിന്റെ വീഡിയോ ദൃശ്യം ക്യാമറയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ലൗ ജിഹാദിന് മുതിരുന്നവര്‍ക്കുള്ള മുന്നറിയിപ്പും കൊലപാതകി നല്‍കുന്നുണ്ട്. ഈ അവസ്ഥ രാജസ്ഥാനില്‍ മാത്രം ഒതുങ്ങുന്നില്ല. കൊലയ്ക്ക് പിന്നില്‍ വര്‍ഗീയ ലക്ഷ്യമാണെന്ന് രാജസ്ഥാനിലെ ഒരു മന്ത്രിതന്നെ പറഞ്ഞിട്ടുണ്ട്. ഗോ രക്ഷാ സംഘടനകള്‍ക്കും സദാചാര പൊലീസ് ചമയുന്നവര്‍ക്കും സംരക്ഷണം നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദ്വേഷ കൊല നടക്കുന്നത് രാജസ്ഥാനിലെന്ന് ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ കണ്ടെത്തിയിരിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തിലുള്ളവര്‍ക്കുനേരെ നടക്കുന്ന അക്രമം വന്‍തോതില്‍ വര്‍ധിക്കുന്നതുകാരണം അക്രമത്തിന്റെ തലസ്ഥാനമെന്ന പേരിലാണ് രാജസ്ഥാന്‍ അറിയപ്പെടുന്നത്.
ബംഗാള്‍ സ്വദേശിയായ മുഹമ്മദ് അഫ്‌റസുലിനെ കൊലപ്പെടുത്തിയ സംഭവത്തോടെ രാജസ്ഥാന്‍ സര്‍ക്കാരിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. 1992 ല്‍ കുംഹേര്‍ കൂട്ടക്കൊല മുതല്‍ക്കുള്ള കളങ്കത്തില്‍ നിന്ന് സംസ്ഥാനത്തിന് ഇതുവരെ മോചനമായിട്ടില്ല. രാജസ്ഥാനില്‍ ദളിതര്‍ക്കുനേരെ നടന്ന ഏറ്റവും ക്രൂരമായ അക്രമമായിരുന്നു ഇത്. ഭരത്പൂരില്‍ നടന്ന അക്രമത്തില്‍ പതിനഞ്ച് പേരാണ് കൊല്ലപ്പെട്ടത്.
2010 സെപ്റ്റംബറില്‍ മീണ സമുദായത്തില്‍പ്പെട്ട ഹിന്ദു തീവ്രവാദികള്‍ മുസ്‌ലിങ്ങളെ ആക്രമിക്കുകയും അവരുടെ സ്വത്തുവകകള്‍ കൊള്ളയടിക്കുകയും ചെയ്തു. ഏതാണ്ട് അമ്പത് മുസ്‌ലിം വീടുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. കാര്‍ഷിക വിളകള്‍, കാര്‍ഷികോപകരണങ്ങള്‍, കന്നുകാലികള്‍ എന്നിവ കൊള്ളയടിച്ചു. വീടുകള്‍ അഗ്നിക്കിരയാക്കി. സ്വയരക്ഷയ്ക്കായി ഇവര്‍ ഒളിച്ചോടുകയായിരുന്നു. സവായ് മാധേപൂര്‍ ജില്ലയിലെ സുര്‍വാള്‍ ഗ്രാമത്തില്‍ ഫുല്‍മുഹമ്മദ് എന്ന പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ അക്രമികള്‍ ജീവനോടെ ചുട്ടുകൊന്നു. ഈ സംഭവത്തില്‍ ഇതുവരെ അന്വേഷണം നടത്താന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
ബീഫ് കച്ചവടം നടത്തുന്നുണ്ടെന്നാരോപിച്ച് മാംസവ്യാപാരിയായ അബ്ദുള്‍ ഗഫൂര്‍ ഖുറേശിയെ കൊലപ്പെടുത്തിയത് 2015 മെയ് മുപ്പതിനായിരുന്നു. ചത്ത ഇരുന്നൂറോളം കന്നുകാലികളെ സംസ്‌കരിക്കുന്നതിനായി കരാറെടുത്തതാണ് ഇയാളെ കൊലപ്പെടുത്താന്‍ ഇടയാക്കിയത്. ഈ വര്‍ഷം ഏപ്രില്‍ ഒന്നിനാണ് ആള്‍വാറില്‍ അമ്പത്തിയഞ്ചുകാരനായ പെഹ്‌ലുഖാന്‍ എന്ന ക്ഷീര കര്‍ഷകന്‍ കൊല്ലപ്പെട്ടത്. കന്നുകാലികളെ തട്ടിക്കൊണ്ടുപോകുന്നുവെന്നാരോപിച്ചായിരുന്നു ഇത്. ഈ വര്‍ഷം തന്നെ ജൂണ്‍ 16 നാണ് പ്രതാപ് ഗഡില്‍ സഫര്‍ ഇസ്‌ലാം കൊല്ലപ്പെട്ടത്. യുവതിയുടെ ഫോട്ടോയെടുക്കാനുള്ള മുനിസിപ്പല്‍ ഓഫീസറുടെ ശ്രമം ചെറുത്തതാണ് സിപിഐ (എം എല്‍) പ്രവര്‍ത്തകനായ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ കാരണമായത്. ഈ സംഭവത്തില്‍ ആരേയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനായിട്ടില്ല.
2017 സെപ്റ്റംബറിലാണ് ദണ്ഡല്‍ ഗ്രാമത്തില്‍ അഹമ്മദ്ഖാന്‍ കൊല്ലപ്പെട്ടത്. ഹിന്ദു ദേവതയെക്കുറിച്ചുള്ള പ്രാര്‍ഥനാഗാനം തെറ്റായി ചൊല്ലി എന്നതായിരുന്നു ഇദ്ദേഹം ചെയ്ത കുറ്റം. ഇക്കഴിഞ്ഞ നവംബറില്‍ കന്നുകാലികളെ വീട്ടിലേയ്ക്ക് കൊണ്ടുപോയ കര്‍ഷകന്‍ ഉമര്‍ മുഹമ്മദിനെ അക്രമിസംഘം വളഞ്ഞുവച്ച് കൊലപ്പെടുത്തിയത് ആള്‍വാര്‍ ജില്ലയിലെ ഗോവിന്ദ് ഗഡില്‍ വച്ചായിരുന്നു. കന്നുകാലി കള്ളക്കടത്താരോപിച്ച് അലിം ഹുസൈനെ വെടിവച്ച് കൊന്നത് രാജസ്ഥാന്‍ പൊലീസാണ്.
രാജസ്ഥാനിലെ രാജ്‌സമദ് ജില്ലയില്‍ അന്യസംസ്ഥാന തൊഴിലാളിയെ വെട്ടിവീഴ്ത്തിയശേഷം ജീവനോടെ കത്തിച്ച സംഭവത്തിലെ പ്രതിയെ പ്രശംസിച്ച് ബിജെപി എം പിമാരും എംഎല്‍എമാരും ഉള്‍പ്പെട്ട വാട്‌സ് ആപ് ഗ്രൂപ്പുകള്‍ രംഗത്തുവന്നിരിക്കുന്നു. എം വി രാജ് സമദ് ഹരി ഓം സിംഗ് റാത്തോഡ്, എംഎല്‍എ കിരണ്‍ മഹേശ്വരി എന്നിവര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് കൊലപാതകിയായ ശംഭുലാല്‍ രേഗറിനെ പ്രശംസിക്കുന്നത്. ‘സ്വച്ഛ് രാജ് സമന്ദ്, സ്വച്ഛ് ഭാരത്’ എന്നാണ് ഗ്രൂപ്പിന്റെ പേര്.
‘ലൗ ജിഹാദികള്‍ ജാഗ്രത പാലിക്കൂ, ശംഭുലാല്‍ ഉണര്‍ന്നു, ജയ് ശ്രീറാം’ എന്നായിരുന്നു ഗ്രൂപ്പിലെത്തിയ ഒരു സന്ദേശം. എന്നാല്‍ സന്ദേശങ്ങളെ സംബന്ധിച്ച് അറിവില്ലെന്നാണ് എം പി റാത്തോഡിന്റെ വാദം.
‘രാജസ്ഥാനില്‍ മുഹമ്മദ് അഫ്‌റസൂല്‍ കൊല്ലപ്പെട്ടശേഷം ഇളയ മകള്‍ ഹബീബക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ല. കണ്ണടയ്ക്കുമ്പോഴേയ്ക്ക് പിതാവിനെ ആക്രമിക്കുന്ന ദൃശ്യമാണ് മുന്നില്‍ തെളിയുന്നത്’-മകളുടെ അവസ്ഥയെക്കുറിച്ച് അഫ്‌റസുലിന്റെ വിധവ ഗുല്‍ബാര്‍ ബീബി പറയുന്നു ‘മൂത്തമകള്‍ ജോഫ്‌നയും രണ്ടാമത്തെ മകള്‍ റജീനയും വിവാഹിതരാണ്. ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനിയായ ഹബീബ ഇളയമകളാണ്. കൊലപാതക വാര്‍ത്ത അറിഞ്ഞതുമുതല്‍ ഇന്നുവരെ ഞങ്ങള്‍ക്ക് ആര്‍ക്കും ശരിയായി ഉറങ്ങാന്‍ കഴിയുന്നില്ല. ഭര്‍ത്താവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഒരിക്കലും മനസില്‍ നിന്ന് മാഞ്ഞുപോകുന്നില്ല’-ഗുല്‍ബാന്‍ പറഞ്ഞു.
കൊല്‍ക്കത്തയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള സൈദാപൂര്‍ ഗ്രാമത്തിലെ അഫ്‌റ സുലിന്റെ വീട്ടുകാരുടെ മാത്രമല്ല, ഗ്രാമീണരും ഈ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളികളാണ്. ബംഗാളില്‍ നിന്ന് രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ജോലി തേടിപ്പോയ മുസ്‌ലിങ്ങളായ തൊഴിലാളികളെയെല്ലാം ബന്ധുക്കള്‍ തിരിച്ചുവിളിച്ചിട്ടുണ്ട്. പലരും സംഭവം അറിഞ്ഞയുടന്‍ ജോലി ഇട്ടെറിഞ്ഞ് നാട്ടിലേയ്ക്ക് മടങ്ങിയിരുന്നു.
രാജസ്ഥാനില്‍ നടന്ന വിദ്വേഷകൊലകളിലെല്ലാം പ്രതികളെ രക്ഷിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്. ആക്രമിക്കപ്പെട്ടവര്‍ പ്രതികളാവുകയാണ്. ഇതിന്റെ ഫലമായാണ് ലൗജിഹാദ് കൊലപാതകവും കൊലവിളിയും ഉണ്ടാകുന്നത്. ബോംബെ ഹൈക്കോടതി പരാമര്‍ശവും ലൗ ജിഹാദ് കൊലപാതകവും നാടിനെ രക്ഷിക്കാനും ജനങ്ങള്‍ക്ക് സുരക്ഷാകവചം തീര്‍ക്കാനും മുന്നിട്ടിറങ്ങണമെന്ന് മനുഷ്യസ്‌നേഹികളെ ഓര്‍മ്മിപ്പിക്കുന്നു.