മതപരിവര്‍ത്തനം: കളക്ടറോട് കാരണം ബോധിപ്പിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

Web Desk
Posted on December 16, 2017, 10:36 pm

ജയ്പൂര്‍: ഏതെങ്കിലും മതത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ 30 ദിവസം മുന്‍പ് ജില്ലാ കളക്ടര്‍ക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം.
മതപരിവര്‍ത്തനത്തിനുള്ള പത്ത് മാര്‍ഗനിര്‍ദേശങ്ങളാണ് ഹൈക്കോടതി പുറപ്പെടുവിച്ചു. മതം മാറണമെങ്കില്‍ സ്റ്റാമ്പ് പേപ്പറില്‍ നടത്തുന്ന വിളംബരം മതിയാകില്ലെന്നും അതിന് നിയമസാധുതയില്ലെന്നും കോടതി നിരീക്ഷിച്ചു.
മതം മാറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അയാളുടെ പേര്, വിലാസം, മതപരിവര്‍ത്തനത്തിന്റെ കാരണമടക്കമുള്ള വിശദാംശങ്ങള്‍ എന്നിവയടക്കം എഴുതി ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച് 21 ദിവസത്തിനകം കളക്ടറുടെ മുമ്പാകെ ഹാജരായി മതപരിവര്‍ത്തനത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ജഡ്ജിമാരായ ജി കെ വ്യാസ്, വി കെ മാത്തൂര്‍ എന്നിവരുടെ രണ്ടംഗ ബെഞ്ചിന്റേതാണ് ഉത്തരവ്. മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ടുളള ഹേബിയസ് കോര്‍പസ് പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഉത്തരവ്. പതിനൊന്ന് വര്‍ഷത്തോളമായി തീരുമാനമാകാതെ കിടക്കുന്ന രാജസ്ഥാന്‍ ധര്‍മ്മ സ്വാതന്ത്ര്യ ബില്‍ നടപ്പിലാകുന്നത് വരെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്നും കോടതി അറിയിച്ചു.
മകള്‍ ലൗ ജിഹാദിന് ഇരയായെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നും ആരോപിച്ച് മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വാദംകേട്ടത്. എന്നാല്‍ ഇഷ്ടമുള്ള പുരുഷന്റെ കൂടെ വിവാഹം കഴിച്ച് ജീവിക്കാന്‍ പെണ്‍കുട്ടിയെ കോടതി അനുവദിച്ചു. തന്റെ ഇഷ്ടം പെണ്‍കുട്ടി കോടതിയെ അറിയിച്ചതോടെയാണ് ഇതിന് അനുവദിച്ചത്.