പി.പി. ചെറിയാന്‍

കാലിഫോർണിയ

February 26, 2020, 9:53 am

വാടകതര്‍ക്കം: മൂന്നു സ്ത്രീകളെ കൊലപ്പെടുത്തിയ യുവതിയും കാമുകനും അറസ്റ്റില്‍

Janayugom Online

വാടക തർക്കത്തിന്റെ പേരിൽ മൂന്നു സ്ത്രീകളെ കഴുത്തുഞെരിച്ചും, തലയ്ക്കടിച്ചും കൊലപ്പെടുത്തിയ യുവതിയേയും കാമുകനേയും ലാസ് വേഗസിൽ വെച്ചു അറസ്റ്റു ചെയ്തതായി ഹെമറ്റ് പോലീസ് ഫെബ്രുവരി 21 ന് അറിയിച്ചു.

വെൻഡിലോപസ് അറെയ്സ(46) ഇവരുടെ മകൾ ജനിസീസ് ലോപസ് അറെയ്സ(21,വെൻഡി ലോപസിന്റെ മകന്റെ കാമുകി ടിനിറ്റി ക്ലൈഡ്(18) എന്നിവർ കൊല്ലപ്പെട്ട കേസ്സിൽ ജോർഡൻ ഗുസ്മൻ(20) ഇവരുടെ കാമുകൻ ആന്റണി മക്ക്ൗളസ്(18) എന്നിവരാണ് അറസ്റ്റു ചെയ്യപ്പെട്ടത്.

ബുധനാഴ്ചയായിരുന്നു സംഭവം. കൊല്ലപ്പെട്ടവർ താമസിച്ചിരുന്ന വീട്ടിലെ ഒരു മുറി ജോർഡൻ ഗുസ്മൻ വാടകയ്ക്കെടുത്തിരുന്നു. ഇവർ തമ്മിൽ നടന്ന വാടകതർക്കത്തിൽ ആന്റണി ഇടപെടുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സംഭവത്തിനുശേഷം വെൻഡിലോ പാസിന്റെ ഭർത്താവ് വീട്ടിലെത്തിയപ്പോളായിരുന്നു കൊലപാതകത്തെകുറിച്ച് അറിഞ്ഞത്. ഇതേ സമയം വീട്ടിലുണ്ടായിരുന്ന പ്രതികൾ കൊല്ലപ്പെട്ട ക്ലൈഡിന്റെ കാർ മോഷ്ടിച്ചു അവിടെനിന്നും രക്ഷപ്പെട്ടു. പിന്നീട് ഇവർ താമസിച്ചിരുന്ന സ്ഥലത്തു നിന്നും 400 മൈൽ അകലെയുള്ള ലാസ് വേഗസിൽ വെച്ചാണ് ഇരുവരും പിടിയിലായത്.

ഇവർക്കെതിരെ റിവർസൈഡ് കൗണ്ടിഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് മൂന്നു കൊലപാതകങ്ങൾ ചുമത്തി കേസ്സെടുത്തു. ക്ലാർക്ക് കൗണ്ടി ഡിറ്റൻഷൻ സെന്ററിലടച്ചു. 2 മില്യൺ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Eng­lish sum­ma­ry: lover arrest­ed for killing three women