Tuesday
19 Nov 2019

ആവശ്യത്തിന് വിദ്യാര്‍ത്ഥികളില്ല; സംസ്ഥാനത്തെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

By: Web Desk | Wednesday 12 June 2019 6:35 PM IST


school-opening-janayugom

പി പി അനില്‍കുമാര്‍
കോഴിക്കോട്: ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്തത് സംസ്ഥാനത്തെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഈ വര്‍ഷം സംസ്ഥാനത്തെ 39 ടെക്‌നിക്കല്‍ ഹൈസ്ൂളുകളില്‍ 22 എണ്ണത്തിലും ആവശ്യത്തിന് വിദ്യാര്‍ത്ഥികള്‍ ഇല്ലാത്ത അവസ്ഥയാണ്. ഇവയില്‍ ഭൂരിപക്ഷം സ്‌കൂളുകളിലും 50 ശതമാനം പോലും വിദ്യാര്‍ത്ഥികളില്ല. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കുട്ടികള്‍ വര്‍ധിക്കുമ്പോഴാണ് ടെക്‌നിക്കല്‍ സ്‌കൂളുകള്‍ ഇത്തരത്തില്‍ പ്രതിസന്ധി നേരിടുന്നത്. കുട്ടികള്‍ കുറയുന്നത് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരേയും ജീവനക്കാരേയും പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ പഠനഭാഷ മലയാളമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാച്ചപ്പോള്‍ തന്നെയാണ് 2013-ല്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ പൂര്‍ണ്ണമായും ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറ്റിയത്. സാങ്കേതിക വിദ്യാഭ്യാസത്തോടൊപ്പം ദേശീയ നൈപുണി കോഴ്‌സ് എന്ന പേരില്‍ മറ്റൊരു തൊഴില്‍ പരിശീലനം കൂടി ഇതോടൊപ്പം കൂട്ടിച്ചേര്‍ത്തത് വിദ്യാര്‍ത്ഥികളുടെ പഠനഭാരം ഇരട്ടിപ്പിക്കുകയാണ് ചെയ്തത്. ടെക്‌നിക്കല്‍ ഹൈസ്ൂളുകളിലെ 10-ാം ക്ലാസ് പരീക്ഷ നടത്തുന്നത് സംസ്ഥാന പരീക്ഷാ കണ്‍ട്രോളറും നൈപുണി കോഴ്‌സ് പരീക്ഷ നടത്തുന്നത് സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമാണ്.
ദേശീയ നൈപുണി കോഴ്‌സ് കേരളത്തിലല്ലാതെ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിലും നടന്നു വരുന്നില്ല. സംസ്ഥാനത്തെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളിലെ 9, 10 ക്ലാസുകളില്‍ ആഴ്ചയില്‍ 5 മണിക്കൂറാണ് നൈപുണി കോഴ്‌സിനായി മാറ്റിവെച്ചിരിക്കുന്നത്. 10-ാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ അവരുടെ മറ്റ് വിഷയങ്ങള്‍ക്കായുള്ള സമയമാണ് ഇതിനായി വിനിയോഗിക്കേണ്ടി വരുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്കാകട്ടെ യാതൊരു മൂല്യവുമില്ലെന്നും വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹൈസ്‌കൂളുകളില്‍ ഈ വര്‍ഷം മുതല്‍ നൈപുണി കോഴ്‌സ് നടപ്പിലാക്കുന്നുണ്ട്. അതുതന്നെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി കോഴ്‌സുകള്‍ ഉള്ള സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രമാണ് നടപ്പിലാക്കുന്നതും.
സംസ്ഥാനത്തെ സ്‌കൂളുകള്‍ രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ പ്രവര്‍ത്തിക്കുമ്പോള്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകള്‍ രാവിലെ 9 മുതല്‍ വൈകീട്ട് 4.30 വരെയാണ് പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ക്ക് ആഴ്ചയില്‍ ഏഴരമണിക്കൂറാണ് ഇത്തരത്തില്‍ കൂടുതലായി സ്‌കൂളുകളില്‍ പഠനത്തിനായി ചെലവഴിക്കേണ്ടി വരുന്നത്. പഠനഭാരം നമിത്തം പലപ്പോഴും കുട്ടികള്‍ക്ക് അവര്‍ പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാറുമില്ലെന്നാണ് ആക്ഷേപം. ഇതാവട്ടെ കുട്ടികളുടെ ഉപരിപഠന സാധ്യതയേയും സാരമായി ബാധിക്കുന്നു. ഗ്രേഡ് കുറയുന്നതിനാല്‍ ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ അധികം പേര്‍ക്കും ഓപ്പണ്‍ സ്‌കൂളുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇത്തരം പ്രശ്‌നങ്ങളാണ് കുട്ടികളെ ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്നും അകറ്റുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുട്ടികളുടെ പഠനഭാരം മനസ്സിലാക്കുന്ന രക്ഷിതാക്കള്‍ അവരെ ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ താല്പര്യപ്പെടുന്നുമില്ലെന്നതാണ് അവസ്ഥ.
എട്ടാം ക്ലാസിലേക്ക് അപേക്ഷിക്കുന്നവരില്‍ നിന്നും പ്രവേശനപ്പരീക്ഷ നടത്തിയാണ് കുട്ടികള്‍ക്ക് ടെക്‌നിക്കല്‍ സ്‌കൂളിലേക്ക് പ്രവേശനം നല്‍കുന്നത്. ബോധന നിലവാരം ഇംഗ്ലീഷാക്കിയെങ്കിലും ഈ സ്ഥാപനങ്ങളില്‍ ഇംഗ്ലീഷ് വിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഇംഗ്ലീഷ് ബിരുദം നിര്‍ബന്ധമാക്കിയിട്ടുമില്ല. കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന ഈ തൊഴില്‍ പരിശീലന സ്ഥാപനങ്ങള്‍ മുമ്പൊന്നുമില്ലാത്ത വിധമാണ് പ്രതിസന്ധി നേരിടുന്നത്. ഇവിടെ പത്താംക്ലാസില്‍ പഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള സാധ്യതയും ഈ സ്ഥാപനങ്ങളില്‍ ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.
ഒന്നുമുതല്‍ 12-ാം ക്ലാസ് വരേയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം എഡ്യൂക്കേഷന്‍ ഡയരക്ടര്‍ ജനറലിന്റെ കീഴില്‍ വരുമ്പോള്‍ ഇത്തരം സ്ഥാപനങ്ങളും ഇതിന് കീഴില്‍ വരേണ്ടതാണ്. എന്നാല്‍ നിലവില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലായതുകൊണ്ടുതന്നെ വേണ്ടത്ര ശ്രദ്ധ ഈ സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Related News