മഹാരാഷ്ട്ര പൊലീസിന്‍റെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ഗുണനിലവാരമില്ല

Web Desk
Posted on February 04, 2018, 10:31 pm

മുംബൈ: 2008 ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം മഹാരാഷ്ട്ര പൊലീസിന് ലഭിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളില്‍ മൂന്നിലൊന്നും ഗുണനിലവാരമില്ലാത്തവയായിരുന്നെന്ന് പരിശോധനയില്‍ തെളിഞ്ഞു. ഇതേതുടര്‍ന്ന് 4600 ജാക്കറ്റുകളില്‍ 1430 എണ്ണം നിര്‍മ്മാതാക്കള്‍ക്ക് തന്നെ തിരിച്ചു നല്‍കി. മുംബൈ ഭീകരാക്രമണത്തിനിടെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവന്‍ ഹേമന്ത് കര്‍ക്കരെ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിട്ടും കൊല്ലപ്പെട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്കും വഴിവച്ചു.
തുടര്‍ന്ന് കാണ്‍പുര്‍ ആസ്ഥാനമായുള്ള കമ്പനി ബുള്ളറ്റ് പ്രൂഫ് നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. വിവാദത്തെ തുടര്‍ന്ന് മറ്റ് പ്രമുഖ കമ്പനികളും പിന്മാറിയപ്പോഴായിരുന്നു കാണ്‍പൂരിലെ കമ്പനി രംഗത്ത് വന്നത്. എന്നാല്‍, ഈ ജാക്കറ്റുകളെ തകര്‍ത്ത് എ കെ 47 തോക്കിലെ വെടിയുണ്ടകള്‍ കടന്നുപോയതാണ് ഇപ്പോഴത്തെ തീരുമാനത്തിന് പിന്നില്‍. പൊലീസ് നടത്തിയ ഫോറന്‍സിക് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാത്ത ജാക്കറ്റുകളെല്ലാം തിരിച്ചയച്ചതായി എഡിജിപി വി വി ലക്ഷ്മിനാരായണ പറഞ്ഞു. പുതിയ ജാക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവയും പരിശോധിച്ച് തൃപ്തി വരുത്തിയതിന് ശേഷമേ കമ്പനിയുമായുള്ള കരാര്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
5000 ജാക്കറ്റുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് കമ്പനിയോട് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി 17 കോടി രൂപയാണ് ചെലവിട്ടത്. എന്നാല്‍ 4600 എണ്ണം മാത്രമെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കമ്പനി നല്‍കിയുള്ളൂ. അതില്‍ത്തന്നെയുള്ള 1430 ജാക്കറ്റുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. മൂന്ന് വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ജാക്കറ്റുകളായിരുന്നു ഇവ.
ചണ്ഡിഗഡ് ആസ്ഥാനമായുള്ള കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ 3000 ജാക്കറ്റുകള്‍ മാത്രമാണ് ഗുണനിലവാര പരിശോധനയില്‍ വിജയിച്ചത്. കേന്ദ്ര സേനകള്‍ക്കും ജാക്കറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നത് ഈ കമ്പനിയാണ്. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകളെ നേരിടാനുള്ള പൊലീസ് സേനയ്ക്കും മുംബൈ പൊലീസിലെ ദ്രുത കര്‍മ സേനയ്ക്കും ഭീകരാക്രമണം നേരിടാനായി രൂപീകരിച്ച സ്‌പെഷല്‍ കമാന്‍ഡോ വിഭാഗമായ ഫോഴ്‌സ് വണ്ണിനും വേണ്ടിയായിരുന്നു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സര്‍ക്കാര്‍ വാങ്ങിയത്.