Saturday
16 Feb 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രം തന്നെ

By: Web Desk | Thursday 24 January 2019 11:12 PM IST

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രം തന്നെയെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വ്യക്തമാക്കി. വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം.

ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കുമെന്നും ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങിപ്പോകേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നും വോട്ടിംഗ് യന്ത്രങ്ങള്‍ ഉപേക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വോട്ടേഴ്‌സ് ദിനത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രതിരോധ സ്ഥാപനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളില്‍ അങ്ങേയറ്റം സുരക്ഷിതമായ രീതിയിലാണ് വോട്ടിംഗ് മെഷീനുകള്‍ നിര്‍മ്മിക്കുന്നത്. ഇത് ഹാക്ക് ചെയ്യാനാവില്ല. പരാതികളോ തര്‍ക്കങ്ങളോ ഉണ്ടെങ്കില്‍ അവ പരിശോധിക്കുക എന്നതുമാത്രമാണ് ഇനി ചെയ്യാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് വിവി പാറ്റ് മെഷീനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വോട്ടെടുപ്പിന്റെ സുതാര്യത വ്യക്തമാക്കുന്നതാണ്. ഏതാനും വര്‍ഷങ്ങളായി വോട്ടിംഗ് മെഷീനെതിരെ നടക്കുന്ന പ്രചാരണങ്ങളൊന്നും കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ ഹാക്കര്‍ സെയ്ദ് ഷൂജയാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയതു വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്തിയാണെന്നാരോപിച്ചത്. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളില്‍ അട്ടിമറി സാധ്യമാണെന്നാണ് ഷൂജ വിശദീകരിച്ചത്.

സംഭവത്തില്‍ ഷൂജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്, വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടത്താമെന്ന ഷൂജയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് നിരവധി പാര്‍ട്ടികള്‍ ഇവിഎം ഉപേക്ഷിക്കണമെന്ന അവശ്യവുമായി രംഗത്തുവന്നിരുന്നു.

വിശ്വാസം ഉറപ്പുവരുത്തണം: സിപിഐ

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച് വോട്ടര്‍മാരുടെ ആശങ്ക പരിഹരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിട്ടുള്ള ആശങ്കകളും പരിഹരിക്കണം. വോട്ടിംഗ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്തതായുള്ള അവകാശവാദങ്ങള്‍ ഗൗരവത്തിലെടുക്കണം. ആകെ പോള്‍ ചെയ്ത വോട്ടുകളും എണ്ണിയ വോട്ടുകളും തമ്മില്‍ ഗുരുതരമായ വ്യത്യാസം ഇക്കഴിഞ്ഞ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ നിരവധി മണ്ഡലങ്ങളില്‍ ഉണ്ടായി. ഇത് രാജ്യത്തെ ജനങ്ങളില്‍ വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയങ്ങള്‍ക്ക് വഴിവച്ചിരുന്നു.
വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ കേസ് ഫയല്‍ ചെയ്യുമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭീഷണി യുക്തമല്ല. വോട്ടിംഗ് യന്ത്രങ്ങളുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിന് എല്ലാ അംഗീകൃത ദേശീയ പാര്‍ട്ടികളുടെയും യോഗം വിളിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകണമെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.