Web Desk

തിരുവനന്തപുരം

December 16, 2020, 8:13 am

തദ്ദേശ തെരഞ്ഞെടുപ്പ്; ജനവിധി ഇന്നറിയാം

Janayugom Online

കേരളം കാത്തിരിക്കുന്ന 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ജനവിധി ഇന്ന്. കർശന കോവിഡ് മാനദണ്ഡപ്രകാരം സംസ്ഥാനത്തെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ രാവിലെ എട്ടു മണിമുതൽ വോട്ടെണ്ണൽ ആരംഭിക്കും. മുഴുവൻ ഫലവും ഉച്ചയോടെ അറിയാനുള്ള സജ്ജീകരണങ്ങൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. ആദ്യം എണ്ണുക പോസ്റ്റൽ വോട്ടുകളാണ്. ഇന്ന് രാവിലെ എട്ടുമണിവരെ തപാൽ വോട്ടുകൾ സ്വീകരിക്കും. സർവീസ് വോട്ടുകൾക്ക് പുറമേ കോവിഡ് ബാധിതർക്കുള്ള സ്പെഷ്യൽ തപാൽ വോട്ടുകളുമുണ്ട്. രണ്ടേമുക്കാൽ ലക്ഷം വോട്ടുകളാണ് ഇത്തരത്തിലുള്ളത്.

എട്ട് ബൂത്തുകൾക്ക് ഒരു ടേബിൾ എന്ന നിലയിലാണ് വോട്ടെണ്ണുന്നത്. കൗണ്ടിംഗ് ഓഫീസർമാർക്ക് കയ്യുറയും മാസ്കും ഫേസ് ഷീൽഡും തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥിക്കും ഏജന്റിനും വോട്ടെണ്ണൽ കേന്ദ്രത്തിൽ കൈയുറ, മാസ്ക്, സാനിറ്റൈസർ എന്നിവ നിർബന്ധമാണ്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പൽ, കോർപ്പറേഷൻ സ്ഥാനാർത്ഥികൾക്ക് ഒരു കൗണ്ടിംഗ് ഏജന്റിനെ കൂടി ഒപ്പം കൂട്ടാം. ഒരു വാർഡ് എണ്ണി കഴിഞ്ഞാൽ അതിലെ സ്ഥാനാർത്ഥികളും കൗണ്ടിങ് ഏജന്റുമാരും പുറത്തു പോകണം. ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികൾ ഓരോ ഗ്രാമ പഞ്ചായത്തിലും ഒരു കൗണ്ടിംഗ് ഏജന്റിനെ ചുമതലപ്പെടുത്താം. ഒന്നാം വാർഡ് എന്ന നിലയിലാണ് വോട്ട് എണ്ണി തുടങ്ങുക.

ഒരു വാർഡിലെ വോട്ട് എണ്ണി കഴിഞ്ഞാൽ വിജയിയായി പ്രഖ്യാപിക്കുന്നതിനു പിന്നാലെ റിട്ടേണിങ് ഓഫീസർ വിജയിക്കുള്ള സാക്ഷ്യപത്രവും ഉടൻ നൽകും. തിരുവനന്തപുരം- 16,കൊല്ലം- 16,പത്തനംതിട്ട- 12,ആലപ്പുഴ- 18,കോട്ടയം- 17,ഇടുക്കി- 10, എറണാകുളം- 28,തൃശൂർ- 24,പാലക്കാട്- 20, മലപ്പുറം- 27,കോഴിക്കോട്- 20, വയനാട്- 7,കണ്ണൂർ- 20, കാസർകോഡ് — 9 എന്നിങ്ങനെയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ ജില്ല തിരിച്ചുള്ള കണക്ക്. തെരഞ്ഞെടുപ്പ് ഫലം തത്സമയം ജനങ്ങളിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന്റ ട്രെൻഡ് വെബ്സൈറ്റും സജ്ജമായികഴിഞ്ഞു.

 

വിജയാഹ്ലാദ പ്രകടനങ്ങളിൽ കോവിഡ് മാനദണ്ഡം പാലിക്കണം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ വിജയാഹ്ലാദ പ്രകടനങ്ങൾ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമാകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദ്ദേശം. കോവിഡ് മാനദണ്ഡം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കമ്മിഷൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു മുന്നിൽ ആൾക്കൂട്ടം ഒഴിവാക്കണം. ജാഥകളും വാഹന റാലികളും പ്രത്യേകിച്ച് ഇരുചക്രവാഹന പ്രകടനങ്ങളും ഒഴിവാക്കണം. ഹാരം, നോട്ടുമാല, ബൊക്കെ, ഷാൾ എന്നിവ നൽകിയുള്ള സ്വീകരണ പരിപാടികൾ ഒഴിവാക്കണം.