16 November 2025, Sunday

Related news

November 14, 2025
November 11, 2025
November 2, 2025
October 25, 2025
October 17, 2025
October 12, 2025
October 2, 2025
September 27, 2025
September 23, 2025
September 22, 2025

ലഫ്. ഗവര്‍ണര്‍ക്ക് പരമാധികാരം; കേന്ദ്രസര്‍ക്കാരിനും

Janayugom Webdesk
ന്യൂഡല്‍ഹി
August 3, 2023 11:26 pm

കഴിഞ്ഞദിവസം പാര്‍ലമെന്റ് പാസാക്കിയ വിവാദ ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്‍ (നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി) ജനാധിപത്യത്തെ നോക്കുകുത്തിയാക്കി. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരമാധികാരം നല്‍കുന്ന ബില്ലിലൂടെ, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ കേവലം ഉപദേശക അധികാരം മാത്രമുള്ള സ്ഥാപനങ്ങളായി മാറും.
ജനാധിപത്യം കാറ്റില്‍പ്പറത്തുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകമായ ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ക്ക് അമിത അധികാരം നല്‍കിക്കൊണ്ടുള്ള ബില്‍, പ്രതിപക്ഷ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ബില്‍ ജനാധിപത്യ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഇറങ്ങിപ്പോയി. ബില്ലിന്റെ പകര്‍പ്പ് കീറിയെറിഞ്ഞ എഎപി എംപി സുശീല്‍ കുമാര്‍ റിങ്കുവിനെ സസ്പെൻഡ് ചെയ്തു. ഈ സഭാ സമ്മേളനകാലത്തേക്കാണ് സസ്പെൻഷൻ.
ജനങ്ങള്‍ തെരഞ്ഞടുത്ത സംസ്ഥാനസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തി അധികാരം കവരാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്‍ സുപ്രീം കോടതി ചോദ്യം ചെയ്തതോടെയാണ് പരിഷ്കരിച്ച പതിപ്പ് കേന്ദ്രം അവതരിപ്പിച്ചത്.
രാജ്യതലസ്ഥാനം എന്ന നിലയിലുള്ള ഡല്‍ഹിയുടെ അധികാരം തെരഞ്ഞടുക്കപ്പെട്ട സര്‍ക്കാരിന് വിട്ടുനല്‍കാതെ കേന്ദ്രീകരിക്കാനുള്ള തന്ത്രമാണ് വിവാദ ബില്ലിലുടെ നടപ്പാക്കിയിരിക്കുന്നത്. 

ഭരണഘടന എഴാം ഷെഡ്യൂള്‍ പ്രകാരം ഡല്‍ഹി അടക്കമുള്ള കേന്ദ്രഭരണ പ്രദേശങ്ങളുടെ സര്‍വാധികാരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ആയി മാറുന്ന വിധത്തിലാണ് ബില്ലിലെ വ്യവസ്ഥകള്‍. ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കീഴില്‍ രൂപീകരിക്കുന്ന സമിതിയുടെ ചെയര്‍മാന്‍ സ്ഥാനം മാത്രമേ മുഖ്യമന്ത്രിക്ക് ഉണ്ടാകൂ. ആഭ്യന്തര വകുപ്പ് സെക്രട്ടറി, മെമ്പര്‍ സെക്രട്ടറിയാവുന്ന സമിതിയില്‍ ചീഫ് സെക്രട്ടറി അംഗമായി തുടരും. ആഭ്യന്തര‑ചീഫ് സെക്രട്ടറിമാരെ നിയമിക്കുന്നതിനുള്ള അധികാരം കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്തമാകുംവിധമാണ് ബില്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന നടപടിയാണ് മോഡി സര്‍ക്കാര്‍ ബില്ലിലുടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷസഖ്യമായ ഇന്ത്യ ആരോപിച്ചു. സുപ്രധാന തീരുമാനങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരില്‍ കേന്ദ്രീകരിക്കുന്ന ബില്‍ സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുമെന്നും ഉപദേശക സമിതിയുടെ നിലയിലേക്ക് മന്ത്രിസഭയുടെ അധികാരം പരിമിതമാകുമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

ഭരണഘടനയെ മറികടക്കാന്‍

ഡല്‍ഹി ഓര്‍ഡിനന്‍സ് ബില്‍ (നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി) രാജ്യതലസ്ഥാനമായ ഡല്‍ഹിയുടെ ഭരണ നിർവഹണത്തില്‍ ഇടപെടുന്നതിനും സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി മറികടക്കുന്നതിനും കേന്ദ്രം കണ്ടെത്തിയ കുറുക്കുവഴി.
ഡല്‍ഹിയുടെ പരമാധികാരം തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനാണെന്നും ലഫ്റ്റ്നന്റ് ഗവര്‍ണര്‍ക്കല്ലെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയായവിധിയുണ്ടായത് മേയ് 11നായിരുന്നു. ഡല്‍ഹി സർക്കാരും ലഫ്റ്റ്നന്റ് ഗവർണറും തമ്മിൽ വർഷങ്ങളായി തുടരുന്ന തർക്കത്തിലാണ് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.
യഥാര്‍ത്ഥ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതായിരുന്നു വിധി. 

ന്യൂഡല്‍ഹി: പൗരന്മാരുടെ വ്യക്തിവിവരങ്ങളില്‍ ഭരണകൂടത്തിന് പരമാധികാരം ഉറപ്പാക്കുന്ന വ്യവസ്ഥകളുമായി ഡാറ്റാ സുരക്ഷാ ബില്‍ ലോക്‌സഭയില്‍. ബില്ലില്‍ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ഭരണകൂട നിരീക്ഷണത്തിന് അംഗീകാരം നല്‍കുന്ന ബില്‍ വിവരാവകാശ നിയമത്തെ അട്ടിമറിക്കുന്നുവെന്നും വിവാദ വ്യവസ്ഥകള്‍ മാറ്റി ബില്‍ വീണ്ടും അവതരിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
വിഷയത്തില്‍ ശക്തമായ വാദപ്രതിവാദം ലോക്‌സഭയില്‍ അരങ്ങേറി. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശം ഹനിക്കുന്ന വ്യവസ്ഥകളാണ് ബില്ലില്‍ അടങ്ങിയിരിക്കുന്നത്.
ദേശസുരക്ഷയുടെ പേരില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് യഥേഷ്ടം വിവരങ്ങള്‍ ശേഖരിക്കാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ ഡാറ്റയുടെ കൈമാറ്റത്തില്‍ അനിശ്ചിതത്വങ്ങള്‍ സൃഷ്ടിക്കുന്നതാണ് നിര്‍ദിഷ്ട ബില്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന പ്രത്യേക ബോര്‍ഡ് സ്വതന്ത്രമായ ഒന്നാകില്ല. ബോര്‍ഡിനെ സ്വാധീനിച്ച് വിവരം ശേഖരിക്കാനും, എതിരാളികളുടെ വിവരം ചോര്‍ത്താനും കേന്ദ്ര ഭരണകൂടത്തിന് സാധിക്കും.
ബില്ലനുസരിച്ച് വിവരം മറച്ചുവയ്ക്കാനോ-നല്‍കാതിരിക്കാനോ സര്‍ക്കാരിനും മറ്റ് ഏജന്‍സികള്‍ക്കും സാധിക്കും. അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സര്‍ക്കാരുകള്‍ക്ക് മറുപടി നല്‍കാതിരിക്കാനുള്ള വ്യവസ്ഥകളും ബില്ലില്‍ അടങ്ങിയിരിക്കുന്നതായി പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
2017ലാണ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൗരന്മാരുടെ വ്യക്തിവിവരം സംബന്ധിച്ച് കരട് രൂപീകരിക്കാന്‍ മുന്‍ ജഡ്ജി ബി എന്‍ ശ്രീകൃഷ്ണയെ നിയോഗിച്ചത്. 2019ല്‍ ലോക്‌സഭയില്‍ കരട് ബില്‍ അവതരിപ്പിച്ചു. പിന്നീട് പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ പരിശോധനയ്ക്കയച്ചു. 81 ഭേദഗതികളാണ് നിര്‍ദേശിക്കപ്പെട്ടത്. തുടര്‍ന്ന് ബില്‍ പിന്‍വലിക്കുകയായിരുന്നു.
ഡാറ്റാ സുരക്ഷയില്‍ ഉയര്‍ന്നിട്ടുള്ള ആശങ്കകളെ പുതിയ ബില്ലും പരിഹരിക്കുന്നില്ലെന്നും പകരം സര്‍ക്കാരിനും സ്വകാര്യമേഖലയ്ക്കും ആധിപത്യമുള്ള ഒരു ഭരണസംവിധാനം തയ്യാറാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും ഇന്റര്‍നെറ്റ് ഫ്രീഡം ഫൗണ്ടേഷന്‍ അഭിപ്രായപ്പെട്ടു. 

ധാതുമണല്‍ സ്വകാര്യ മേഖലയ്ക്ക്: വിവാദ ഖനന ബില്‍ പാസാക്കി 

ന്യൂഡല്‍ഹി: രാജ്യത്തെ ധാതുമണല്‍ ഖനന രംഗം സ്വകാര്യ മേഖലയ്ക്ക് അടിയറവയ്ക്കുന്ന വിവാദബില്‍ പാസാക്കി കേന്ദ്ര സര്‍ക്കാര്‍. ധാതുമണല്‍ ഖനനം നടത്താന്‍ തീരദേശം 50 വര്‍ഷത്തേയ്ക്ക് സ്വകാര്യ കുത്തകകള്‍ക്ക് പാട്ടത്തിന് നല്‍കാനുള്ള ബില്‍ ഇന്നലെ രാജ്യസഭയും പാസാക്കി.
മണിപ്പൂര്‍ വിഷയത്തില്‍ ശക്തമായ പ്രതിഷേധം തുടരുന്ന പ്രതിപക്ഷത്തിന്റെ അഭാവം മുതലെടുത്താണ് ബില്‍ മോഡി സര്‍ക്കാര്‍ പാസാക്കിയെടുത്തത്. പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്ന ഉച്ചയ്ക്ക്ശേഷം കല്‍ക്കരി ഖനി മന്ത്രി പ്രഹ്ലാദ് ജോഷിയാണ് ബില്‍ അവതരിപ്പിച്ചത്. ഓഫ്ഷോര്‍ ഏരിയാസ് മിനറല്‍ (ഡെവലപ്മെന്റ് ആന്റ് റെഗുലേഷന്‍) ആക്ട് 2002 കഴിഞ്ഞ ദിവസം ലോക്‌സഭ പാസാക്കിയിരുന്നു.

Eng­lish Sum­ma­ry: Lt. Sov­er­eign­ty to the Gov­er­nor; And for the cen­tral government

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.