“കോപ്പിറൈറ്റര്‍മാര്‍ കൂലിയെഴുത്തുകാര്‍”; ലൂസിഫര്‍ വീണ്ടും വിവാദക്കുരുക്കില്‍

Web Desk
Posted on April 03, 2019, 2:24 pm

ലൂസിഫര്‍ വീണ്ടും വിവാദത്തില്‍. ബ്രാന്‍ഡ് കണ്‍സള്‍ട്ടന്റ് ഫേവര്‍ ഫ്രാന്‍സിസ് ആണ് ലൂസിഫറിനെതിരെ പുതിയ വിവാദവുമായി എത്തിയിരിക്കുന്നത്. പരസ്യക്കമ്പനികളെ കോപ്പിറൈറ്റര്‍മാരെ ‘കൂലിയെഴുത്തുകാരെന്ന്’ വിശേഷിപ്പിച്ചാണ് ഫേവര്‍ ഫ്രാന്‍സിസിന്റെ പരാമര്‍ശം. നിങ്ങള്‍ സംവിധായകരും തിരക്കഥാകൃത്തുക്കളം നടീനടന്മാരുമൊക്കെ കൂലിയൊന്നും വാങ്ങാതെ സൗജന്യമായി സംവിധാനം ചെയ്യുകയും തിരക്കഥ എഴുതിക്കൊടുക്കുകയും അഭിനയിക്കുകയും ചെയ്യുന്നതുകൊണ്ടാകുമല്ലേ നിങ്ങളെയൊക്കെ കൂലിസംവിധായകര്‍, കൂലിത്തിരക്കഥായെഴുത്തുകാരന്‍, കൂലി നടന്‍, കൂലി നടി, കൂലി ക്യാമറാമാന്‍ എന്നൊക്കെ വിശേഷിപ്പിക്കാത്തതെന്ന് അദ്ദേഹം പരിഹസിച്ചു.

ഫേവര്‍ ഫ്രാന്‍സിസിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

ലൂസിഫർ സിനിമയുടെ ക്ളൈമാക്സില് ഒരു വോയ്‌സ് ഓവറുണ്ട്
അതിൽ പറയുന്ന ഒരു വാചകമുണ്ട്
ദൈവത്തിൻറെ സ്വന്തം നാടെന്ന വിശേഷണം കേരളത്തിന് ചാർത്തിക്കൊടുത്തത്
ഏതോ ഒരു പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരനാണെന്ന്

‘മുദ്ര’യുടെ നാഷണൽ ക്രിയേറ്റിവ് ഡയറക്ടർ ആയിരുന്ന വാൾട്ടർ മെൻഡിസ് ആണ് നിങ്ങൾ സൂചിപ്പിച്ച ആ കൂലിയെഴുത്തുകാരൻ. താനാണ് കേരളത്തെ ആദ്യമായി ഗോഡ്സ് ഓൺ കൺട്രി എന്ന് വിശേഷിപ്പിച്ചതെന്ന് നിങ്ങളോട് പറയാൻ ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല.

ഒരു കാര്യം കൂടി പറയാനുണ്ട്
പരസ്യക്കമ്പനിയിലെ കൂലിയെഴുത്തുകാരെ വിളിക്കുന്നത് കോപ്പി റൈറ്റർ എന്നാണ്
ഒരു സംശയവും വേണ്ട
കൂലിക്ക് വേണ്ടിത്തന്നെയാണ് അവർ പണിയെടുക്കുന്നത്
നിങ്ങൾ സംവിധായകരും തിരക്കഥാകൃത്തുക്കളും നടീനടന്മാരുമൊക്കെ കൂലിയൊന്നും വാങ്ങാതെ സൗജന്യമായി സംവിധാനം ചെയ്യുകയും തിരക്കഥ എഴുതിക്കൊടുക്കുകയും അഭിനയിക്കുകയും
ചെയ്യുന്നതുകൊണ്ടാകുമല്ലേ നിങ്ങളെയൊക്കെ കൂലിസംവിധായകൻ കൂലിത്തിരക്കഥായെഴുത്തുകാരൻ
കൂലി നടൻ കൂലി നടി കൂലി ക്യാമെറാമാൻ എന്നൊക്കെ വിശേഷിപ്പിക്കാത്തത്!

ശുഭദിനം
സുലാൻ