ശബ്ദമുയർത്തിയാല്‍ താടി പിഴുതെടുക്കും: യുപി പൊലീസ് കസ്റ്റഡിയിലെടുത്ത മാധ്യപ്രവർത്തകന്റെ അനുഭവം ഇങ്ങനെ

Web Desk
Posted on December 21, 2019, 3:03 pm

ലക്നൗ: രാജ്യമാകെ പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ യുപി പൊലീസ് മാധ്യപ്രവർത്തകർക്കു നേരെ നടത്തുന്ന കാടത്തങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ദ ഹിന്ദു ദിനപത്രത്തിന്റെ യു പി ലേഖകനായ ഒമർ റാഷിദ്. ലക്നൗവിലെ റസ്റ്റോറന്റിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു റാഷിദിനെ പൊലീസ് രണ്ടു മണിക്കൂറോളം സ്റ്റേഷനിലും പൊലീസ് പോസ്റ്റിലുമായി തടങ്കലിൽ വച്ചു. ആ അനുഭവമാണ് ഒമർ റാഷിദ് സമൂഹമാധ്യമങ്ങളിലൂടെ പങ്കു വെച്ചത്.

സുഹൃത്തിനൊപ്പം റസ്റ്റോറന്റിലിരുന്ന് ന്യൂസ് ഫയൽ ചെയ്യുന്നതിനിടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ‘ഞാൻ ഹോട്ടലിൽ ഒരാളുടെ വൈഫൈ ഉപയോഗിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് നാലോ അഞ്ചോ പേർ വന്ന് സുഹൃത്തിനെ ചോദ്യം ചെയ്യാൻ തുടങ്ങി. എന്നിട്ട് അവനെ ഒരു ജീപ്പിൽ കയറ്റി. എന്നോടും കയറാൻ ആവശ്യപ്പെട്ടു. ഞാൻ മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞു. അവരോടൊപ്പം പോകണമെന്ന് നിർബന്ധിച്ചു’– ഒമർ റാഷിദ് പറഞ്ഞു. ‘അവർ ഞങ്ങളെ ഒരു മുറിയിൽ പൂട്ടിയിട്ടു. എന്റെ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങളെല്ലാം വാങ്ങിവച്ചു. സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ചു. അവനെ ചോദ്യം ചെയ്യുകയും അക്രമവുമായി ബന്ധിപ്പിക്കുകയും ചെയ്തു. ഞാൻ പ്രധാന ഗൂഢാലോചനക്കാരനാണെന്ന് പറഞ്ഞ് എന്നെയും അക്രമവുമായി ബന്ധിപ്പിച്ചു. കശ്മീരികൾ ഇവിടെ വന്ന് അക്രമത്തിൽ പങ്കുചേരുന്നതിനെക്കുറിച്ച് എന്നോട് ചോദിച്ചു.
you may also like this video

ഞാൻ അവരോട് എന്തെങ്കിലും ചോദിക്കാൻ ശ്രമിക്കുമ്പോൾ മിണ്ടാതിരിക്കാൻ ആവശ്യപ്പെട്ടു. എനിക്കെതിരെ തെളിവുണ്ടെന്നും പറഞ്ഞു. ഞങ്ങളെ വീണ്ടും ജീപ്പിൽ കയറ്റി ഒരു ഔട്ട്‌ പോസ്റ്റിലേക്ക് കൊണ്ടുപോയി. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥൻ എനിക്കെതിരെ ധാരാളം വർഗീയ അധിക്ഷേപങ്ങൾ നടത്തി. എന്റെ താടി പറിച്ചെടുക്കുമെന്ന് പറഞ്ഞു’– ഒമർ കൂട്ടിച്ചേർത്തു. യുപി മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും ഡിജിപി ഒ.പി.സിങ്ങിനെയും വിളിച്ചതിനെ തുടർന്നാണ് ഒമർ റാഷിദിനെ വിട്ടയച്ചത്. പൊലീസിന്റെ കാടത്തം തുറന്നു കാട്ടുന്നതിനാലാണ് മാധ്യമപ്രവർത്തകർക്കു നേരെ പൊലീസ് അതിക്രമം നടത്തുന്നത് എന്ന് മനുഷ്യാവകാശ പ്രവർത്തകനും മാഗ്സസെ അവാർഡ് ജേതാവുമായ സന്ദീപ് പാണ്ഡെ പറഞ്ഞു.