ദൃശ്യവിസ്മയം തീര്‍ത്ത് ലൂക്ക

Web Desk
Posted on August 04, 2019, 7:50 am

അശ്വതി

നിലനില്പിനുവേണ്ടി പ്രകൃതിയില്‍ നടക്കുന്ന കടുത്ത മത്സരത്തെ ഏറ്റവും ശക്തിയുക്തര്‍ മാത്രമാണ് അതിജീവിക്കുന്നതെന്ന് പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതിയില്‍ ചാള്‍സ് ഡാര്‍വിന്‍ തന്റെ ‘ഓണ്‍ ദി ഒറിജിന്‍ ഓഫ് സ്പീഷീസ്’ എന്ന വിഖ്യാത പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പാഴ്വസ്തുക്കളില്‍ ജീവശ്വാസം നിറച്ച് അതുല്യ കലാസൃഷ്ടികളൊരുക്കുന്നു അയല്‍പക്കത്തെ ചേരി നിവാസികളെ കുടിയൊഴിപ്പിക്കാന്‍ വരുന്ന മുതലാളിത്ത ഭീകരതയ്ക്ക് നേര്‍ക്കുള്ള പ്രതിഷേധമെന്ന നിലയ്ക്ക് ലൂക്ക എന്ന കലാകാരന്‍ മതിലില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ക്ക് നല്‍കുന്ന തലക്കെട്ടാണ് ഡാര്‍വിനെ ഓര്‍മിപ്പിക്കുന്നത്. ‘എക്‌സിസ്റ്റന്‍സ് ഈസ് റെസിസ്റ്റന്‍സ്’ എന്ന ആ തലക്കെട്ടാണ് നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ‘ലൂക്ക’ എന്ന ചിത്രത്തിന്റെ കാതല്‍ എന്നു പറയാം.
ആര്‍ട്ടിന്റെ പശ്ചാത്തലത്തിലൊരുക്കിയ ഒരു പ്രണയ ചിത്രമെന്ന സന്ദേശമാണ് ലൂക്കയുടെ പോസ്റ്ററുകള്‍ പകര്‍ന്നിരുന്നത്. കളങ്കവും, ഉപാധികളില്ലത്ത ആണ്‍-പെണ്‍ സൗഹൃദവും പ്രണയവും ലൂക്കയിലുണ്ടെങ്കിലും അതിനേക്കാളുപരി സ്വാസ്ഥ്യത്തോടെ കുറ്റബോധമില്ലാതെയുള്ള നിലനില്‍പ്പിനായി വ്യത്യസ്ഥ ശ്രേണിയിലുള്ള മനുഷ്യര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന വേദനകളും സഹനങ്ങളും ആന്തരികമായി അനുഭവിക്കുന്ന അനാഥത്വങ്ങളും ജീവിതത്തിന്റെയും മരണത്തിന്റെയും ആകസ്മികതകളുമൊക്കെ ചിത്രം നിരവധി ചോദ്യങ്ങളിലൂടെ മുന്നോട്ടു പോകുന്നു.

ബിനാലെ പോലെ കൗതുകകരം

തുടങ്ങി 10 മിനിറ്റിനകം ഒരു ക്രൈം ത്രില്ലര്‍ കാണാനുള്ള മുന്നൊരുക്കത്തോടെ നമ്മള്‍ കസേരയിലേക്ക് ചായും. പക്ഷേ മഴയുടെ അതിമനോഹരമായ ഏറ്റിറക്കങ്ങളും ശബ്ദവും ഇതത്ര ലളിതമായ കഥയല്ല ഒന്ന് സൂക്ഷ്മമായി കാണണമെന്നുള്ള സൂചന തരും. കൊച്ചിന്‍ ബിനാലെയിലെ കൗതുകമുണര്‍ത്തുന്ന ഒരുകലാസൃഷ്ടിപോലെ സുന്ദരമായ നിരവധി ഫ്രെയിമുകളാണ് ആകര്‍ഷണം. സാധാരണ കുറ്റാന്വേഷണ സിനിമകളില്‍ കാണുന്നതുപോലുള്ള അതിനിഗൂഢതകളും സങ്കീര്‍ണതകളുമൊന്നും ലൂക്കയുടെ തിരക്കഥയിലില്ല.വിശ്വസനീയവും ശാസ്ത്രീയവയുമായി ക്‌ളൈമാക്‌സ് സൃഷ്ടിക്കാന്‍ മൃദുല്‍ ജോര്‍ജ് അരുണ്‍ബോസ് കൂട്ടുകെട്ടിന് കഴിഞ്ഞിട്ടുണ്ട്. നവാഗതരായ നിമിഷ് രവിയുടെ ക്യാമറയും നിഖില്‍ വേണുവിന്റെ എഡിറ്റിങും ലൂക്കയെ പുതുമയോടെ അവതരിപ്പിക്കാന്‍ കരുത്ത് പകര്‍ന്നിട്ടുണ്ട്.

കഥാപാത്രങ്ങളായി മഴയും വെയിലും

പ്രേമിച്ച പെണ്‍കുട്ടിയുടെ ഓര്‍മ്മകളില്‍ മുങ്ങി ഭാര്യയെ ഉള്‍ക്കൊള്ളാനും സ്‌നേഹിക്കാനും കഴിയാതെ ആത്മസംഘര്‍ഷം അനുഭവിക്കുന്ന പോലീസ് ഓഫീസറും ഭാര്യയും ഒരുവശത്ത്. എല്ലാ സാഹചര്യ തെളിവുകള്‍കൊണ്ടും ആത്മഹത്യയെന്ന് എഴുതിത്തള്ളാവുന്ന ഒരു കലാകാരന്റെ മരണത്തിലെ അസ്വാഭാവികതകളില്‍ തടഞ്ഞ് പുതിയ അന്വേഷണ വഴികള്‍ തേടുന്ന പോലീസ് ഓഫീസര്‍ കണ്ടെത്തുന്ന ശാന്ത സുന്ദരമായ സ്ത്രീ-പുരുഷ ബന്ധം മറുവശത്ത്. ലൂക്കയുടെ മരണകാരണം അന്വേഷിച്ചു ചെല്ലുന്ന പോലീസ് ഓഫീസര്‍ കാണുന്നത് പാഴ് വസ്തുക്കളെ ഉജ്ജ്വലമായ കലാസൃഷ്ടികളാക്കി മാറ്റുന്ന ഒരു കലാകാരനും ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയില്‍ ഗവേഷണം നടത്തുന്ന ഒരു പെണ്‍കുട്ടിയും തമ്മിലെ ഉപാധികളില്ലാത്ത നിഷ്‌കളങ്കമായ ബന്ധമാണ്.ശരീരത്തിന്റെ നൈമിഷികമായ കാമനകള്‍ക്കൊക്കെ എത്രയോ മുകളിലാണ് രണ്ടു മനുഷ്യ മനസ്സുകള്‍ക്കിടയിലെ തിരിച്ചറിവുകള്‍ എന്ന സത്യം അയാള്‍ മനസ്സിലാക്കുകയാണ്. അക്ക്ബര്‍ എന്ന പോലീസ് ഓഫീസറായി നിതിന്‍ ജോര്‍ജ്ജ് ഏറെ സ്വാഭാവികവും അന്നുകരണീയവുമായ പ്രകടനമാണ് നടത്തുന്നത്.
അക്ബറിന്റെ എല്ലാ യാത്രകള്‍ക്കൊപ്പവും അതിശക്തമായ സാന്നിദ്ധ്യമായി സമൃദ്ധമായ മഴയുണ്ട്. അയാളുടെ ആത്മ സംഘര്‍ഷങ്ങളും ശീലങ്ങള്‍കൊണ്ട് മാത്രം ഇരുളടഞ്ഞു മൂടിപ്പോയ വികാരങ്ങളുമൊക്കെ മഴയിലൂടെ സംവിധായകന്‍ പറയുന്നുണ്ട്. അതേ സമയം ലൂക്കയുടെയും സുഹൃത്തായ നിഹാരികയുടെയും ജീവിതം തെളിമയാര്‍ന്ന സൂര്യ വെളിച്ചത്തിലാണ് സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്. രണ്ടു വ്യത്യസ്ത ജീവിതങ്ങളും വെവ്വേറെ കളര്‍ ടോണിലാണ് നമ്മള്‍ കാണുന്നത്. പ്രകൃതിയുടെ ക്യാന്‍വാസിലെഴുതിയ മനോഹരമായ ചിത്രങ്ങള്‍ പോലെയാണ് പല ഫ്രെയിമുകളും. പലയിടത്തും ടൊവിനോ തോമസിന്റെ അടിമുടി കലാകാരനായ ലൂക്കയ്ക്ക് ഒരു പടി മുന്നിലേക്ക് അഹാന കൃഷ്ണകുമാറിന്റെ നിഹാരിക ചുവടുവയ്ച്ച് നമ്മെ അത്ഭുതപെടുത്തുന്നുണ്ട്. അവിശ്വസനീയമായ രീതിയില്‍ നിഹാരികയെ അവതരിപ്പിക്കാന്‍ അഹാനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

പഴുതുകളടച്ച തിരക്കഥ

കുറ്റാന്വേഷണ കഥയുടെ ഉദ്വേഗങ്ങളൊക്കെ നിലനിര്‍ത്തി കുറച്ച് മസാലയും ചേര്‍ത്ത് വേണമെങ്കിലും കൊണ്ടുപോകാമായിരുന്ന ഒരു ചലച്ചിത്രത്തെ തീയ്യറ്റര്‍ വിട്ടിട്ടും ഓര്‍മ്മകളില്‍ പിന്തുടരുന്ന സുന്ദര സൃഷ്ടിയായി മാറ്റിയതിനുപിന്നില്‍ എല്ലാ പഴുതുകളുമടച്ച് തയ്യാറാക്കിയ തിരക്കഥയുണ്ട്.
ലൂക്കയുടെ മരണത്തിലെ ദുരൂഹതകള്‍ കണ്ടെത്തി അന്വേഷണവുമായി മുന്നോട്ടുപോകുന്ന അക്ബര്‍ എന്ന പോലീസ് ഓഫീസര്‍ യഥാര്‍ത്ഥത്തില്‍ സ്വന്തം ജീവിതത്തിന്റെ അര്‍ത്ഥവും അര്‍ത്ഥരാഹിത്യവുമാണ് തേടുന്നത്.
മരണത്തെയും ശവശരീരത്തെയും അനുബന്ധ വസ്തുക്കളെയും തീവ്രമായി ഭയപ്പെടുന്ന താനറ്റോ ഫോബിയ, നെക്രോ ഫോബിയ തുടങ്ങിയ മാനസിക അവസ്ഥകള്‍ നേരിടുന്ന ആളാണ് ലൂക്ക. പെന്‍സിലും പാഴ്‌വസ്തുക്കളുമാണ് അയാളുടെ ആയുധങ്ങള്‍. ഇവിടെ ആരും പേന ഉപയോഗിക്കാറില്ലെന്നും പെന്‍സിലാവുമ്പോ തെറ്റിയാല്‍ മാറ്റിയെഴുതാമല്ലോയെന്നുമാണ് ലൂക്ക സുഹൃത്തായ നിഹയോട് പറയുന്നത്. അതുപോലെയാണ് തുപ്പല്‍തൊട്ട് പുസ്തകത്താളുകള്‍ മറിക്കുന്ന അയാളുടെ ശീലത്തിനുള്ള വിശദീകരണവും. അപ്പനും അപ്പന്റപ്പനും, അദ്ദേഹത്തിന്റപ്പനും തുടങ്ങി പരമ്പരയായി തുപ്പല്‍ തൊട്ട് പുസ്തകം മറിച്ചിട്ട് ഒന്നും സംഭവിച്ചിട്ടില്ലലോ. അതുകൊണ്ട് എന്റെ പിള്ളേരും അവരുടെ കുട്ടികളും തുപ്പല്‍ തൊട്ടുതന്നെ പുസ്തകത്താളുകള്‍ മറിയ്ക്കും. പിന്നീട് നിഹയോടുള്ള പ്രണയം പറയുന്നതും ഏറെ രസകരമായാണ്. തുപ്പല്‍ തൊട്ട് പുസ്തകം വായിക്കുന്ന രണ്ടുമൂന്ന് പിള്ളേരൊക്കെ വേണ്ടേ എന്നാണ് അവന്‍ നിഹയോട് ചോദിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ജീവിതത്തിന്റെ ലളിതവും സങ്കീര്‍ണവുമായ രണ്ടു പുറങ്ങളാണ് ലൂക്ക നമുക്ക് കാണിച്ചുതരുന്നത്. ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയില്‍ ഗവേഷകയായ നിഹ പ്രത്യേകം തയ്യാറാക്കിയെടുക്കുന്ന വിഷപദാര്‍ത്ഥമാണ് ക്‌ളൈമാക്‌സില്‍ വില്ലനായി വരുന്നത്. അതേ വിഷത്തിനിരയായി അക്ബറിന്റെ പൂച്ച ചത്തുപോകുന്നതൊക്കെ ആശയവിനിമയം കൂടുതല്‍ ദൃഢമാക്കാന്‍ സഹായിച്ചിട്ടുണ്ട്.
കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ദിനം പ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വളരെ ബുദ്ധിപരമായി ആ വിഷയം കൈകാര്യം ചെയ്തു എന്നതാണ് ലൂക്കയുടെ മറ്റൊരു പ്രത്യേകത. അറിയപ്പെടുന്ന എഴുത്തുകാരനും കോളമിസ്റ്റും നിഹയുടെ സ്വന്തം അമ്മാവനുമായി ശ്രീകാന്ത് മുരളി വേറിട്ട അഭിനയമാണ് നടത്തിയത്.
ലൂക്കയുടെ താമസസ്ഥലവും പണിയിടവുമായി കാണിക്കുന്നത് സ്വപ്നസമാനമായ ഒരിടമാണ്. അതൊരുക്കിയ ആര്‍ട് ഡയറക്ടര്‍ അനീസ് നാടോടിയും സംഗീതം നല്‍കിയ സൂരജ് എസ്. കുറുപ്പും തീമിനെ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഏഴ് കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ലൂക്ക ഇതിനകം 14 കോടി ബോക്‌സ് ഓഫീസില്‍ നേടിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.