ബൊൽസനാരോ ബ്രസീലിനെ പിന്നോട്ട് നടത്തുന്നുവെന്ന് ലുല ഡ സിൽവ

Web Desk
Posted on November 22, 2019, 5:53 pm

ബ്രസീലിയ: വർഷങ്ങൾ കൊണ്ട് പൊരുതി നേടിയ രാജ്യത്തിന്റെ പുരോഗതി ഇല്ലാതാക്കാനാണ് ജെയ്ർ ബൊൽസനാരോ ശ്രമിക്കുന്നതെന്ന് ബ്രസീലിന്റെ മുൻ പ്രസിഡന്റ് ലൂയിസ് ഇനാഷ്യോ ലുല ഡ സിൽവ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി രാജ്യം നേടിയെടുത്ത ജനാധിപത്യ സാമൂഹ്യ നേട്ടങ്ങൾ ഇല്ലാതാക്കാനാണ് ബൊൽസനാരോയുടെ ശ്രമമെന്നും ലുല പറഞ്ഞു.

ജനാധിപത്യത്തിന് വേണ്ടി പൊരുതുകയാണ് ഇപ്പോഴത്തെ തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച മുമ്പ് ജയിൽമോചിതനായ ലുല ആദ്യമായി ഒരു വിദേശ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഈ കാര്യങ്ങൾ പറഞ്ഞത്. തൊഴിലാളി വർഗ പാർട്ടി അധിാകരത്തിൽ തിരിച്ച് വരാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ അടുത്ത പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കുമോയെന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. 2022ൽ തനിക്ക് 77 വയസാകുമെന്നും കത്തോലിക്ക സഭയിലെ ബിഷപ്പുമാർ കഴിഞ്ഞ രണ്ടായിരം വർഷമായി 75 വയസിൽ വിരമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബൊൽസനാരോ രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ അയാൾ നശിപ്പിക്കില്ലെന്നും ആശിക്കാം. എന്നാൽ ഇക്കാര്യങ്ങളിൽ തനിക്ക് സംശയമുണ്ടെന്നു ലുല കൂട്ടിച്ചേർത്തു. നേരത്തെ അർദ്ധസൈനിക വിഭാഗം ഏറെ ദുർലഭമായിരുന്നു. ഇപ്പോൾ പ്രസിഡന്റിന് ചുറ്റും അർദ്ധ സൈനികരാണെന്നും ലുല ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട റിയോ ഡി ജനീറയിലെ കൗൺസിലംഗമായിരുന്ന വനിത മറിയല്ലെ ഫ്രാങ്കോയുടെ കൊലപാതകിയോടൊപ്പം ഇയാൾ നിൽക്കുന്ന നിരവധി ഫോട്ടോകളും പ്രചരിക്കുന്നുണ്ട്. ഇതൊരു ദേശീയ രാഷ്ട്രീയമല്ലെന്നും ബൊൽസാനാരോ തെറ്റായ വഴിയിലൂടെയാണ് നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു. അമേരിക്കയോടും ട്രംപിനോടുമുള്ള അയാളുടെ വിധേയത്വം തന്നെ അമ്പരപ്പിക്കുന്നുവെന്നും ലുല പറഞ്‍ു.