ഉച്ചഭക്ഷണം പ്ലസ്ടുവിലേക്കും

Web Desk
Posted on June 19, 2019, 10:44 pm

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: പന്ത്രണ്ടാം തരം വരെ ഒരുകുടക്കീഴില്‍ വരുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണവും മുഴുവന്‍ പേരിലേക്കും എത്തിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. സിപിഐയിലെ ഇ ടി ടൈസണ്‍ അവതരിപ്പിച്ച സബ്മിഷന് നല്‍കിയ മറുപടിയില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥാണ് ഇക്കാര്യം പരിഗണനയിലുണ്ടെന്ന് നിയമസഭയെ അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായും മന്ത്രി വ്യക്തമാക്കി. ഈ കമ്മിറ്റി പഠനം നടത്തി വരികയാണ്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഈ കാര്യം പരിഗണിക്കും. ഭക്ഷണം നല്‍കുന്നതിനുള്ള അരിക്ക് പുറമേ പാചക ചെലവിന്റെ 60 ശതമാനമാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പ്രീപ്രൈമറി മുതല്‍ എട്ടാംക്ലാസുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണം നല്‍കിവരുന്നുണ്ട്. ആഴ്ചയില്‍ രണ്ടു ദിവസം പാല്‍, ഒരു ദിവസം മുട്ട എന്നിവയും കുട്ടികള്‍ക്ക് നല്‍കിവരുന്നതായും മന്ത്രി പറഞ്ഞു.

നിലവില്‍ പ്രീപ്രൈമറി തലം മുതല്‍ എട്ടുവരെയാണ് സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കിവരുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം ഒന്നാം തരം മുതല്‍ എട്ടുവരെയായിരുന്നു ഇത്. ഇടതുസര്‍ക്കാരിന്റെ കാലത്താണ് 2011 മുതല്‍ പ്രീപ്രൈമറിക്കാര്‍ക്കും ഉച്ചഭക്ഷണം നല്‍കാന്‍ തുടങ്ങിയത്. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അറിവോടെ അതത് പിടിഎ കമ്മിറ്റികള്‍ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും ഉച്ചഭക്ഷണം നല്‍കുന്നു. പട്ടികജാതി/പട്ടികവര്‍ഗ മേഖലയിലെ സ്‌കൂളുകളിലും സമ്പൂര്‍ണ ഉച്ചഭക്ഷണ വിതരണം തുടരുന്നുണ്ട്.

പ്രീപ്രൈമറി തലം മുതല്‍ പ്ലസ്ടുവരെ ഒന്നാകുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ഭക്ഷണം ഉറപ്പാക്കേണ്ടിവരും. നേരത്തെ പ്രീപ്രൈമറിക്കാര്‍ക്ക് ഭക്ഷണം അനുവദിച്ചത് സമാനസന്ദര്‍ഭത്തിലായിരുന്നു. ട്രൈബല്‍ മേഖലപോലെ ഗ്രാമീണ, തീരദേശ മേഖലകളിലുള്ള പതിനായിരക്കണക്കിന് കുട്ടികളാണ് ഉച്ചഭക്ഷണത്തിന് പ്രയാസപ്പെടുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയാണെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ സഹായം കുറവാണ്. എന്നാല്‍ സംസ്ഥാന ധനകാര്യ, ഭക്ഷ്യവകുപ്പുകളുടെ സഹകരണമാണ് വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്.

സ്‌കൂള്‍ പിടിഎകളുടെ സഹായങ്ങളും തേടിയേക്കും. നിലവില്‍ ഉത്സവകാലങ്ങളില്‍ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നല്‍കുന്നതിന് പുറമെ, സ്‌കൂള്‍ പ്രീപ്രൈമറി മുതല്‍ എട്ടാം തരം വരെയുള്ള വിദ്യാര്‍ഥികള്‍ക്കും ആളോഹരി അഞ്ച് കിലോ വീതം അരി വിതരണം ചെയ്തുവരുന്നുണ്ട്. പരാതിക്കിടയില്ലാത്തവിധം ഈ സമ്പ്രദായം സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് ചേര്‍ക്കാമെന്ന നിര്‍ദ്ദേശങ്ങളും ഇതിനകം മുന്നോട്ടുവച്ചിട്ടുണ്ട്. പാചക തൊഴിലാളികളുടെ കൂലിയില്‍ മാറ്റം വരുത്തുന്നതാണ് പദ്ധതിയില്‍ മറ്റൊരു ബാധ്യത. നിയോഗിക്കപ്പെട്ട സമിതിയുടെ പഠനം പൂര്‍ത്തിയാവുന്നതോടെ ഇതില്‍ അനിവാര്യമായ നിര്‍ദ്ദേശങ്ങളുണ്ടാവും.