എം. അജയ്‌ലാല്‍

ചീഫ് ഫിസിയോതെറാപ്പിസ്റ്റ് എസ് യു ടി ഹോസ്പിറ്റല്‍, പട്ടം 9633305435

July 05, 2021, 7:56 pm

കോവിഡ് കാലത്തെ ശ്വാസകോശ വ്യായാമങ്ങള്‍

Janayugom Online

കോവിഡിന് മുമ്പും ശേഷവും സാധാരണയായി കണ്ടുവരുന്ന ശാരീരിക അസ്വസ്ഥതകളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ശ്വാസകോശ അണുബാധ അഥവാ ന്യൂമോണിയ. ഇന്ന് കോവിഡ് മൂലം മരണപ്പെടുന്ന ഒട്ടുമിക്ക രോഗികളുടെയും മരണകാരണം പള്‍മനറി കോംപ്ലിക്കേഷന്‍സ് തന്നെയാണ്. പല രോഗികളിലും ചെറിയ പനിയും ചുമയുമായി തുടങ്ങുന്ന രോഗം ക്രമേണ മൂര്‍ച്ഛിച്ച് ന്യുമോണിയയും മറ്റും ആയി മാറുകയാണ് പതിവ്. ഇത്തരം സാഹചര്യത്തില്‍ ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുവാന്‍ വേണ്ട ചില ലളിതമായ വ്യായാമങ്ങളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

1. Purse-lip Breathing

വളരെ ലളിതവും ഫലപ്രദവുമായ ഒരു വ്യായാമമാണ് ഇത്. രോഗിക്ക് തനിയെ ആയാസമില്ലാതെ ചെയ്യാവുന്നതാണ്. മൂക്കിലൂടെ ശ്വാസം വലിച്ചെടുത്ത ശേഷം ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് വായിലൂടെ ശ്വാസം പുറത്തേക്ക് ഊതിക്കളയുക. അകത്തേക്ക് എടുക്കുന്നതിന്റെ ഇരട്ടി ശ്വാസം പുറത്തേക്ക് ഊതി കളയാന്‍ ശ്രമിക്കണം. അതുവഴി ഓക്‌സിജന്റെ അളവ് കൂട്ടുകയും കാര്‍ബണ്‍ഡയോക്‌സയിഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യാന്‍ സഹായിക്കുന്നു.

2. Diaphra­mat­ic Breathing

ശ്വാസകോശ രോഗികള്‍ക്ക് വളരെ ഫലപ്രദമായ ഒരു വ്യായാമം ആണ് ഇത്. ഐ സി യു — ല്‍ ഒക്കെ കിടക്കുന്ന പ്രായമായ രോഗികള്‍ക്ക് പോലും അനായാസം ചെയ്യാവുന്ന ഒന്നാണിത്. ഇതില്‍ രോഗിയുടെ ഒരു കൈപ്പത്തി കോളര്‍ ബോണിന് തൊട്ട് താഴെ അഥവാ നെഞ്ചിന് മുകളിലായി വയ്ക്കുക. മറ്റേ കൈപ്പത്തി റിബ്‌കേജിന് തൊട്ട് താഴെയായി അഥവാ വയറിന് തൊട്ട് മുകളിലായി വെച്ചശേഷം ശ്വാസം മൂക്ക് വഴി വലിച്ചെടുക്കുകയും വായ് വഴി പുറത്തേക്ക് ഊതുകയും ചെയ്യുക. അകത്തേക്ക് 3 സെക്കന്‍ഡ് ശ്വാസം വലിച്ചെടുക്കുമ്പോള്‍ പുറത്തേക്ക് 6 — 7 സെക്കന്‍ഡ് ഊതി കളയുക.

3. Inter­costal Breathing

രോഗിയുടെ കൈപ്പത്തി രണ്ടും റിബ്‌കേജിന്റെ അവസാനഭാഗത്ത് രണ്ട് വശത്തായി വയ്ക്കുക. വിരളിന്റെ തുമ്പുകള്‍ രണ്ടും നെഞ്ചിന്റെ നടുക്ക് വരത്തക്കരീതിയില്‍ വച്ചശേഷം നേരത്തെ ചെയ്ത പോലെ തന്നെ ശ്വാസം അകത്തേക്ക് വലിച്ചെടുക്കുകയും പുറത്തേക്ക് ഊതി കളയുകയും ചെയ്യുക. വ്യായാമം ചെയ്യുന്ന സമയത്ത് രോഗിക്ക് വിരളിന്റെ തുമ്പുകള്‍ രണ്ട് വശത്തേക്കും അകലുന്നതും ശ്വാസകോശം വികസിക്കുകയും തിരികെ ചുരുങ്ങുന്നതും മനസ്സിലാക്കാന്‍ സാധിക്കുന്നു.

4. Breath — Hold Technique

ശ്വാസകോശത്തില്‍ അടിഞ്ഞ് കൂടുന്ന കഫത്തെ പുറംതള്ളാന്‍ സ്വയം ചെയ്യാവുന്ന ഫലപ്രദമായ ഒരു വ്യായാമമാണ് ഇത്. ഇവിടെ രോഗിയോട് 3 സെക്കന്‍ഡ് ശ്വാസം വലിച്ചെടുക്കുകയും 4 സെക്കന്‍ഡ് അത് ഹോള്‍ഡ് ചെയ്ത ശേഷം അകത്തേക്ക് എടുത്തതിന്റെ ഇരട്ടി സമയം അതായത് 6 — 7 സെക്കന്‍ഡ് പുറത്തേക്ക് ഊതേണ്ടതുമാണ്. പുറത്തേക്ക് ഊതിയശേഷം ശക്തമായി ഒന്ന് ചുമച്ച് കഫത്തെ പുറംതള്ളാന്‍ ശ്രമിക്കാവുന്നതാണ്.

5. Spirom­e­ter

ശ്വാസകോശ വ്യായാമത്തില്‍ വളരെ പ്രധാനമായി ഉപയോഗിക്കുന്ന ഒന്നാണ് സ്‌പൈറോമീറ്റര്‍. ഇതില്‍ സാധാരണയായി ഉപയോഗിച്ചുവരുന്നത് Trib­all excer­cis­er ഉം . Vol­ume based spirom­e­ter ഉം ആണ്. Trib­all exer­cise ല്‍ മൂന്ന് ബോളുകളും ഉയര്‍ത്തുമ്പോള്‍ 1200/cc വരെയും Vol­ume based ല്‍ ശ്വാസം അകത്തേക്ക് വലിക്കുമ്പോള്‍ 2500/cc വരെ പിസ്റ്റണ്‍ ഉയര്‍ത്താവുന്നതുമാണ്. ഉള്ളിലേക്ക് ശ്വാസം വലിക്കുമ്പോള്‍ പിസ്റ്റണ്‍ അല്ലെങ്കില്‍ ബോളുകള്‍ ഉയരുകയും ശ്വാസകോശം വികസിക്കുകയും ചെയ്യുന്നു. ഓരോ പ്രാവശ്യവും അകത്തേക്ക് വലിച്ച ശേഷം മൗത്ത് പീസ് മാറ്റി പുറത്തേക്ക് ശ്വാസം ഊതി കളയണം. ഒരാള്‍ ഉപയോഗിച്ച സ്‌പൈറോമീറ്റര്‍ മറ്റൊരു വ്യക്തി ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

6. Prone positioning

ശരീരത്തിലെ ഓക്‌സിജന്റെ അളവ് Spo2 lev­el കൂട്ടുവാന്‍ ഐസിയുകളില്‍ വെന്റിലേറ്റര്‍ രോഗികളില്‍ ഉള്‍പ്പെടെ ചെയ്തു വരുന്ന ഒരു ഫലപ്രദമായ വ്യായാമ രീതിയാണ് ഇത്. അസുഖങ്ങള്‍ ഉള്ളവര്‍, ശാസ്ത്രക്രിയകള്‍ക്ക് വിധേയരായ രോഗികള്‍ ഫിസിയോതെറാപ്പിസ്റ്റിന്റെയോ ഡോക്ടറുടെയോ നിര്‍ദ്ദേശപ്രകാരം മാത്രം ഈ വ്യായാമം ചെയ്യാന്‍ പാടുള്ളൂ.
കിടക്ക ഫ്‌ലാറ്റാക്കിയ ശേഷം രോഗിയെ കമിഴ്ത്തിക്കിടത്തി നെഞ്ചിന് അടിയിലായി തലയണ വെച്ച് 20 — 30 മിനിറ്റ് കിടത്തുക. അതിനുശേഷം 15 മിനിറ്റ് രോഗിയെ ഇടതുവശത്തേക്ക് ചരിച്ച് കിടത്തുക തുടര്‍ന്ന് 15 മിനിറ്റ് വലതുവശത്തേക്കും ശേഷം കുറച്ചു നേരം നിവര്‍ന്നു കിടക്കുകയും ചെയ്യണം. ഇത് പല പ്രാവശ്യം ഇതേ രീതിയില്‍ തുടരുക.

7. Glass and straw exercise

ഒരു ഗ്ലാസില്‍ പകുതിയോളം വെള്ളം നിറച്ചശേഷം രോഗിയോട് ഒരു സ്‌ട്രോ ഉപയോഗിച്ച് ചുണ്ടുകള്‍ കൂട്ടിപ്പിടിച്ച് ഗ്ലാസിലെ വെള്ളത്തിലേക്ക് ശക്തമായി ഊതി കുമിളകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക. ഇങ്ങനെ പലപ്രാവശ്യം ഈ വ്യായാമം ആവര്‍ത്തിക്കുക.

8. Bal­loon exercises

പ്രായംചെന്ന രോഗികള്‍ക്ക് വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒന്നാണിത്. രോഗിയോട് ശ്വാസം മൂക്ക് വഴി വലിച്ചെടുത്ത ശേഷം ഒരു സാമാന്യം വലിയ ബലൂണ്‍ എടുത്ത് അതിലേക്ക് ഊതി വീര്‍പ്പിക്കാന്‍ പറയുക. ഇത് വളരെ ലളിതമായി തോന്നുമെങ്കിലും വളരെ ഫലപ്രദമായ ഒരു വ്യായാമ രീതിയാണ്.

മേല്‍പ്പറഞ്ഞ ലളിതമായ വ്യായാമങ്ങള്‍ ചെയ്യുക വഴി കോവിഡിന് ശേഷവും മുന്‍പുമുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ വളരെ ഫലപ്രദമായി തടയുവാന്‍ നമുക്ക് സാധിക്കും.

ENGLISH SUMMARY:Lung exer­cis­es dur­ing the Covid period
You may also like this video