നുണപരിശോധനാ ഫലം: അസ്താനയ്ക്ക് കുരുക്കായി

Web Desk
Posted on November 08, 2019, 9:51 pm

ന്യൂഡൽഹി: സിബിഐ സ്പെഷൽ ഡയറക്ടറായിരിക്കെ രാകേഷ് അസ്താനയ്ക്കെതിരെ ഉയർന്ന കൈക്കൂലി കേസിൽ ബിസിനസ്സുകാരൻ സതീഷ് ബാബു സനായുടെ പോളിഗ്രാഫ് (നുണപരിശോധനാ ഫലം) മൊഴി സാധൂകരിക്കുന്നതെന്ന് റിപ്പോർട്ട്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മോയിൻ ഖുറേഷി എന്ന മാംസ കയറ്റുമതിക്കാരനെതിരെയുള്ള കേസിൽ പേര് പരാമർശിക്കാതിരിക്കാൻ രണ്ടുകോടി രൂപ അസ്താന വാങ്ങിയെന്നാണ് സതീഷ് സനായുടെ മൊഴി. ദുബായ് ആസ്ഥാനമായുള്ള മനോജ് പ്രസാദ് എന്നയാൾ മുഖേനെയാണ് പണം കൈമാറിയതെന്നാണ് സനാ നൽകിയ മൊഴി.

ഇത് ശരിയാണോ എന്ന് ഉറപ്പാക്കാനാണ് പോളിഗ്രാഫ് പരിശോധന നടത്തിയത്. ഈ പരിശോധനയിലും സനാ പറഞ്ഞത് ശരിയാണെന്നാണ് സെൻട്രൽ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട് നൽകിയതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഡിസംബർ എട്ടിനകം ഈ കേസിൽ സിബിഐ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദേശമുണ്ട്. മാർച്ച് 12,13 തീയതികളിലാണ് നുണപരിശോധന നടത്തിയത്. സനായെ കൂടാതെ കേസിൽ ഉൾപ്പെട്ട മറ്റ് മൂന്നു പേരേയും ഒരു സാക്ഷിയേയും നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം ഏപ്രിലിൽ തന്നെ കൈമാറിയിരുന്നുവെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. സനയുടേയും കേസിലെ സാക്ഷി പുനീത് കർബൻഡയും മൊഴികൾ ശരിവയ്ക്കുന്നതാണ് പരിശോധനയിലും കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. കേസിലെ പ്രതി മനോജ് പ്രസാദ് പരിശോധനയ്ക്ക് വിധേയമാകാൻ വിസമ്മതിച്ചിരുന്നു.

സതീഷ് സനാ എന്നയാളിൽ നിന്ന് 10 മാസ ഗഡുക്കളായാണ് അസ്താന പണം കൈപ്പറ്റിയതെന്നായിരുന്നു എഫ്ഐആർ. അസ്താനയ്ക്കെതിരെ കേസെടുത്തതിന് പിന്നാലെ അന്നത്തെ സിബിഐ മേധാവി അലോക് വർമ്മയ്ക്കെതിരെ അദ്ദേഹം അഴിമതി ആരോപണം ഉന്നയിച്ചു. മോയിൻ ഖുറേഷി കേസിൽ പണം വാങ്ങിയത് താനല്ലെന്നും പകരം രണ്ടുകോടിരൂപ കൈക്കൂലി വാങ്ങിയത് സിബിഐ മേധാവി തന്നെയാണെന്നുമായിരുന്നു അസ്താനയുടെ ആരോപണം. സിബിഐ ഡയറക്ടറായിരുന്ന അലോക് വർമ്മ തനിക്കെതിരെ പ്രതികാര നടപടിയെന്നോണം രജിസ്റ്റർ ചെയ്തതാണ് ഈ കേസ് എന്നായിരുന്നു അസ്താനയുടെ വാദം. അലോക് വർമ്മയും അസ്താനയും തമ്മിലുള്ള പോര് രൂക്ഷമായതോടെ അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കിയത്. തൊട്ടുപിന്നാലെ അദ്ദേഹം സർവീസിൽനിന്ന് രാജിവയ്ക്കുകയും ചെയ്തു. അസ്താനയേയും ഇതോടൊപ്പം സിബിഐയിൽ നിന്ന് മാറ്റി.