കവിതയിലേക്ക് കടപുഴകി വീണൊരാള്‍

Web Desk
Posted on August 11, 2019, 7:04 am

മിനി വിനീത്

കവിതയിലേക്ക് കടപുഴകി വീണൊരാള്‍.… എം ബഷീറിനു യോജിക്കുന്ന വിശേഷണം അതു മാത്രമാണ്. കവിയെക്കുറിച്ചുള്ള ചിരപുരാതന സങ്കല്പങ്ങളെല്ലാം അപ്രസക്തമായി മാറുന്നു ഈ മനുഷ്യനു മുന്‍പില്‍. സമൂഹമാധ്യമങ്ങളില്‍ ഇന്ന് ഏറ്റവുമധികം വായിക്കപ്പെടുന്ന കവി എന്നതുകൊണ്ടു മാത്രമല്ല ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. ഒറ്റപ്പെടലിന്റെയും പങ്കുവയ്ക്കപ്പെടലിന്റെയും വരികളെ കാറ്റിന്റെ ചിറകുള്ള വാക്കുകള്‍ കൊണ്ട് വരച്ചിട്ടയാള്‍ എന്നതുകൊണ്ടും കൂടിയാണ്. താനെഴുതുന്നതൊന്നും കവിതയല്ല, ‘ഒരന്യ നഗരജീവിയുടെ സഞ്ചാരക്കുറിപ്പുകള്‍’ മാത്രം എന്ന് വിനയപ്പെടുന്നൊരാള്‍. വസന്തകാലത്തെ ഗര്‍ഭം ധരിച്ച ഒരു വേനലിനെ ചുമലിലേറ്റിയ ആ കവി തന്റെ കവിതകളെക്കുറിച്ച് അല്ല, വേനലിന്റെ വേദപുസ്തകത്തെക്കുറിച്ച് പറഞ്ഞു തുടങ്ങി.…..

എത്ര മഴയത്ത് നിര്‍ത്തിയാലും കെടാത്ത കവിതകള്‍

എഴുപതുകളിലായിരുന്നു എന്റെ ബാല്യം. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എന്ന സ്ഥലത്ത് ജനനം. മധ്യവര്‍ഗ കുടുംബങ്ങളിലെ ദാരിദ്ര്യവും അരക്ഷിതാവസ്ഥയും വല്ലാതെ പൊള്ളിച്ചിരുന്ന കുട്ടിക്കാലം. ഉപ്പയുടെ ജോലിയുടെ ഭാഗമായി പലയിടങ്ങളിലായുള്ള വിദ്യാഭ്യാസം. പീടികയുടെ പിറകുവശത്തെ ഒറ്റമുറിയിലേക്ക് കടന്നു വരുന്ന മഴയെക്കാണാന്‍ പീടികത്തിണ്ണയിലേക്കിറങ്ങിച്ചെല്ലുന്നതാണ് കുട്ടിക്കാലത്തെക്കുറിച്ചുള്ള ഒരോര്‍മ്മ. അത്തരം കാഴ്ചകളും നിരീക്ഷണങ്ങളുമൊക്കെ എന്നെ പുസ്തകങ്ങളിലേക്ക് നയിച്ചു. ‘ബാല്യകാലസഖി‘യായിരുന്നു ആദ്യമായി വായിച്ച കൃതി. ആഴത്തിലെവിടെയോ പതിഞ്ഞ അടയാളമായി ആ വായന ഇന്നും എന്റെയുള്ളില്‍ അവശേഷിക്കുന്നു. വായനയുടെ പിന്‍ബലത്തിലാവാം 85–86 കാലഘട്ടത്തില്‍ ഞാന്‍ ഒരു കഥയെഴുതി മാതൃഭൂമിക്കയച്ചുകൊടുത്തു. അതാണ് വെളിച്ചം കണ്ട ആദ്യ രചന. പിന്നീട് നിരന്തരമായി കഥകളെഴുതി. ചിലതൊക്കെ അച്ചടിക്കപ്പെട്ടു. വിദേശത്തേക്ക് പോകും വരെ കഥയെഴുത്ത് തുടര്‍ന്നു.

തിരിച്ചു പോകാന്‍ വഴികളില്ലാത്ത ഒരു കൊടുംകാട് സമ്മാനിച്ച പ്രവാസം

കഥകളിലൂടെ എഴുത്തിന്റെ ലോകത്ത് സജീവമായിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് ഞാന്‍ പ്രവാസത്തിലേക്ക് പോകുന്നത്. മിക്കവാറും എല്ലാ ആനുകാലികങ്ങളിലും കഥകള്‍ വന്നുകൊണ്ടിരുന്ന ആ സമയത്ത് എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു ജീവിതത്തിലേക്ക് മാറേണ്ടി വന്നത് എന്റെ എഴുത്തിനെ സാരമായി ബാധിച്ചു. എഴുത്തും, വായനയുമില്ലാതെ മറ്റാരോ ആയി ജീവിതം മുന്നോട്ടു പോയി.വിവാഹം കഴിഞ്ഞ് അധികനാളുകളായിരുന്നില്ല. കുടുംബവുമായി ബന്ധപ്പെടാനുള്ള അസൗകര്യങ്ങള്‍ കരള്‍ നിറയെ ഇരമ്പുന്ന കടലും നിദ്ര നിറയെ വിരഹത്തിന്റെ തരിശും സമ്മാനിച്ചു.ഞാനവിടെ ചെയ്യാത്ത ഒരു ജോലിയുമില്ല. പിന്നീട് തിരികെ നാട്ടിലെത്തിയപ്പോള്‍ ഞാന്‍ ഈ നാടിന്റെ മണ്ണിനും കാറ്റിനും മഴയ്ക്കും ഒക്കെ അപരിചിതനായതായി തോന്നി. ഏകദേശം പതിനഞ്ചു വര്‍ഷത്തോളം പുസ്തകങ്ങളും എഴുത്തുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവിടെ ഒരു സാംസ്‌കാരിക സംഘടനയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതു മുതലാണ് അക്ഷരങ്ങളുടെ ലോകത്തേക്ക് തിരിച്ചെത്തിയത്. ഇന്ന് ചിന്തിക്കുമ്പോള്‍, 25 വര്‍ഷത്തെ പ്രവാസം എന്റെ സ്വപ്‌നങ്ങളെ ചവച്ചു തുപ്പിയെങ്കിലും ഞാന്‍ ആ ഓര്‍മ്മകളെ ഒരിക്കലും വെറുക്കുന്നില്ല.

ഓര്‍മ്മകള്‍ ഖനനം ചെയ്‌തെടുത്താല്‍ കവിതയുടെ പുരാതന മുദ്ര പോലെ തെളിയുന്ന പേരാണ് ജോണ്‍ എബ്രഹാം

ജോണ്‍ എബ്രഹാം എന്ന മനുഷ്യനെ ഒരിക്കലെപ്പോഴോ കണ്ടിട്ടുണ്ടെന്നല്ലാതെ വ്യക്തിപരമായ യാതൊരു അടുപ്പവും ഇല്ലായിരുന്നു. പക്ഷേ അദ്ദേഹത്തോട് വല്ലാത്ത ഒരിഷ്ടവും അടുപ്പവുമൊക്കെ മനസ്സില്‍ സൂക്ഷിച്ചിരുന്നു. ഞാന്‍ പ്രീഡിഗ്രിക്കു പഠിക്കുന്ന സമയത്താണ് ജോണ്‍ മരിച്ചത്. ഏറ്റവും അടുപ്പമുള്ള ഒരാള്‍ മരിച്ചതു പോലെ ഞാന്‍ സങ്കടപ്പെട്ടു. ഒരാഴ്ചയോളം നീണ്ടു നിന്ന അതികഠിനമായ ദു:ഖത്തിന്റെ അവസാനം ജോണിനെക്കുറിച്ചൊരു കവിത എഴുതി. ഞാന്‍ ആദ്യമായി എഴുതിയ കവിത അതായിരുന്നു.കവി സച്ചിദാനന്ദന്‍ മാഷിന് ആ കവിത വായിക്കാന്‍ കൊടുക്കുകയും അദ്ദേഹം ചില തിരുത്തലുകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നഷ്ടപ്പെട്ടു പോയ ആ കവിതയും ജോണും ഇന്നും മറക്കാത്ത നൊമ്പരങ്ങളാണ്.

അവനവനില്‍ നിന്ന് പുറത്തേക്കുള്ള വാതില്‍ തഴുതിട്ടിരിക്കുന്ന ലോകം

കഥയിലൂടെ എഴുത്തിലേക്ക് വന്ന എന്റെ എഴുത്തിന്റെ ദിശ തിരിച്ചുവിട്ടത് ഫേസ് ബുക്കാണ്. എഴുതാന്‍ നല്ലൊരു മീഡിയ തുറന്നു കിട്ടിയെങ്കിലും അവിടെ കഥയ്ക്ക് അത്ര സ്വീകാര്യതയില്ല എന്നൊരു തോന്നല്‍ ഉണ്ടായി. എഴുതുക എന്ന ആഗ്രഹം നില നിര്‍ത്തുന്നതിനു വേണ്ടി ഞാന്‍ കവിതയിലേക്ക് ഒരു ചുവടുമാറ്റം നടത്തി. അതിന് വലിയ സ്വീകാര്യത ലഭിച്ചു. ശരിക്കും സോഷ്യല്‍ മീഡിയയിലെ വായനക്കാരാണ് എന്നെ നിലനിര്‍ത്തുന്നത്. ഇവിടം എനിക്കൊരു അതിജീവനമാണ് ഇങ്ങനെ ഒരു ഇടം കിട്ടിയില്ലായിരുന്നെങ്കില്‍ അക്ഷരങ്ങളുടെ ലോകത്ത് ഞാനുണ്ടാകുമായിരുന്നില്ല.

ഒരു പക്ഷിയോടും അതിന്റെ തൂവലിനെക്കുറിച്ച് ചോദിക്കരുത് ആകാശത്തോട് നക്ഷത്രങ്ങളെക്കുറിച്ചും

എന്റെ കവിതയെക്കുറിച്ച് എങ്ങനെയാണ് പറയേണ്ടത് എന്നെനിക്കറിയില്ല. ആദ്യമായി കവിതയിലേക്ക് വരുമ്പോള്‍ കവിതാ രചനയെക്കുറിച്ചോ അതിന്റെ ഘടനയെക്കുറിച്ചോ യാതൊരു ധാരണയുമില്ലായിരുന്നു പലരുടെയും കവിതകളിലൂടെ കടന്നുപോയപ്പോള്‍ കവിതയുടെ ഏകദേശ രൂപം മനസ്സിലായി. ഉള്ളിലുള്ളതിനെ ലളിതമായി പകര്‍ത്താന്‍ ശ്രമിച്ചു. അങ്ങനെ ഞാനും കവിയായി. ദൗര്‍ബല്യങ്ങള്‍ ചൂണ്ടിക്കാട്ടിയും അഭിനന്ദിച്ചും ഒക്കെ വായനക്കാര്‍ എന്റെ എഴുത്തിനെ വലിയ തോതില്‍ സ്വാധീനിച്ചു. എന്നിലെ കവിയെ ഉരച്ചു മിനുക്കിയെടുക്കുന്ന ഉരകല്ലാണ് എന്റെ വായനക്കാര്‍. ഭാഷാസ്വാധീനം കുറവാണോ കൂടുതല്‍ ലളിതമായിപ്പോയോ തുടങ്ങിയ സന്ദേഹങ്ങള്‍ എനിക്കുണ്ടാകാറുണ്ട്. ചില വായനകള്‍ പുതിയ കവിതകളിലേക്ക് എന്നെ നയിക്കുന്നുമുണ്ട്. എഴുതിയതൊക്കെ പിന്നീട് വായിക്കുമ്പോള്‍ ഇത് ഞാന്‍ തന്നെ എഴുതിയതാണോ എന്ന് അത്ഭുതപ്പെടും. ഏതോ ഒരു നിമിഷത്തില്‍ മറ്റാരോ എന്റെയുള്ളില്‍ വന്നിരുന്ന് എഴുതുന്നതാവാം, ഒരു പരകായപ്രവേശം നടക്കുന്നതുപോലെ.

എന്നിലുള്ളത്ര നീ നിന്നില്‍ പോലുമില്ല

പ്രണയാതുരമായ ഒരു കാല്പനിക ലോകത്ത് ജീവിക്കാനിഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അതു കൊണ്ടാവാം എന്റെ കവിതകള്‍ പ്രണയാതുരമാണെന്ന് വായനക്കാര്‍ പറയുന്നത്. ജീവിതവും ആഹഌദവും ഭ്രാന്തും വേദനയും വിഷാദവും എല്ലാമാണ് പ്രണയം. ഞാന്‍ എന്നെ മറ്റൊരാളില്‍ കണ്ടെത്തുന്നതാണ് പ്രണയം. ഭൗതികതയുടെ കേവലതകള്‍ക്കതീതമാണത്. വിട്ടുകൊടുക്കലിന്റെയും നഷ്ടപ്പെടലിന്റെയും ഉന്മാദമാണത്. നഷ്ടപ്പെടുമെന്ന് തോന്നുമ്പോള്‍ നേടിയെടുക്കാന്‍ ശ്രമിക്കാതെ, നഷ്ടപ്പെടാന്‍ അതിനെ അനുവദിക്കുക. നഷ്ടപ്പെടുക എന്നത് ശാശ്വത സത്യമാണ്. അതുകൊണ്ടു കൂടിയാണ് പ്രണയം അനശ്വര സത്യമാണെന്ന് പറയുന്നത്. നഷ്ടപ്പെടലിനെക്കുറിച്ചുള്ള തീവ്രമായ ചിന്തയുടെ ഒടുക്കം നഷ്ടപ്പെട്ട വസ്തുവായി നമുക്ക് പരിണാമം സംഭവിക്കുന്നു. അങ്ങനെ എന്നിലുള്ള അത്രയും നീ നിന്നില്‍ പോലുമില്ലാതാകുന്നു.

ജാലകത്തിന് പുറത്ത് യുദ്ധം നടക്കുമ്പോള്‍

കവികള്‍ സ്വന്തം മുറിയില്‍ സുരക്ഷിതരായിരിക്കും.
സാമൂഹിക ദുരന്തങ്ങള്‍ക്കെതിരെ എഴുത്തുകാര്‍ മൗനം പാലിക്കുന്ന ഒരു പ്രവണത ചിലപ്പോഴൊക്കെ കാണാറുണ്ട്. ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ മാത്രം പ്രതികരിക്കുന്നവരുമുണ്ട്. എഴുത്തുകാരുടെ ഭാഗത്ത് നിന്നും ഒരു നിരന്തര സാമൂഹിക പ്രതിബദ്ധത ഉണ്ടാവണം. ഏതെങ്കിലും സംഭവത്തോടുള്ള പ്രതികരണത്തിന്റെ ഭാഗമായി എഴുതപ്പെട്ട രചന, സ്വന്തം നിലനില്‍പ്പ് പരുങ്ങലിലാണെന്ന് കാണുമ്പോള്‍ പിന്‍വലിക്കുന്ന എഴുത്തുകാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു. കൃത്യമായ രാഷ്ട്രീയ ബോധവും സാമൂഹികബോധവും പുലര്‍ത്തുന്നു എന്നു ഭാവിക്കുമ്പോഴും ലാഭനഷ്ടങ്ങളുടെ കണക്കെടുത്തു കൊണ്ടുള്ള പ്രതികരണവും, യാതൊരു മടിയുമില്ലാതെയുള്ള നിലപാടു മാറ്റവുമെല്ലാം ഇന്ന് സാധാരണമാണ്. പുസ്തകങ്ങള്‍ ഇറക്കിയും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചും മുഖ്യധാരയില്‍ തിളങ്ങി നില്‍ക്കണം എന്ന് മാത്രം ആഗ്രഹിക്കുന്നവരാണ് അധികം പേരും അങ്ങനെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. എം ബഷീര്‍ പറഞ്ഞു നിറുത്തി.

മുപ്പത്തി രണ്ടു വര്‍ഷമായി എഴുതുന്നെങ്കിലും ഇതുവരെ ഒരു പുസ്തകവും എം ബഷീര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. ‘ഓരോ കവിത എഴുതിക്കഴിയുമ്പോഴേക്കും ആത്മഹത്യ ചെയ്യുന്ന കവികള്‍ താമസിക്കുന്ന ഒരു മുറിയാണ് ഞാന്‍’ എം ബഷീര്‍ സ്വയം വിശേഷിപ്പിക്കുന്നതിങ്ങനെ. താന്‍ കവിയാണോ എന്ന് എപ്പോഴും സന്ദേഹിക്കുന്ന, കവിതയിലെ ഈ ഒറ്റയാള്‍പ്പക്ഷി കവിതയോട് യാചിക്കുന്നതും ഇത്രമാത്രം;
”മൗനമാണ് എന്റെ ആകാശം,
നീ വാക്കിന്റെ പക്ഷിയാവുക.….”

എം ബഷീറിന്‍റെ കവിതകള്‍— 

 

ഹൃദയത്തിലേക്ക് തുറന്നിടുന്നത്

എം ബഷീര്‍

ആകാശം
അത്ര അകലെയൊന്നുമല്ല
തനിച്ചിരിക്കുന്നവരുടെ
ഹൃദയത്തോളം
അടുത്താണത്

അവര്‍
കാത്തിരിപ്പിന്റെ
മരുഭൂമിയിലിരുന്ന്
ഓരോ നക്ഷത്രങ്ങളെയും
എണ്ണിത്തീര്‍ക്കുന്നത്
അത് കൊണ്ടാണ്

കടലിന്
അത്ര ആഴമൊന്നുമില്ല
പ്രണയിക്കുന്നവരുടെ
കണ്ണുകളോളം
ചെറുതാണത്

ഹൃദയത്തിന്റെ
ആഴങ്ങളില്‍ നിന്ന്
വിരല്‍ത്തുമ്പാല്‍
ഓരോ സ്വപ്‌നത്തിലേക്കും
അവര്‍
മഴവില്ലിന്റെ നിറങ്ങള്‍ പകരുന്നത്
അതുകൊണ്ടാണ്

കാടുകള്‍
അത്ര വലുതൊന്നുമല്ല
ഒരൊറ്റ
ചുംബനം കൊണ്ട്
ഉടലിനെയാകെ
അവര്‍
തീരാത്ത വസന്തമാക്കുന്നത്
ഓരോ സെക്കന്റിലും
ഓരോ ഋതുക്കളുടെ
ജാലകമാകുന്നത്
അതുകൊണ്ടാണ്

രാവുകള്‍
അത്ര സുന്ദരമായ
കവിതകളൊന്നുമല്ല
ഓര്‍മ്മകളിലേക്ക്
അവര്‍
നിലാവിന്റെ ദലങ്ങളാല്‍
വിരഹമഷിയിലെഴുതുന്ന
വാക്കുകള്‍
നക്ഷത്രങ്ങള്‍
വായിച്ചുകൊണ്ടേയിരിക്കുന്നത്
അതുകൊണ്ടാണ.്

മുറിവുകളില്‍ അവര്‍
സൂര്യവെളിച്ചം പുരട്ടുന്നത്
ഏകാന്തതകളില്‍ അവര്‍
മേഘങ്ങളെ പുതയ്ക്കുന്നത്
സങ്കടങ്ങളെ അവര്‍
മഴകൊണ്ട് നനയ്ക്കുന്നത്
ഓര്‍മ്മകളെ അവര്‍
മഞ്ഞു കൊണ്ട് തുടയ്ക്കുന്നത്
ഒക്കെ
അതുകൊണ്ടാണ്.…

ഒറ്റമരം മാത്രമുള്ളൊരു കാട്‌

എം ബഷീര്‍

ഈയിടെയായി
എപ്പോള്‍ നോക്കിയാലും
ഒരു കാട് മതിലിന് പുറത്ത് വന്ന്
കാത്തു നില്‍ക്കുന്നത് കാണാം

ഒരു കൂറ്റന്‍ കൊമ്പനാന
ദേഹം മുഴുവന്‍ ചുവന്ന പൊടിമണ്ണ് വാരിയിട്ട്
തലകുലുക്കി നില്‍ക്കുംപോലെ
അതിന്റെ ചെവികള്‍
പുരാതനമായ അരയാലുകള്‍ കൊണ്ട്
പൊതിഞ്ഞിട്ടുണ്ട്
വേരുകളുടെ സമുദ്രത്തില്‍
മുറിവേറ്റ ബുദ്ധന്മാര്‍ ധ്യാനത്തിലിരിപ്പുണ്ട്
അതിന്റെ ശിരസ്സില്‍
വംശനാശം വന്ന ജീവികളുടെ
പപ്പും പൂടയും തലയോട്ടിയും-
അസ്ഥിക്കഷണങ്ങളും ഉണക്കാനിട്ടിട്ടുണ്ട്.

ഈയിടെയായി
എന്തെഴുതുമ്പോഴും ഒരു കാട്
കടലാസിലേക്ക് ഒലിച്ചിറങ്ങുന്നത് കാണാം
തുഴമറന്ന ഒരു കൂറ്റന്‍ തിമിംഗലം
ചീര്‍ത്തുപൊട്ടി കരയ്ക്കടിഞ്ഞ പോലെ
അതിന്റെ പശിമയുള്ള തൊലിയില്‍
നാം കണ്ടിട്ടില്ലാത്ത
ആദിമജീവികളുടെ കാലടികള്‍
തിണര്‍ത്തു കിടക്കുന്നത് കാണാം
അതിന്റെ അസ്ഥികളില്‍
അതിരുകളെ മറന്നു പ്രണയിച്ചതിന്
വേടന്റെ ക്രോധാഗ്‌നിയില്‍ വെന്ത
രണ്ടിണപ്പക്ഷികളുടെ കണ്ണീരും ചോരയും
കലര്‍ത്തിയെഴുതിയ കവിത കാണാം.

ഈയിടെയായി
എങ്ങോട്ടുപോകുമ്പോഴും പിന്നിലൊരു കാട്
വേരുകളുടെ കൊടുങ്കാറ്റിനെയും വലിച്ചിഴച്ച്
ചങ്ങലപൊട്ടിച്ച് ഓടിവരുന്നത് കാണാം
അതിന്റെ ഉണങ്ങിയ ചുണ്ടുകളില്‍
നഗരങ്ങളിലേക്ക് ആട്ടിപ്പായിച്ച
ഹരിതജീവികളുടെ ആദിമ പിതൃക്കള്‍
കലര്‍പ്പില്ലാത്ത കരളിനാല്‍ എഴുതിവെച്ച
വിശുദ്ധ ലിപികളുടെ നൃത്തം കാണാം
അതിന്റെ വിരല്‍ത്തുമ്പുകളില്‍
വിഷം പുരളാത്ത വസന്തവള്ളികളാല്‍
കൊത്തിവെച്ച നഗ്‌നശില്പങ്ങള്‍ കാണാം
അതിന്റെ ചിതലുകേറിയ ഉടലില്‍
ആയുസ്സെത്താതെ മരിച്ചുപോയ-
ഋതുക്കളെ അടക്കം ചെയ്ത
ചാരനിറമുള്ള ശ്മശാനം കാണാം

ഈയിടെയായി
കാണുന്ന സ്വപ്‌നങ്ങളിലേക്കെല്ലാം
ഒരുകാട് ആകാശത്തിന്റെ വലുപ്പമുള്ള
ഒറ്റശലഭമായി പറന്നിറങ്ങുന്നത് കാണാം
അതിന്റെ ചിറകുകളില്‍
കെണിയില്‍പെട്ടുപോയ
ക്രൗഞ്ചമിഥുനങ്ങളുടെ ചോരത്തൂവലുകള്‍
മഴയായി പെയ്യുന്നത് കാണാം
അതിന്റെ കണ്ണുകളില്‍
അര്‍ബുദം ബാധിച്ച് ജന്മം നിഷേധിക്കപ്പെട്ട-
വിത്തുകളുടെ ഭ്രൂണാവശിഷ്ടങ്ങള്‍
പൊട്ടിയൊലിച്ച് തളം കെട്ടിക്കിടക്കുന്നത് കാണാം.

ഈയിടെയായി
വീട് ഒരുകാടായി മാറുന്നതുപോലെ തോന്നും
മുറ്റം നിറയെ വേരുകള്‍ പ്രാചീനസ്മൃതികളുടെ
സര്‍പ്പക്കുഞ്ഞുങ്ങളെപ്പോലെ
ഇഴയുന്നത് കാണാം
കോലായില്‍ വൃദ്ധതാപസനെപ്പോലൊരു
ആല്‍മരം
താടിയുഴിഞ്ഞ് പിറുപിറുക്കുന്നപോലെ
സ്വീകരണമുറിയുടെ ഏകാന്തതയില്‍
കരിഞ്ഞൊരു ഗുല്‍മോഹര്‍
കിടപ്പുമുറിയിലെ മൗനത്തില്‍ നിറയെ
കള്ളിമുള്ളുകള്‍
അടുക്കളയില്‍ കൂറ്റനൊരു കാഞ്ഞിരം.

ഈയിടെയായി
ഒറ്റമരം മാത്രമുള്ളൊരു കാട്
എന്നിലേക്ക് തീപിടിച്ചു വീഴുന്നപോലെ
നെഞ്ചിലൊരു തൊട്ടാവാടിക്കൂട്ടം
കണ്ണുകളിലൊരു പൂക്കാത്ത ചെമ്പകം
വിരല്‍ത്തുമ്പിലൊരു മുല്ലവള്ളിപ്പടര്‍പ്പ്
ശിരസ്സില്‍ കാരമുള്ളിന്റെ കിരീടം
ഉടലിന്റെ താഴ്‌വാരത്തില്‍
മുറിവുകളുടെ നീലക്കുറിഞ്ഞികള്‍.…..

 

പ്രണയംവന്ന വഴികള്‍

എം ബഷീര്‍

കുറേക്കാലം
കൂടെയിരുന്നിട്ട്
പിരിയുന്ന അന്ന്
അവള്‍ അയാളോടു പറഞ്ഞു
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു
എന്നിട്ടിതുവരെ
നീ എന്തേ പറഞ്ഞില്ല എന്നയാള്‍
ചോദിച്ചില്ല

ഒരിക്കല്‍
ഒന്നിച്ച് നടക്കുമ്പോള്‍
അവളുടെ ചുമലില്‍ വന്നിരുന്ന
ശലഭം
തന്നെത്തന്നെ നോക്കിയിരുന്നത്
അയാള്‍ ഓര്‍ത്തു
അത് തന്നോടെന്തോ പറയാന്‍
ചുണ്ടു ചലിപ്പിക്കുന്നതായി
അന്ന് തോന്നിയിരുന്നു

മഴയത്ത് ഒരു സന്ധ്യക്ക്
കുടയില്ലാതെ നനഞ്ഞ്
നഗരം തുന്നിയ ചിലന്തിവലയില്‍
കെട്ടുപിണഞ്ഞുകിടക്കവേ
നിരത്തില്‍ തളംകെട്ടിയ ജലത്തില്‍
വീണുകിടന്ന നക്ഷത്രക്കണ്ണില്‍
എന്തോ വായിച്ചിരുന്നത്
പെട്ടെന്ന് അയാള്‍ ഓര്‍ത്തു

പിന്നൊരിക്കല്‍
മൗനത്തിന്റെ പ്രഭാതവസ്ത്രം പുതച്ച്
മഞ്ഞിന്റെ തിരശീലകള്‍
മാറ്റി മാറ്റി അവളോടൊപ്പം നടക്കവേ
മറവിയുടെ മരക്കൊമ്പില്‍ നിന്ന്
ഒരു വാടിയപൂവ്
ഇതളിലെന്തോ എഴുതി
കാറ്റിലിട്ടത് അയാള്‍ക്കോര്‍മ്മ വന്നു

കടലോരത്തെ നിരത്തില്‍
ഉപ്പുകാറ്റിന്റെ താളുകളില്‍
എന്തോ വായിച്ചിരിക്കവേ
കരകയറി വന്നൊരു തിര
കാല്‍വിരലുകളില്‍
നുരകള്‍ കൊണ്ട് വരച്ച
ചിത്രപ്പണികളില്‍ നിന്ന്
ചിറകടിച്ചുയര്‍ന്നൊരു പക്ഷി
പാടിയ പാട്ടിലെയൊരു വരി
അയാള്‍ പെട്ടെന്നോര്‍ത്തുപോയി

അവള്‍ പോയിക്കഴിഞ്ഞ്
പിന്നെയും അയാള്‍ ആ ഓര്‍മ്മകളിലൂടെ
ഒന്നൂടെ ഒഴുകി നോക്കി
ശലഭവും നക്ഷത്രവും പൂവും
തിരയും പക്ഷിയും
പറയാതെ പറഞ്ഞതെന്തായിരുന്നു.……

പുഴ

എം ബഷീര്‍

കുട്ടിക്കാലത്ത്
കൂടെപ്പഠിച്ചിരുന്നു
ഒരു പുഴ.
പിന്നീടെപ്പോഴോ
ഒരു വേനലിലേക്കിറങ്ങി
വറ്റിപ്പോയതാണ്.

സ്വന്തമായി
വീടും കുടുംബവും
ഉണ്ടായ കാലത്ത്
അടുക്കള മാലിന്യം
ചാക്കിലാക്കി
തള്ളാന്‍ പോയപ്പോഴാണ്
പിന്നെ കാണുന്നത്

വല്ലാതെ മെലിഞ്ഞിരിക്കുന്നു
ഉടല്‍ നിറയെ
ചെളിനിറഞ്ഞ വ്രണങ്ങള്‍
പരിചയം പുതുക്കാനൊന്നും നില്‍ക്കാതെ
വീട്ടിലെ വരള്‍ച്ചയിലേക്ക്
തിരിച്ചുപോന്നു

അങ്ങനെയിരിക്കെ
തോരാമഴയുള്ള ഒരുദിവസം
പുഴ
നിറയെ ചിറകുകളുള്ള
ഉടുപ്പണിഞ്ഞ്
ക്ഷണിക്കാതെ
വീട്ടിലേക്ക് കയറിവന്നു

കഴുത്തറ്റം സ്‌നേഹത്തില്‍
വാരിപ്പുണര്‍ന്നു
ഇപ്പൊ പുഴയെ
ഓര്‍ക്കാത്ത നേരമില്ല.