Friday
22 Feb 2019

എം ജെ അക്ബർ ‘ചക്രവർത്തി’ തകർന്നടിയുന്ന മീ ടൂ വെളിപ്പെടുത്തലിന്‍റെ പൂർണ രൂപം

By: Web Desk | Wednesday 10 October 2018 8:54 PM IST

ഗസല വഹാബ്

ഇതാണെന്റെ കഥ. കേന്ദ്ര മന്ത്രിയും ഏഷ്യൻ ഏജ് മുൻ എഡിറ്ററുമായ എം ജെ അക്ബർ ആറു മാസം നടത്തിയ പീഡനത്തിന്റെ നൊമ്പരപ്പെടുത്തുന്ന കഥ.

(മുന്നറിയിപ്പ്: ഈ വിവരണം ഇരകൾക്കു യാതനാനിർഭരമായേക്കാം) 

ഡൽഹി ഏഷ്യൻ ഏജിൽ ഇന്റേൺ ആയി ജോലി ചെയ്ത മനോവേദനയുടെ ആറു മാസങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. ഉള്ളിലെവിടെയോ ഞാൻ മൂടി വച്ച ഒന്ന്. ഞാൻ ഒരു ഇരയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. 1997 ലെ ആറു മാസം എനിക്ക് ഒന്നുമല്ല, അതെന്റെ വ്യക്തിത്വത്തെ ഒരിക്കലും വിവരിക്കുന്നില്ല. എങ്കിലും, നിങ്ങളുടെ മനസ്സിലെ വിഗ്രഹത്തിനു മൃഗീയ ചോദനയാണുള്ളതെന്നും ലോകത്തോട് പറയുന്നത് മറ്റൊന്നാണെന്നും ഓർക്കുമ്പോൾ, ചിലർക്കെങ്കിലും തുറന്നു പറയാൻ പ്രചോദനമാകുമെന്ന് ഓർക്കുമ്പോൾ എന്റെ കഥ ഇങ്ങനെ പറയാതിരിക്കാൻ വയ്യ.

1989 ൽ ഞാൻ സ്കൂളിലായിരിക്കെ എന്റെ അച്ഛൻ എനിക്ക് അക്ബറിന്റെ ‘റയട് ആഫ്റ്റർ റയട്’ സമ്മാനിച്ചു. രണ്ടു ദിവസം കൊണ്ട് ഞാനതു വായിച്ചു. പിന്നെ ഞാൻ India: The Siege Within and Nehru: The Making of India വാങ്ങി വായിച്ചു. അങ്ങനെ ഞാൻ പതുക്കെ Freedom at Midnight, O Jerusalem, Is Paris Burning ഒക്കെ മാറ്റിവച്ചു. എനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരനെ കിട്ടിയിരിക്കുന്നു.

ജേർണലിസം എന്ന വാക്കു പോലും മര്യാദയ്ക്ക് ഉച്ചരിക്കും മുമ്പ് ഞാൻ ജേര്ണലിസ്റ് ആകാൻ തീരുമാനിച്ചു. അക്ബറിന്റെ ബുക്കുകൾ എന്നിൽ ഒരു വികാരമായി പടർന്നു. 1994 ൽ ഡൽഹി ഏഷ്യൻ ഏജിൽ കയറുമ്പോൾ ഭാഗ്യം എന്നെ ഇവിടെ എത്തിച്ചെന്നും മാധ്യമത്തിലെ ഏറ്റവും മികച്ച ഇടത്ത് നിന്നും പഠിക്കാൻ അവസരം കിട്ടിയെന്നും എനിക്കുറപ്പുണ്ടായിരുന്നു.

പക്ഷെ പഠിക്കാൻ സമയമെടുത്തു. ആദ്യം വ്യാമോഹം തകർന്നടിയണമായിരുന്നു. അക്ബർ തന്റെ പാണ്ഡിത്യം വളരെ ലാഘവത്തോടെ അണിഞ്ഞിരുന്നു. അയാൾ ഓഫീസിൽ അലറി, ഉറപ്പിച്ചു പറഞ്ഞു, കുടിച്ചു. അടുത്ത രണ്ടു വര്ഷം ഇതൊക്കെ ഓഫീസ് സംസ്കാരത്തിന്റെ ഭാഗമെന്ന് കരുതി ഞാൻ വിഴുങ്ങി. ചെറുപ്പക്കാരി സബ് എഡിറ്റർമാരോടു ശൃംഗാരം, നഗ്നമായ പക്ഷപാതം, അശ്ലീല തമാശകൾ.  സബ് എഡിറ്റർമാരും റിപ്പോർട്ടർമാരുമായുള്ള വഴി വിട്ട ബന്ധങ്ങൾ, എല്ലാ ഏഷ്യൻ ഏജ് ഓഫീസുകളിലും ഗേൾ ഫ്രണ്ട് ഉണ്ടെന്ന കഥകൾ കേട്ടിരുന്നു. ഞാനവയ്ക്ക് ചെവി കൊടുത്തില്ല, എന്തായാലും എന്നെ ബാധിക്കുന്നതല്ലല്ലോ.

ഏഷ്യൻ ഏജിലെ മൂന്നാം വര്ഷം ഞാനും അയാളുടെ കണ്ണിൽ പെട്ടു. എന്റെ പേക്കിനാക്കൾക്കു തുടക്കമായി. അയാളുടെ ക്യാബിനു തൊട്ടു മുമ്പിൽ, ആ വാതിൽ അല്പം തുറന്നു വച്ചാൽ കാണത്തക്ക വിധം എന്റെ ഡെസ്ക് ആക്കി. എപ്പോഴും അയാൾ എന്നെ നോക്കി ഇരിക്കും. ഏഷ്യൻ ഏജിന്റെ ഇൻട്രാ നെറ്റിൽ എനിക്ക് ആഭാസ സന്ദേശം അയക്കും. ഞാൻ നിസ്സഹയായി. അത് മുതലെടുത്ത് അയാളെന്നെ ക്യാബിനിലേക്ക് വിളിക്കാൻ തുടങ്ങി. എപ്പോഴും അയാൾ വാതിലടച്ചിടും. എന്റെ കുടുംബ പശ്ചാത്തലം, എന്തെ ഡൽഹിയിൽ ഒറ്റയ്ക്ക് വന്നു താമസിച്ചു ജോലി ചെയ്യുന്നു ഇങ്ങനെയുള്ള അന്വേഷണങ്ങൾ.

ചിലപ്പോൾ വീക്കിലി കോളം  എഴുതുമ്പോൾ അയാൾ എന്നെ എതിർവശത്തിരുത്തും. ക്യാബിന്റെ അറ്റത്ത് താഴ്ന്ന സ്റ്റാൻഡിൽ ഉള്ള വലിയ ഡിക്ഷ്ണറി എടുപ്പിക്കാനാണിത്. അതെടുക്കണമെങ്കിൽ ഒന്നുകിൽ കുനിയണം, അല്ലെങ്കിൽ അയാൾക്ക് പുറം തിരിഞ്ഞു കുത്തിയിരിക്കണം.

1997 ൽ അങ്ങനെ കുത്തിയിരുന്ന് ഡിക്ഷ്ണറി എടുക്കുമ്പോൾ അയാൾ പിന്നിലൂടെ വന്നു എന്റെ അരയിൽ പിടിച്ചു.  ഭയന്ന് വിറച്ച്, കുതറുമ്പോൾ അയാളുടെ കൈകൾ എന്റെ മാറിലും ചുണ്ടിലും ഓടിച്ചു. ഞാനയാളുടെ കൈ മാറ്റാൻ ശ്രമിച്ചു.  വാതിൽ അടഞ്ഞു കിടന്നുവെന്നു മാത്രമല്ല, തുറക്കാതിരിക്കാൻ അയാളതിൽ ചാരി നിന്നിരുന്നു. എന്റെ മനസിലൂടെ ഒരായിരം ചിന്തകൾ കടന്നു പോയി.

ഒടുവിൽ അയാളെന്നെ വിട്ടു. അപ്പോഴെല്ലാം അയാളുടെ മുഖത്ത് ഒരു ചിരി പടർന്നു നിന്നു. ഞാൻ ടോയ്ലറ്റിലേക്കു ഓടി, കരഞ്ഞു തീർത്തു. ഭീകരതയും അതിക്രമവും എന്നെ വേട്ടയാടി. ഇനിയത് ഉണ്ടാകില്ലെന്നും എന്റെ എതിർപ്പ് അയാളുടെ ‘കാമുകി’മാരിൽ ഒരാളല്ലെന്ന ബോധ്യം അയാൾക്കുണ്ടാക്കുമെന്നും ഞാൻ കരുതി. പക്ഷെ പേടി സ്വപ്നങ്ങൾ തുടങ്ങുന്നേയുണ്ടായിരുന്നുള്ളു.

പിറ്റേന്ന് വൈകിട്ട് അയാള്‍ എന്നെ ക്യാബിനിലേക്കു വിളിച്ചു. വാതിലിനു മുട്ടി ഞാൻ അകത്തു കടന്നു. അയാൾ വാതിലിനടുത്തു നിൽക്കുകയായിരുന്നു. ചെന്ന ഉടൻ അയാൾ വാതിൽ അടച്ചു എന്നെ പിടിച്ചു നിർത്തി. അയാളെന്നെ ചുംബിക്കാൻ നോക്കി, ഞാൻ മുഖം തിരിച്ചു. ആ മൽപ്പിടുത്തം കുറെ നീണ്ടു, ഒടുവിൽ അയാളെങ്ങനെയോ എന്നെ വിട്ടു. കരഞ്ഞു കൊണ്ട് ഞാൻ പുറത്തേക്കോടി. ഓഫീസിൽ നിന്നും പുറത്തേക്ക്. ആ കെട്ടിടത്തിൽ നിന്നും. പാർക്കിംഗ് സ്ഥലത്തു ഒഴിഞ്ഞ ഒരിടത്തിരുന്നു ഞാൻ കരഞ്ഞു.

എന്റെ ജീവിതം മുഴുവൻ മുമ്പിൽ തെളിഞ്ഞു വന്നു. ആഗ്രയിലെ വീട്ടിൽ നിന്നും പുറത്തു ജോലിക്കു വന്ന ആദ്യത്തെ ആളാണ് ഞാൻ. ഞങ്ങളുടെ ചെറിയ ബിസിനസ് കുടുംബത്തിൽ സ്ത്രീകൾ പഠിക്കും, പക്ഷെ ജോലിക്കു പോകാറില്ല. ആ പുരുഷാധിപത്യത്തിനെതിരെ  പൊരുതിയാണ് ഞാൻ വന്നത്. തിരികെ പോകാൻ എനിക്കാവില്ല. 

Gazala Wahab

അങ്ങനെ ഞാൻ തിരികെ ഡെസ്കിലെത്തി ഏഷ്യൻ ഏജ് നെറ്റ് വെയറിൽ ഒരു സന്ദേശമയച്ചു. അയാളെ എങ്ങനെ ഒരെഴുത്തുകാരൻ എന്ന നിലയിൽ ഞാൻ ബഹുമാനിക്കുന്നുവെന്നും ഈ പെരുമാറ്റം ആ പ്രതിച്ഛായ എങ്ങനെ തകർക്കുന്നുവെന്നും എഴുതി.

അയാൾ അപ്പോൾ തന്നെ വിളിപ്പിച്ചു. ഞാൻ കരുതി അയാൾ മാപ്പു പറയുമെന്ന്. എനിക്ക് തെറ്റി. അയാൾക്കെന്നോടുള്ള വികാരങ്ങളെ എത്ര തെറ്റായി ഞാൻ കാണുന്നുവെന്ന് അയാൾ ഒരു നീണ്ട ക്‌ളാസെടുത്തു.

വീട്ടിലേക്കു പോകുമ്പോൾ ഇനി അവിടെ തുടരാനാവില്ലെന്നും വേറെ ജോലി അന്വേഷിക്കാനും ഞാൻ തീരുമാനിച്ചു. ഏഷ്യൻ ഏജിലെ  ഓരോ നിമിഷവും എനിക്ക് പേടിപ്പെടുത്തുന്നതായി. ഓരോ തവണ അയാൾ വിളിക്കുമ്പോഴും ഞാൻ ഒരായിരം വട്ടം മരിച്ചു. വാതിൽ പകുതി തുറന്നു പിടിച്ച് ഞാൻ ആ മുറിയിൽ കയറാൻ തുടങ്ങി. ഇതയാളെ അതിശയിപ്പിച്ചു. അയാൾ അടുത്തു വന്നു ചിലപ്പോൾ എന്നെ ഉരസും, കൈ ഉരുമ്മും, മുറുക്കിയടച്ച എന്റെ ചുണ്ടിൽ നാവുരസും. ഓരോ വട്ടവും അയാളെ തള്ളി മാറ്റി ഞാൻ പുറത്തേക്ക് രക്ഷപ്പെടും.

എന്റെ കൂട്ടുകാരി ഇതിനിടെ ഒരു വിദ്യ കണ്ടുപിടിച്ചു. എന്നെ അകത്തേക്ക് വിളിപ്പിച്ചാൽ അല്പം കഴിയുമ്പോൾ അവൾ എന്തെങ്കിലും കാരണം ഉണ്ടാക്കി അകത്തേക്ക് വരും. അങ്ങനെ അവൾ എന്റെ രക്ഷാ കവചമായി. പക്ഷെ അതും വലിയ ഫലം കണ്ടില്ല.

അയാൾ ഇപ്പോൾ വൈകാരിക തന്ത്രങ്ങൾ തുടങ്ങി. ഒരു തവണ അയാൾ എന്നെ വിളിപ്പിച്ചു, അജ്മീർ ദർഹയിൽ അയാൾക്ക്‌ വേണ്ടി പോയി ചരട് കെട്ടണമെന്ന് പറഞ്ഞു. അജ്മീരിൽ പോയെന്ന ഭാവത്തിൽ ഞാൻ വീട്ടിൽ ഇരുന്നു. ഓഫീസ് ഇപ്പോൾ എനിക്ക് ഒരു പീഡാ കേന്ദ്രമായി മാറിയിരുന്നു. പക്ഷെ പുറത്തേക്ക് വഴിയെവിടെ? നല്ലൊരു ജോലി കിട്ടിയാൽ അന്തസായി ഇറങ്ങാമായിരുന്നു.

എന്റെ എതിർപ്പിനെ തോൽപ്പിക്കാൻ ഒരു തവണ ഏഷ്യൻ ഏജിലെ നക്ഷത്ര ഫലം എഴുത്തുകാരി വീണു സന്ദലിനെ വിട്ടു അയാൾക്ക് എന്നോട് സത്യമായും സ്നേഹമാണെന്നു പറയിച്ചു. എനിക്കാ മൃഗത്തോട് വെറുപ്പാണ് തോന്നിയത്. ഒരു ജ്യോതിഷക്കാരിയെ ഇടനില നിർത്തിയതിന്.

എനിക്കെന്തു സംഭവിക്കും? അയാൾ എന്നെ മാനഭാഗപ്പെടുത്തുമോ? എന്നെ അപായപ്പെടുത്തുമോ? അയാൾക്ക്‌ പക വന്നാൽ എന്തുണ്ടാകും? പൊലീസിൽ പോകാൻ ഞാൻ ആലോച്ചിച്ചു. പക്ഷെ ഞാൻ ഭയന്നു. മാതാപിതാക്കളോട് പറയാമെന്നു കരുതി. പക്ഷെ അതെന്റെ കരിയറിന്റെ അവസാനമാകും.

പുതിയൊരു ജോലി കിട്ടുംവരെ ഏഷ്യൻ ഏജിൽ തുടരാമെന്നത് ബുദ്ധികേടെന്നു ഉറക്കമില്ലാത്ത ഒരു പാട് രാത്രികൾക്കു ശേഷം ഞാൻ തിരിച്ചറിഞ്ഞു. ധൈര്യം സംഭരിച്ചു ഞാൻ അയാളോട് എന്റെ രാജി അറിയിച്ചു. അയാൾക്ക്‌ നില തെറ്റി. അയാൾ ആക്രോശിച്ചു. ഞാൻ കസേരയിൽ ഭയന്നിരുന്നു. പിന്നെ അയാൾ വികാരം കൊണ്ട്, തന്നെ വിടരുതെന്ന് പറഞ്ഞു. അസ്ഥികൾ വരെ വിറച്ചു ഞാൻ മുറിയിൽ നിന്നും പുറത്തേക്കു വന്നു. എന്നെ പിടിച്ചുലച്ച പേക്കിനാക്കളുടെ ദിവസങ്ങളായിരുന്നു പിന്നെ. ഉറക്കം നഷ്ടപ്പെട്ടു. ആഹാരം വേണ്ടെന്നായി. കൂട്ടുകാരെ കാണാനും മടിച്ചു.

കാര്യങ്ങൾ പിന്നെയും വഷളാകുകയായിരുന്നു. അക്ബർ പറഞ്ഞു, അഹമ്മദാബാദിൽ ഒരു എഡിഷൻ തുടങ്ങുന്നു, ഞാൻ അവിടേക്കു പോകണം, വീടും എല്ലാ സൗകര്യങ്ങളും കമ്പനി ചെലവിൽ അവിടെ ഉണ്ടാകും. താൻ വല്ലപ്പോഴും അവിടെ വരുമ്പോൾ എന്റെ കൂടെ താമസിക്കും.

എന്റെ പേടി ആകാശം മുട്ടി. ഭീകരമായ ആ നിമിഷങ്ങളിൽ എന്നിൽ ഒരു സ്വച്ഛത വളർന്നു.  തുടർന്നുള്ള ദിവസങ്ങൾ കൊണ്ട് ഡിസ്കിലുണ്ടായിരുന്ന ഓരോന്നും ഞാൻ വീട്ടിലേക്കു മാറ്റി. അഹമ്മദാബാദിലേക്കു പോകേണ്ടതിന്റെ തലേന്നാൾ എന്റെ ഡെസ്ക് കാലിയായിരുന്നു. ഒട്ടിച്ച കവറിലുള്ള എന്റെ രാജിക്കത്ത് അക്ബറിന്റെ സെക്രട്ടറിയെ ഏൽപ്പിച്ചിട്ടു അത് പിറ്റേന്ന് വൈകിട്ടെ കൊടുക്കാവൂ എന്ന് ഞാൻപറഞ്ഞു. അഹമ്മദാബാദ് വിമാനത്തിൽ ഞാൻ കയറിയില്ലെന്നു അപ്പോഴേ അറിയൂ.

അന്നു ഞാൻ വീട്ടിൽ കഴിഞ്ഞു. വൈകിട്ട് അക്ബർ വിളിച്ചു. അയാൾ പ്രലപിച്ചു, ദേഷ്യപ്പെട്ടു. വീട്ടിലേക്കു വരുമോ എന്ന് ഞാൻ ഭയന്നു. രാത്രി മുഴുവൻ ഉറങ്ങാതെ കഴിച്ചുകൂട്ടി. പിറ്റേന്ന് രാവിലെ ആദ്യ വണ്ടിയ്ക്ക് ഞാൻ ആഗ്രയ്ക്കു പോയി.

വീട്ടിൽ ആരും എന്നോട് ഒന്നും ചോദിച്ചില്ല. എങ്കിലും എന്തോ കുഴപ്പമുണ്ടെന്നു അവർക്കു തോന്നി. കുറച്ചു ആഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ഡൽഹിക്കു ജോലിക്കു പോകണമെന്ന് ഞാൻ പിതാവിനോട് പറഞ്ഞു. അദ്ദേഹം ആകെ പറഞ്ഞത് മറ്റൊരു സ്ഥലത്തു ജോലി തിരയാൻ ആയിരുന്നു. ഞാൻ പൊട്ടിക്കരഞ്ഞു പോയി.

കഴിഞ്ഞ 21 വര്ഷം ഇത് ഉള്ളിൽ വച്ചു. ഒരു ഇര ആകേണ്ടെന്നു ഞാൻ നിശ്ചയിച്ചിരുന്നു. ഒരു ഭീകര സത്വത്തിന്റെ കാമം എന്റെ ജീവിതം എന്തിനു തകർക്കണമെന്നു കരുതി. എങ്കിലും പേക്കിനാക്കള്‍ എന്നെ വേട്ടയാടി. ഇനി ആ പേടി സ്വപ്നം അവസാനിക്കുമായിരിക്കാം.

(ദ് വയർ ആണിത് പ്രസിദ്ധീകരിച്ചത്. ഇതേക്കുറിച്ചു കത്ത് മുഖേന എം ജെ അക്ബറിന്റെ പ്രതികരണം ചോദിച്ചുവെങ്കിലും ലഭിച്ചിട്ടില്ലെന്നും വയർ റിപ്പോർട്ട് ചെയ്യുന്നു)

Ghazala Wahab  FORCE newsmagazine എക്സിക്യൂട്ടിവ് എഡിറ്ററാണ്. Dragon on our Doorstep: Managing China Through Military Power എന്ന പുസ്തകത്തിന്‍റെ സഹ എഴുത്തുകാരിയും.