March 21, 2023 Tuesday

84 ന്റെ നിറവിലും ശ്രുതി മധുരമീ അര്‍ജ്ജുന ജീവിതം

ആര്‍ ഗോപകുമാര്‍
കൊച്ചി
March 1, 2020 4:14 pm

മലയാള സിനിമ സംഗീതത്തില്‍ ശ്രുതി മധുര ഗാനങ്ങളുടെ അനശ്വര ഈണങ്ങള്‍ തീര്‍ത്ത എം കെ അര്‍ജ്ജുനന്‍ മാസ്റ്റര്‍ എണ്‍പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ കേരളത്തോടായി പറഞ്ഞു, എന്നെ ഓര്‍ത്തല്ലോ മറന്നില്ലല്ലോ, ഈ പിറന്നാള്‍ ദിനത്തില്‍ എന്റെ ഏറ്റവും വലിയ സന്തോഷമാണത്.

സംഗീതലോകത്തെ ഈ കുലപതിക്ക് ഇന്ന് 84 വയസ്സ് തികയുകയാണ്. സംഗീത രംഗത്ത് താനെന്തായിരുന്നുവെന്ന് വിലയിരുത്തേണ്ടത് കാലമാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുഞ്ഞുകുട്ടികള്‍ അടക്കം എന്റെ പാട്ടുപാടുമ്പോള്‍ അതൊരു അംഗീകാരമായി കാണാനാണ് താല്പര്യമെന്ന് പിറന്നാള്‍ ദിനത്തില്‍ മാഷ് പറഞ്ഞു.

പിറന്നാള്‍ ദിനത്തില്‍ പ്രായത്തിന്റെ അവശതകളുണ്ടെങ്കിലും രാവിലെ മുതല്‍ ആരാധകരും അയല്‍ക്കാരും അടങ്ങുന്ന വലിയ സദസിനു മുന്നില്‍ മാഷ് കേക്ക് മുറിച്ചാഘോഷിച്ചു. തൊട്ടുപിന്നാലെ ഗാനരചയിതാവ് ആര്‍ കെ ദാമോദരന്‍ ആശംസകളുമായി എത്തി. പിന്നീട് പതിനൊന്ന് മണിയോടെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ജില്ലാസെക്രട്ടറി പി രാജു എന്നിവര്‍ പള്ളുരുത്തിയിലെ വീട്ടില്‍ എത്തി മാഷിനെ ഷാള്‍ അണിയിച്ചപ്പോള്‍ ഇതിനായി വന്നതാണോയെന്ന് മാഷ് ചെറുപുഞ്ചിരിയോടെ കൈകള്‍ കൂട്ടിപ്പിടിച്ചു പറഞ്ഞു. സന്തോഷം.…. വന്നല്ലോ എല്ലാവരും. നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വീല്‍ചെയറിലാണ് സഞ്ചാരം. മാഷ് പറഞ്ഞു.

രാവിലെ മുതല്‍ അതിഥികളുമായി സംസാരിച്ച് മാഷിന്‍റെ ശബ്ദം ഇടറി. മാഷിന്റെ നേരെ ചാനല്‍ മൈക്കുകള്‍ നീളുമ്പോള്‍ മന്ത്രണം പോലെയായി സംസാരം. ഇതിനിടയില്‍ മുന്‍മന്ത്രി കെ ബാബു എത്തി. പിന്നാലെ എറണാകുളം കരയോഗം സെക്രട്ടറി പി രാമചന്ദ്രൻ, സിഐസിസി ജയചന്ദ്രന്‍, ബിജെപി നേതാവ് സിജി രാജഗോപാല്‍ ‚ഡോ കെ എസ് രാധാകൃഷ്ണന്‍ അങ്ങനെ ആശംസകള്‍ അര്‍പ്പിക്കാന്‍ എത്തുന്നവരുടെ നിര നീണ്ടു.

വരുന്നവര്‍ക്കെല്ലാം പായസവും കേക്കുമായി മക്കളും ചെറുമക്കളും ഓടി നടന്നു. ഭാര്യ ഭാരതിയോട് മാഷിന്റെ ഇഷ്ടഗാനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഒന്നും ഓര്‍മ്മയില്ലെന്നായിരുന്നു മറുപടി. മാഷ് ഏതെങ്കിലും പാട്ടുപാടി തന്ന ഓര്‍മ്മയുണ്ടോയെന്ന ചോദ്യത്തിന് കൈകൂട്ടി പിടിച്ചു ഇങ്ങനെ ഒരുമിച്ചിരിക്കുമ്പോള്‍ ഒന്നുമോര്‍മയില്ലെന്നായി.

മക്കളായ അശോകന്‍, രേഖ, നിമ്മി, അനി, കല, എന്നിവരും കൊച്ചുമക്കളും ചേര്‍ന്ന ഒരു പിറന്നാള്‍ ദിനം കുറച്ചുനാള്‍ക്കുശേഷം വീണ്ടും വന്നതിന്റെ സന്തോഷം എല്ലാവരുടെയും മനസ്സില്‍ നിറഞ്ഞുനിന്നു. ഇതിനിടയില്‍ ഗായകന്‍ പി ജയചന്ദ്രന്‍ ആശംസകള്‍ അറിയിക്കാന്‍ വിളിച്ചു. ഫോണിലെ കുസൃതി ചോദ്യങ്ങളിൽ മാഷിന്‍റെ മുഖത്ത് ചിരി വിടർന്നു.

ഇതിനിടയില്‍ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു ഗാനമാലപിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓര്‍മ്മയില്‍ ഒന്നും നില്‍ക്കുന്നില്ലെന്ന് പറഞ്ഞെങ്കിലും ‘തളിര്‍വലയോ താമര വലയോ’ എന്ന 1975 ല്‍ ഇറങ്ങിയ ‘ചീനവല’ എന്ന ചിത്രത്തിലെ പാട്ട് മാഷ് രണ്ടുവരി പാടി. ഇതിനിടയിലാണ് എ ആര്‍ റഹ്മാന്റെ കാര്യം ആരോ എടുത്തിട്ടു. റഹ്മാന്‍റെ അച്ഛന്‍ ആര്‍ കെ ശേഖര്‍ എന്റെ കൂട്ടുകാരനായിരുന്നു. റഹ്മാന്  ഞാന്‍ ജോലി കൊടുത്തു. ഞാന്‍ അവന്‍റെ ഗുരുവായിരുന്നു എന്നവന്‍ പറയുന്നെങ്കില്‍ അത് അവന്റെ നന്മയാണെന്നും മാഷ് പറഞ്ഞു.

സമയം ഏറെ കടന്നുപോയി. അപ്പോഴേക്കും ഗുരുവായി കണക്കാക്കി വെറ്റിലയും പാക്കും കൈയ്യില്‍ പിടിച്ച് രണ്ടു കുരുന്നുകള്‍ എത്തി. മാഷ് അവരെ അനുഗ്രഹിച്ച് അവരുടെ പാട്ടുകേട്ടട്ടിരിക്കുമ്പോള്‍ പുറത്ത് ആശംസകളുമായി വീണ്ടും ആളനക്കമായി.

Eng­lish Sum­ma­ry; M K Arju­nan Mas­ter 84th Birthday

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.