Janayugom Online
Daivam snehikkunna Ezhuthukaran

എം മുകുന്ദന്‍: പ്രശ്‌നനിബദ്ധനായ എഴുത്തുകാരന്‍

Web Desk
Posted on July 01, 2018, 7:05 am

കെ പി നന്ദകുമാര്‍

വ്യക്തിയും ബാഹ്യലോകവും തമ്മിലുള്ള ഭിന്നിപ്പിന്റെ ആവിഷ്‌കാരമാണ് എം മുകുന്ദന്റെ എല്ലാ രചനകളും. വാക്കുകളെ വിഭ്രമിപ്പിക്കുംവിധം സൗന്ദര്യാത്മകമായി അദ്ദേഹം വേറിട്ട വ്യക്തിത്വങ്ങളുടെ ആന്തരികജീവിതം ആവിഷ്‌കരിക്കുന്നു. അവര്‍ക്ക് ഭൗതികപരിസരങ്ങളുമായുള്ള വിയോജിപ്പിന്റെയും സംഘര്‍ഷങ്ങളുടെയും കാരണമന്വേഷിക്കുന്നു. സവിശേഷമായ ആന്തരികജീവിതത്തിലൂടെ സമൂഹത്തില്‍ നിന്നും സ്വയം അന്യവല്‍ക്കരിക്കുന്ന ‘ഔട്ട്‌സൈഡര്‍‘മാരെയാണ് മുകുന്ദന്‍ സൃഷ്ടിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങളും സ്വയം പ്രകാശിക്കുന്ന ഊര്‍ജ്ജസ്വലരായി മാറിയത്. കമ്യൂ ഒരു ഔട്ട്‌സൈഡറിനെ മാത്രമാണ് സൃഷ്ടിച്ചത്. മുകുന്ദന്‍ സൃഷ്ടിച്ചതെല്ലാം ഔട്ട്‌സൈഡര്‍മാരെയായിരുന്നു. കാരണം മുകുന്ദന്റെയുള്ളിലെ പ്രതിഭാശാലിയായ എഴുത്തുകാരനും ഇത്തരമൊരു അന്യനാണ്. ‘ഡല്‍ഹി‘യിലെ നായകനായ അരവിന്ദനെ കെ പി അപ്പന്‍ വിശേഷിപ്പിച്ചത് ‘പ്രശ്‌നനിബന്ധനായ മനുഷ്യന്‍’ എന്നാണ്. അതുപോലെയാണ് എം മുകുന്ദനും. അദ്ദേഹമൊരു പ്രശ്‌നനിബദ്ധനായ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ രചനകളും പ്രശ്‌നനിബദ്ധമാണ്.
സാഹിത്യേതരമായ തന്റെ ഓരോ രചനയേയും വിഷയത്തിന്റെ അപൂര്‍വതകൊണ്ടും കാഴ്ചപ്പാടുകളിലെയും ആഖ്യാനത്തിലെയും മൗലികതകൊണ്ടും മുകുന്ദന്‍ ഉത്തുംഗതകളില്‍ പ്രതിഷ്ഠിക്കുന്നു. മലയാളത്തിന്റെ ധൈഷണിക ജീവിതത്തെ സജീവമാക്കിക്കൊണ്ട് മുകുന്ദന്റെ അത്തരത്തിലുള്ള ഓരോ ലേഖനവും വലിയ ചലനങ്ങളും പ്രതിചലനങ്ങളും സൃഷ്ടിക്കുന്നു. മലയാളത്തെ സംവാദാത്മകമാക്കിക്കൊണ്ട് വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ മകുന്ദനെഴുതിയ 36 കുറിപ്പുകളുടെ സമാഹാരമാണ് ‘ദൈവം സ്‌നേഹിക്കുന്ന എഴുത്തുകാരന്‍’ എന്ന പുസ്തകം.
നിത്യജീവിതത്തിലെ പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും വ്യാഖ്യാനിക്കാനും സമര്‍ത്ഥിക്കാനും കഴിയുംവിധം ചിന്തകളും നിരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായ പുസ്തകങ്ങള്‍ നമ്മുടെ നിരന്തര പാരായണത്തിനും പരാമര്‍ശങ്ങള്‍ക്കും വിധേയമാകുന്നു. അത്തരം പുസ്തകങ്ങളുടെ ഗോത്രത്തില്‍പ്പെടുത്താവുന്ന ഒരു ‘കൈപുസ്തക’മാണ് ‘ദൈവം സ്‌നേഹിക്കുന്ന എഴുത്തുകാരന്‍’. മാറുന്ന മലയാള നോവലിന്റെ സ്വഭാവം നിര്‍ണയിക്കുന്ന ഒരു കുറിപ്പില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു. ‘നോവലിന്റെ മര്‍മ്മസ്ഥാനത്ത് കഥാപാത്രങ്ങളല്ല, അവര്‍ ജീവിക്കുന്ന പരിസരങ്ങളാണ് ഇപ്പോള്‍ കണ്ടുവരുന്നത്.’ സഹസ്ര ശാഖകളുള്ള ഒരു വൃക്ഷമായി വികസിക്കാന്‍ സാധ്യതയുള്ള ഒരു ബീജത്തെ ഗര്‍ഭം ധരിക്കുന്ന ഒരാശയമാണ് ‘ഒടിയുന്ന കഴുത്തുകളുടെ സംഗീതം’ എന്ന ഈ കുറിപ്പിലുള്ളത്. കെ ആര്‍ മീരയുടെ ‘ആരാച്ചാര്‍’ എന്ന നോവലിനെ വിലയിരുത്തുന്ന ഈ കുറിപ്പ് മലയാള നോവലിന്റെ സമകാലീന സഞ്ചാരപഥങ്ങളെ സംബന്ധിച്ച് എം മുകുന്ദന്‍ എന്ന നോവലിസ്റ്റിന്റെ വെളിപാടുകളുടെ സമാഹാരമാണ്. അദ്ദേഹമെഴുതുന്നു; ”ഇനിയുള്ള കാലത്ത് തലച്ചോറില്‍ മുറ്റിനില്‍ക്കുന്ന സര്‍ഗാത്മകതയുടെ നിറവ് മാത്രം പോര നോവലെഴുത്തിന് എന്ന വസ്തുതയും ഇവിടെ തിരിച്ചറിയാന്‍ സാധിക്കുന്നതാണ്.” ഒരു ബഷീറിയന്‍ പത്രിക കൊണ്ടുപോലും ഇനി നോവലെഴുതി വായനക്കാരെ കീഴടക്കാന്‍ കഴിയുമെന്നുതോന്നുന്നില്ലെന്നും സര്‍ഗാത്മകതയോടൊപ്പം അന്വേഷണത്വരയും ബൗദ്ധികമായ സാഹസിക സഞ്ചാരങ്ങളും നോവലിസ്റ്റിന് ആവശ്യമായിത്തീര്‍ന്നിരിക്കുന്നു എന്നും അദ്ദേഹം പറയുന്നു. നമ്മുടെ വായനക്കാര്‍ കടുത്ത സൗന്ദര്യശിക്ഷണത്തിന്റെ കനല്‍പാടങ്ങള്‍ താണ്ടേണ്ടിവരുമെന്ന പ്രവചനമാണ് മുകുന്ദന്‍ ഇവിടെ നടത്തുന്നത്.
ജീവിക്കുന്ന ലോകത്തെക്കുറിച്ച് തിളയ്ക്കുന്ന ആശങ്കകളുമായി നടക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുള്ള എഴുത്തുകാരനാണ് മുകുന്ദന്‍. നേരിട്ട് രാഷ്ട്രീയം പറയുന്നില്ലെങ്കിലും മുകുന്ദന്റെ എല്ലാ കഥാപാത്രങ്ങളും രാഷ്ട്രീയ ജീവികളാണ്. വ്യക്തിയുടെ ജീവിതത്തെ നിര്‍ണയിക്കുന്നതില്‍ സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന രാഷ്ട്രീയവ്യവസ്ഥിതിക്കുള്ള പങ്കിനെ നിഷേധിക്കാത്ത കഥാപാത്രങ്ങളാണ് അവര്‍. വിശാലമായ അര്‍ത്ഥത്തില്‍, വേഷപ്രച്ഛന്നനായ എഴുത്തുകാരന്‍ തന്നെയാണ് ഈ കഥാപാത്രങ്ങളെല്ലാം. വ്യവസ്ഥിതിയോട് നിരന്തരമായി കലഹിച്ചുകൊണ്ടിരിക്കുന്ന മുകുന്ദന്റെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഈ കഥാപാത്രങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. രാഷ്ട്രീയ ലേഖനങ്ങള്‍ എഴുതുമ്പോഴും മുകുന്ദന്‍ ഒരു കഥാകൃത്തിന്റെയോ നോവലിസ്റ്റിന്റെയോ ഇരിപ്പിടത്തില്‍ തന്നെയാണ് ഇരിക്കുന്നത്. നോവലില്‍ അല്ലെങ്കില്‍ കഥയില്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നതുപോലെ, വളരെ ഗൗരവമായ പ്രശ്‌നങ്ങളെ അദ്ദേഹം ലളിതമായി നിത്യജീവിതവ്യവഹാരഭാഷയില്‍ അവതരിപ്പിക്കുന്നു. ‘കലയെ വേട്ടയാടുന്ന ഗുജറാത്ത്’ എന്ന കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നു; ”എങ്ങനെ സമ്പന്നവും സുന്ദരവുമായ ഈ നാട് വര്‍ഗീയ കലാപത്തിനുള്ള ആട്ടുതൊട്ടിലായി മാറിയെന്ന് നാം അത്ഭുതപ്പെടുന്നു.” രാഷ്ട്രീയം പോലെതന്നെ രോഗങ്ങളെക്കുറിച്ചുള്ള ആശങ്കകളും ആധുനിക മലയാളിയുടെ ചര്‍ച്ചാവിഷയാണ്. വിജ്ഞാനത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന സമൂഹമെന്ന നിലയില്‍ മലയാളി പുതിയ അറിവുകള്‍ക്കായുള്ള അന്വേഷണത്തിലാണ്. വൈജ്ഞാനിക മണ്ഡലത്തിലെ എല്ലാ പുതിയ വിശേഷങ്ങളും ആദ്യമറിയുന്ന സമൂഹങ്ങളിലൊന്ന് മലയാളിയാണ്. അതുകൊണ്ട് വൈദ്യശാസ്ത്രത്തിലെ ഓരോ ചലനവും നാം ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നു. രാഷ്ട്രീയം സാമൂഹ്യജീവിതത്തിന്റെ അടിത്തറയാണെങ്കില്‍ ആ അടിത്തറയിന്മേല്‍ കെട്ടിയുയര്‍ത്തിയ മേല്‍പ്പുരയിലെ താമസക്കാരായ നമ്മള്‍ ആരോഗ്യത്തെക്കുറിച്ചും വളരെ ആരോഗ്യകരമായ ഒരു കാഴ്ചപ്പാട് വച്ചുപുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് രോഗങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും രോഗപ്രതിരോധത്തിന്റെ പ്രശ്‌നങ്ങളും നമ്മുടെ സംസാരവിഷയമാണ്. ‘കേരളം രോഗികളുടെ സ്വന്തം നാട്’ എന്ന കുറിപ്പില്‍ മുകുന്ദന്‍ എഴുതുന്നു; ”ഒരുകാലം എല്ലാ മലയാളികളും കമ്മ്യൂണിസ്റ്റുകാരായിരുന്നതുപോലെ ഇന്ന് എല്ലാ മലയാളികളും രോഗികളാവുകയാണല്ലോ എന്ന് നമുക്ക് സംശയം തോന്നിയേക്കാം.” ഇപ്പോള്‍ രോഗങ്ങളും ഒരു വിപണനോല്‍പ്പന്നമാകുകയാണ്. മരുന്നുകളുടെയും ആശുപത്രികളുടെയും ഒരു വലിയ ബസാറാണ് നമ്മുടെ നാട്. ഭക്ഷണം കൂടാതെ ഒരു മലയാളിക്ക് ജീവിക്കാം പക്ഷെ മരുന്നുകഴിക്കാതെ ഒരുനാള്‍ പോലും തള്ളിനീക്കാന്‍ കഴിയുകയില്ല എന്ന അവസ്ഥയിലാണ് നാമിന്ന് — അദ്ദേഹം പറയുന്നു.
കറുപ്പിലും വെളുപ്പിലും മാത്രം ജീവിതത്തെ കണ്ട തലമുറയില്‍ നിന്നും നിറങ്ങളുടെ നിര്‍ത്തില്ലാത്ത നൃത്തങ്ങളില്‍ ജീവിക്കുന്ന തലമുറയിലേക്കുള്ള വളര്‍ച്ചയെ മുകുന്ദന്‍ പുസ്തകത്തിലൊരിടത്ത് ചര്‍ച്ചയ്‌ക്കെടുക്കുന്നുണ്ട്. ”നമ്മുടെ ലോകത്ത് ഒട്ടും നിറങ്ങളില്ലാത്ത ഒരു കാലമുണ്ടായിരുന്നു. വര്‍ണങ്ങള്‍ നമ്മുടെ ജൈവപരിസരങ്ങളെ മറ്റിമറിക്കുകയാണ്. ഇന്നുവരെ കണ്ടുശീലിച്ച കറുപ്പിന്റെയും വെളുപ്പിന്റെയും ലോകം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം കടന്നുപോയി. സൂര്യാസ്തമയം സൃഷ്ടിച്ച ദൈവത്തിന്റെ കൈവശം ഏഴു വര്‍ണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ മനുഷ്യന് ഇന്ന് എഴുന്നൂറോ ഏഴായിരമോ നിറങ്ങള്‍ തിട്ടപ്പെടുത്തിയെടുക്കാന്‍ കഴിയുമെന്ന് മുകുന്ദന്‍ എഴുതുന്നു.”
‘കാലം ചോദിക്കുന്നു, എന്തിനെഴുതുന്നു?’ എന്നൊരു ശ്രദ്ധേയമായ ഒരു ലേഖനമുണ്ട് ഈ പുസ്തകത്തില്‍. രചനയ്ക്ക് പിന്നിലെ ദാര്‍ശനിക പ്രശ്‌നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ലേഖനമാണിത്. ‘എന്തിനെഴുതുന്നു’ എന്ന് ആരും ചോദിക്കാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ആധുനികതയുടെ കാലത്ത് ഓരോ എഴുത്തുകാരനോടും വായനക്കാര്‍ നിരന്തരം ഈ ചോദ്യം ചോദിച്ചിരുന്നു. അവര്‍ക്ക് തൃപ്തികരമായ ഒരുത്തരം ഏതെങ്കിലുമൊരു എഴുത്തുകാരന് നല്‍കാന്‍ കഴിഞ്ഞിരുന്നുവോ എന്ന് സംശയമാണ്. ‘നിങ്ങള്‍ എന്തിന് വായിക്കുന്നു’ എന്ന മറുചോദ്യമായിരുന്നു തന്റെ ഉത്തരമെന്ന് മുകുന്ദന്‍ എഴുതുന്നു. പുതിയ കഥാകൃത്തുക്കളുടെ രചനയുടെ സ്വഭാവം വിശകലനം ചെയ്യുന്ന ‘മോഹിച്ചുപോകുന്നു, കാല്‍പ്പനികതയുടെ സാന്ത്വനം’ എന്ന ലേഖനത്തില്‍ മുകുന്ദന്‍ പറയുന്നു; ”ആശയങ്ങളുടെ സമ്പന്നമായ ഒരു ഭൂമിയിലേക്കുള്ള വാതിലുകള്‍ ആ കഥകള്‍ ഒന്നൊന്നായി തുറന്നിടുന്നു. പക്ഷെ, എനിക്കാവശ്യമുള്ള മരച്ഛായകളും പുഴക്കാറ്റും നക്ഷത്രവെളിച്ചവും എങ്ങും കണ്ടില്ല. കാല്‍പനികത നമ്മില്‍ നിന്നോ, നാം കാല്‍പനികതയില്‍ നിന്നോ അകലുന്നത്” — എഴുത്ത് അപരിചിതമായ വഴികളിലേക്ക് നിങ്ങുമ്പോള്‍ എഴുത്തിനെ പിന്നെയും പിന്നെയും നമ്മുടെ ജീവല്‍ പ്രശ്‌നങ്ങളിലേക്ക് ചേര്‍ത്തുവച്ച ഉന്നതാത്മാവായ എഴുത്തുകാരന്റെ ഈ ലോകം നമ്മുടെ സാഹിത്യമണ്ഡലത്തെ അവാദഭരിതമാക്കാന്‍ പോന്ന ഉഗ്രസ്‌ഫോടനശേഷിയുള്ളതാണ്.

എം മുകുന്ദന്‍ ദൈവം സ്‌നേഹിക്കുന്ന എഴുത്തുകാരന്‍
സൈന്ധവബുക്‌സ്, കൊല്ലം, മാര്‍ച്ച് 2018
പേജ് ‑136, വില — 150 രൂപ.