കൊച്ചി :പൗരത്വബിൽ പാസ്സാക്കിയെന്നത് തന്നെ ഏറെ അസ്വ സ്ഥപെടുത്തുന്നുവെന്ന് കഥാകൃത്തു എം മുകുന്ദൻ മഹാരാജാസ് കോളേജിൽ മലയാള വിഭാഗം കേരള ലിറ്റററി ഫെസ്റ്റിവലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയിൽ നാളത്തെ എഴുത്ത് എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .ആസുര കാലത്താണ് നാം ജീവിക്കുന്നത്. പൗരത്വബിൽ രാജ്യസഭയും പാസാക്കി.അതെന്നെ വല്ലാതെ അസ്വസ്ഥനാക്കുന്നുണ്ട്.
നിമിഷ പ്രതികരണത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എങ്കിലും ഇന്നലെ പൗരത്വ ബില്ലിനെതിരെയുള്ള എഴുത്തുകാരുടെ മെമ്മോറാണ്ടത്തിൽ ഒപ്പുവച്ചിരുന്നു. പക്ഷേ ഈ കാലത്തിന്റെ ഉത്കണ്ഠകൾ എന്റെ എഴുത്തിലും കടന്നു വരും. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ എഴുതുമ്പോൾ പ്രായം വെറും ഇരുപത്തഞ്ച് .അന്ന് മുമ്പിൽ വ്യക്തി മാത്രമായിരുന്നു. തകഴിയുടെ കാലത്ത് സമൂഹത്തിന്റെ വേദനകളാണ് എഴുത്തിന്റെ വിഷയം. പിന്നീട് വ്യക്തിയേക്കാളും സമൂഹത്തേക്കാളും വലുത് മനുഷ്യനാണെന്ന ബോധ്യത്തിലേക്കാണ് ഞാൻ എത്തിച്ചേർന്നത്. ഇതെന്റെ എഴുത്തിന്റെ സ്വഭാവം തന്നെ മാറ്റി. എം.മുകുന്ദൻ പറഞ്ഞു.
നാളത്തെ എഴുത്ത് കൃത്രിമബുദ്ധിയുടെ എഴുത്താകാം. എഴുത്തുകാരുടെ കർതൃത്വം അപ്രസക്തമാക്കാൻ സാങ്കേതിക വിദ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഭാവനയുടെ വലിയ ഗോപുരങ്ങളായിരുന്നു ഇന്നലത്തെ പല മഹാകൃതികളും. എന്നാലിന്ന് ജീവിതത്തിന്റെ മണമുള്ള — യഥാർഥ വ്യക്തികളുടെയും സമൂഹത്തിന്റെയും ചരിത്രകഥകളുടെ സർഗാത്മകാവിഷ്കാരങ്ങൾക്കാണ് വായനക്കാരുള്ളത്.Extraordinary life and death of Sunanda Pushkar എന്ന പുസ്തകമാണ് ഗോവൻ ലിറ്റററി ഫെസ്റ്റിവലിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞത്.ജീവിച്ചിരുന്ന ആളെക്കുറിച്ച് അറിയാനുള്ള താല്പര്യം മൂലമാണ് അവ വായിക്കപ്പെടുന്നത്. ഹിന്ദി സാഹിത്യത്തിലെ കുലപതിയായനിർമ്മൽ വർമ്മയെപ്പോലുളളവരുടെ രചനകൾ ആയിരം കോപ്പികൾ മാത്രം അടിക്കുമ്പോൾ ഇന്ന് മലയാളത്തിൽ പതിനായിരം കോപ്പിയൊക്കെയാണ് തുടക്കത്തിൽ തന്നെ ശ്രദ്ധേയ പുസ്തകങ്ങൾ അടിക്കുന്നത്. വായനയെ സ്നേഹിക്കുന്ന ഒരു സമൂഹമാണ് കേരളത്തിൽ നിലനിൽക്കുന്നത്.
പുസ്തകങ്ങൾ ഏറെ ലഭ്യമായ കാലത്താണ് നാം ജീവിക്കുന്നത്. നോബൽ സമ്മാന ജേതാവിന്റെ ഒരു കൃതി വായിക്കാൻ പണ്ട് മാസങ്ങൾ കാത്തിരിക്കണമായിരുന്നു. ഇന്ന് വിപണിയുടെ സാങ്കേതിക വളർച്ച മൂലം വെറും മൂന്നു ദിവസം കൊണ്ട് ഏതു പുസ്തകവും ലഭ്യമാകുന്നു. എങ്കിലും ഏതു പുസ്തകവും അംഗീകാരം നേടുമെന്ന് കരുതരുത്. രാഷ്ട്രീയ ശരിയുള്ള പുസ്തകങ്ങൾ മാത്രമേ കാലത്തെ അതിജീവിക്കൂ” എം മുകുന്ദൻ പറഞ്ഞു.കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി.ജയമോൾ, മലയാള വിഭാഗം മേധാവി എസ് ജോസഫ്, അരവിന്ദൻ (ഡിസി ബുക്സ് ) അനീറ്റ മാത്യു, ( മലയാളം ബിരുദാനന്തര ബിരുദം വിദ്യാർഥിനി ), ഡോ സുമി ജോയി ഓലിയപ്പുറം ( പ്രഭാഷണ പരിപാടിയുടെ കോർഡിനേറ്റർ)എന്നിവർ സംസാരിച്ചു.