മാനസികാസ്വാസ്ഥ്യമുള്ള അച്ഛന്‍.…

Web Desk
Posted on October 09, 2018, 9:21 pm

കെ കെ ജയേഷ്

കോഴിക്കോട്: മാനസികാസ്വാസ്ഥ്യമുള്ള അച്ഛന്‍.. ഏഴ് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളും അമ്മയും ചെറിയമ്മയും മുത്തശ്ശിയുമെല്ലാമടങ്ങുന്ന വലിയൊരു കുടുംബം. ഈ അന്തരീക്ഷത്തിലായിരുന്നു കവി എം എന്‍ പാലൂരിന്റെ ജീവിതം. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത രാപ്പകലുകള്‍.. ഒന്നും സംഭവിക്കാതെ ദിവസങ്ങള്‍ കൊഴിഞ്ഞുവീണുകൊണ്ടിരുന്നു. തന്റെ വേറിട്ട ശബ്ദം എവിടെയെങ്കിലും കേള്‍പ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചെങ്കിലും ഒന്നിനും സാധിക്കാത്ത അവസ്ഥ… ആചാരാനുഷ്ഠാനങ്ങളില്‍ മുറുകെ പിടിച്ച കുടുംബമായിരുന്നു പാലൂരിന്റേത്. ഈയൊരു പശ്ചാത്തലത്തില്‍ നിന്ന് മാറി മറ്റൊരു ജീവിതത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും സ്വപ്നം കണ്ടു. അങ്ങിനെയാണ് വേദപഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് അദ്ദേഹം മുന്നോട്ട് നടന്നത്. ആചാരാനുഷ്ഠാനങ്ങളെയെല്ലാം പിന്തള്ളി യഥാര്‍ത്ഥ ജീവിതത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. പരാജയങ്ങളും മടുപ്പുകളും കടന്ന് വിജയത്തിന്റെ വഴിയിലേക്ക് നടന്നു കയറി… നിരവധി വെല്ലുവിളികളെ തരണം ചെയ്താണ് ഒടുവില്‍ അദ്ദേഹം ആധുനിക കവികളില്‍ തന്റേതായ ശബ്ദം അടയാളപ്പെടുത്തിയ കവികളിലൊരാളായി വളര്‍ന്നത്.

ഒരിക്കല്‍ കലാമണ്ഡലത്തില്‍ നിന്നും വള്ളത്തോള്‍ പാലൂരിനെ തിരിച്ചയയ്ക്കുകയായിരുന്നു. എന്നാല്‍ തളരാതെ പ്രഗത്ഭരമായ ഗുരുക്കന്‍മാരുടെ കീഴില്‍ അഭ്യസിച്ച് നല്ലൊരു സ്ത്രീ വേഷക്കാരനെന്ന പട്ടം അദ്ദേഹം സ്വന്തമാക്കി. സംസ്കൃതം ഉള്‍പ്പെടെ സ്വായത്തമാക്കി. എന്നാല്‍ പിന്നീട് കഥകളിയുടെ ലോകത്ത് നിന്നും അദ്ദേഹം മാറിനടന്നു. മുന്നോട്ടുള്ള ജീവിതം വലിയൊരു ഇരുട്ടായി മുന്നില്‍ നിറഞ്ഞ നാളുകള്‍. മരണത്തെപ്പറ്റി വരെ നിരന്തരം അദ്ദേഹം ചിന്തിച്ചു. അത്തരം ചിന്തകളില്‍ നിന്ന് വഴുതിമാറി ജീവിക്കാനുള്ള പെടാപ്പാടായിരുന്നു പിന്നീട്. ഹോട്ടല്‍ ജീവനക്കാരന്റേത് ഉള്‍പ്പെടെ വിവിധ ജോലികള്‍.. ഒന്നിലൂടെയും രക്ഷയില്ലെന്ന് വന്നപ്പോള്‍ ബോംബെയ്ക്ക് വണ്ടി കയറി. എന്നാല്‍ കൂടുതല്‍ പ്രയാസങ്ങളായിരുന്നു അവിടെ അദ്ദേഹത്തെ കാത്തിരുന്നത്. പലപ്പോഴും പട്ടിണിയായി.. പലരുടെയും കാലുപിടിച്ചു. പോരാട്ട വീര്യമുള്ള മനസ്സ് അദ്ദേഹത്തെ ദുരിതങ്ങളില്‍ നിന്ന് പിടിച്ചു കയറ്റി. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഓപറേറ്ററായും ചീഫ് ഓപറേറ്ററായും വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതം. ഇതിനിടയില്‍ അതിമനോഹരങ്ങളായ നിരവധി കവിതകള്‍. ഒട്ടേറെ പുരസ്‌ക്കാരം എല്ലാം അദ്ദേഹത്തെ തേടിയെത്തി.

പ്രതീക്ഷയും വെളിച്ചവും നിറഞ്ഞു നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ രചനകള്‍ എല്ലാം. തോല്‍വികളില്‍ പതറാതെ മുന്നോട്ട് പോകാന്‍ അത് വായനക്കാരനെ പ്രേരിപ്പിക്കുന്നു. അവിടെ കാലുഷ്യമോ ആത്മനിന്ദയോ ഇല്ല. മധുര മനോഹരമായി ജീവിതത്തെ നോക്കിക്കാണുകയാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം ഉള്‍പ്പെടെ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ‘കഥയില്ലാത്തവന്റെ കഥ ’ എന്ന ആത്മകഥ ഉള്‍പ്പെടെയുള്ള രചനകള്‍. കഥയില്ലാത്തവന്റെ കഥയെന്ന് എഴുത്തുകാരന്‍ പറയുമ്പോഴും വെല്ലുവിളികളെയും തിരിച്ചടികളെയും ഒന്നൊന്നായി നേരിട്ട് വലിയൊരു പ്രതിഭയിലേക്ക് വളര്‍ന്നുവന്നൊരു വ്യക്തിയുടെ ജീവിതം നിറഞ്ഞു നില്‍ക്കുന്നതാണ് ഈ പുസ്തകം. മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്ന് കൂടിയാണ് ഈ പുസ്തകം. പേടിത്തൊണ്ടന്‍, കലികാലം, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ചമാങ്ങ തുടങ്ങിയ അദ്ദേഹത്തിന്റെ രചനകള്‍ ഓരോന്നും മലയാള സാഹിത്യ ലോകത്ത് അടയാളപ്പെടുത്തപ്പെട്ടവയാണ്.

ജീവിത സംഘര്‍ഷങ്ങളുടെയും പോരാട്ടങ്ങളുടെയും ഗാഥയാണ് മഹാഭാരതം. പാലൂരിന് വളരെ പ്രിയപ്പെട്ട ഗ്രന്ഥവും ഇത് തന്നെയായിരുന്നു. തന്റെ രചനകളിലും ജീവിതത്തിലും മഹാഭാരതം വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. മഹാഭാരതം പോലെ പാലൂരിന്റെ ജീവിതവും പോരാട്ടങ്ങളുടെ കഥയാണ്. പരാജയങ്ങളോടും വെല്ലുവിളികളോടും എതിരിട്ടാണ് പാലൂര്‍ ഉയര്‍ന്നു വന്നത്. വായനക്കാരുടെ മനസ്സില്‍ ശുഭചിന്തകള്‍ നിറയ്ക്കുന്നതാണ് പാലൂരിന്റെ രചനകള്‍. ലീലാവതി ടീച്ചര്‍ പറഞ്ഞതുപോലെ ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്‍ശന ദീപ്തി കൊണ്ടും മലയാള കവിതാ ലോകത്ത് ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകള്‍. വാക്കുകളിലും ചിന്തകളിലും സൗമ്യത കാത്തു സൂക്ഷിച്ച കവിയും പ്രകാശം നിറഞ്ഞൊരു ജീവിതമായിരുന്നു നയിച്ചിരുന്നത്. ആ പ്രകാശം വായനക്കാരിലേക്ക് പകര്‍ന്ന് ഒടുവില്‍ കവി യാത്രയായി…