Web Desk

February 07, 2020, 8:58 pm

സാമ്പത്തിക പ്രതിസന്ധിയുടെ യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള മികച്ച ബജറ്റ്: എം. പി. അഹമ്മദ്

Janayugom Online

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയുടെ യാഥാർത്ഥ്യം ഉൾക്കൊണ്ടുള്ള മികച്ച ബജറ്റാണ് ധനമന്ത്രി ഡോ: തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം. പി. അഹമ്മദ് പറഞ്ഞു. അമിതമായ വാഗ്ദാനങ്ങളോ യുക്തിക്ക് നിരക്കാത്ത പ്രഖ്യാപനങ്ങളോ ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല. മറിച്ച് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിസ്ഥാനത്തിലുള്ള പദ്ധതികളും ക്ഷേമ പ്രവർത്തനങ്ങളും മാത്രമാണ് ബജറ്റിലുള്ളത്.
നികുതി പിരിവ് കർശനമാക്കിയാൽ മാത്രമേ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാനാകൂവെന്ന ബോധ്യം ബജറ്റ് ഉൾക്കൊള്ളുന്നുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കള്ളക്കടത്ത് തടയുന്നതിനും നികുതി വരുമാനം കൂട്ടുന്നതിനുമുള്ള നടപടികൾ ബജറ്റിൽ സ്വീകരിച്ചിട്ടുള്ളത്. നികുതി വെട്ടിപ്പിന് സാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും നിർബന്ധിത ഇ‑ഇൻവോയ്സുകൾ ഏർപ്പെടുത്താനും അതിർത്തികളിൽ സ്ഥാപിച്ച ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അവ ഇ‑വേ ബില്ലുകളുമായി ഒത്തുനോക്കാനുമുള്ള തീരുമാനം ഒരു പരിധി വരെ കള്ളക്കടത്തും നികുതി വെട്ടിപ്പും തടയാൻ സഹായകമാകും. ജി. എസ്. ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജി. എസ്. ടി പിരിവിനായി നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഇത് മാത്രം പോര. കൃത്യമായ ട്രാക്കിംഗ് സംവിധാനവും ഇ ‑ഗവേണൻസ് സംവിധാനവും കൊണ്ടുവന്നാലേ നികുതി പൂർണ്ണമായും പിരിച്ചെടുക്കാൻ കഴിയുകയുള്ളൂവെന്ന് എം. പി. അഹമ്മദ് പറഞ്ഞു.
കശുവണ്ടി, കയർ, കൈത്തറി തുടങ്ങി കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയ്ക്കും കൃഷിക്കും ബജറ്റിൽ പരിഗണനയും പദ്ധതികളും നൽകിയത് സ്വാഗതാർഹമായ കാര്യമാണ്. വീടില്ലാത്തവർക്ക് വേണ്ടി ഒരു ലക്ഷം ഫ്ളാറ്റുകൾ നിർമ്മിച്ച് നൽകാനുള്ള തീരുമാനം സമൂഹത്തിന്റെ താഴെക്കിടയിലുള്ളവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചു നടത്താൻ സഹായകമാകും. ഊർജ്ജ മേഖലയ്ക്ക് 1675 കോടി രൂപ വകയിരുത്തിയതും, ഗ്രാമീണ റോഡുകളുടെ വികസനത്തിന് 1000 കോടി രൂപ വകയിരുത്തിയതും അടിസ്ഥാന വികസന മേഖലയ്ക്ക് ഗുണകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ടൂറിസം പ്രോത്സാഹനത്തിന് 323 കോടി രൂപയാണ് വകയിരുത്തിയത്. കൂടുതൽ വിദേശ ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കിയാൽ ടൂറിസം മേഖലയിൽ നിന്ന് സംസ്ഥാനത്തിന് മികച്ച രീതിയിലുള്ള വരുമാന വർധന സാധ്യമാകുമെന്നും എം. പി. അഹമ്മദ് പറഞ്ഞു.

Eng­lish sum­ma­ry: M. P. Ahmed com­ment about 2020 ker­ala budget