എം ടി ചന്ദ്രസേനന്‍ സ്മാരക പുരസ്‌ക്കാരം മന്ത്രി പി തിലോത്തമന്

Web Desk
Posted on June 30, 2019, 7:23 pm

ആലപ്പുഴ: പുന്നപ്ര വയലാര്‍ സമര സേനാനിയും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ എം ടി ചന്ദ്രസേനന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡിന് ഭക്ഷ്യ മന്ത്രി പി തിലോത്തമന്‍ അര്‍ഹനായി. പൊതു വിതരണ രംഗത്ത് കേരളത്തെ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്തിന്റെ പേരിലാണ് അവാര്‍ഡ് നല്‍കുന്നത്.

ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കാത്തതിന്റെ പേരില്‍ കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണം നിര്‍ത്തലാക്കുന്ന ഘട്ടത്തില്‍ മുന്‍കാല പിഴവുകള്‍ പരിഹരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ ഭക്ഷ്യ സുരക്ഷാ നിയമം ഇന്ത്യയ്ക്കാകെ മാതൃകയായി നടപ്പിലാക്കുന്നതിന് അദ്ദേഹം കഠിനാദ്ധ്വാനം ചെയ്തിരുന്നു. മുന്‍ കാലങ്ങളില്‍ അഴിമതിയ്ക്ക് പേര്‌കേട്ട ഭക്ഷ്യ വകുപ്പില്‍ സുതാര്യമായ ഭരണ പരിഷ്‌ക്കാരത്തിലൂടെ അഴിമതി കുറച്ച് കൊണ്ട് വരുവാനും കഴിഞ്ഞു. രാജ്യത്തിന് മാതൃകയായി പൊതുവിതരണ രംഗം മാറ്റിയെടുത്തതില്‍ അദ്ദേഹത്തിന്റെ പങ്ക് മാതൃകാപരമാണെന്ന് ട്രസ്റ്റ് വിലയിരുത്തി.

എം ടി ചന്ദ്രസേനന്റെ ചരമ ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 16 വെള്ളിയാഴ്ച 4 മണിക്ക് ആലപ്പുഴ സുഗതന്‍ സ്മാരക ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് നല്‍കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ എ ശിവരാജനും സെക്രട്ടറി ടി ജെ ആഞ്ചലോസും അറിയിച്ചു.

You May Also Like This: