എംഎ ഇംഗ്ളീഷ് ചോദ്യം കണ്ട് പിള്ളാര്‍ ഞെട്ടി ; സന്തോഷം കൊണ്ടും ഞെട്ടുമോ

Web Desk
Posted on February 06, 2019, 9:08 pm

തിരുവനന്തപുരം; ചോദ്യം എന്നൊക്കെ പറഞ്ഞാല്‍ ഇങ്ങനെവേണം, അതായത് ഓരോ സെമസ്റ്ററിലും ഇങ്ങനെ ചോദ്യമായാല്‍ വിജയശതമാനം കണ്ടമാനം വര്‍ദ്ധിച്ചേനേ, അല്ലെങ്കില്‍ത്തന്നെ എന്തിനാ ഇങ്ങനെ വലിച്ചുവാരി സാഹിത്യം പഠിക്കുന്നത്. അധികം ആയാല്‍ അമൃതുംവിഷമെന്നല്ലേ പ്രമാണം. വളരെ കുറച്ചു പഠിക്കുക, അതുമാത്രം ഉത്തരമെഴുതുക എന്തിനാണീ കടലുപോലെയുള്ള സാഹിത്യം പഠിച്ച് തലപുണ്ണാക്കുന്നത്. ചോദ്യം കണ്ടെത്താനും പിന്നെ അതിന് ഉത്തരം കണ്ടെത്താനും ഒക്കെ എന്തുമാത്രം പാടാണ്. ചോദ്യമൊക്കെ ഒരേ തരത്തിലാവണം. ഉത്തരവുമതേ. ശമ്പളംമാത്രം യുജിസി സ്‌കെയിലില്‍ പോരണം.
സംഗതി കേരളാ യൂണിവേഴ്‌സിറ്റി എംഎ ഇംഗ്ളീഷ് സാഹിത്യത്തിന്റെ ഒന്നാം സെമസ്റ്റര്‍ ചോദ്യം സംബന്ധിച്ചാണ്. ഇന്നലെ ലഭിച്ച ചോദ്യം കണ്ട് വിദ്യാര്‍ഥികള്‍ ഞെട്ടി. ട്രോളര്‍ഭാഷയില്‍ പറഞ്ഞാല്‍ ഞാനിത് എവിടെയോ.. പെട്ടെന്ന് ഉത്തരവും കിട്ടി. കഴിഞ്ഞവര്‍ഷത്തെ ചോദ്യപേപ്പര്‍ തന്നെ. എ പാര്‍ട്ടും ബി പാര്‍ട്ടും എല്ലാം തനിപ്പകര്‍പ്പ്. മാറ്റമില്ലെന്ന് പറയാനാവില്ല ചില്ലറപൊടിക്കൈകള്‍ അത് പക്ഷേ പ്രസുകാരന്‍ ചെയ്തതാണോ എന്നുപോലും ന്യായമായും സംശയിക്കാം. മാറ്റമുള്ളത് വര്‍ഷം കോഡ് എന്നിവയ്ക്കുമാത്രം.