22 January 2025, Wednesday
KSFE Galaxy Chits Banner 2

വിനോദ സഞ്ചാരത്തിന്റെ സാധ്യതകൾ തുറന്നിട്ട് മാക്രിമടബണ്ട് റോഡ്

ബൈജു എ
മാവേലിക്കര
November 19, 2021 7:28 pm

പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം കൊണ്ടും പേരിന്റെ പ്രത്യേകത കൊണ്ടും ആകർഷണീയമാകുകയാണ് മാവേലിക്കര ആക്കനാട്ടുകര മാക്രിമട ബണ്ട് റോഡ്. കൃഷിയോടൊപ്പം വിനോദ സഞ്ചാരത്തിന്റെ ഏറെ സാധ്യതകളാണ് തഴക്കര പാടശേഖരത്തിലൂടുള്ള ഈ ബണ്ട് റോഡിലുള്ളത്. തഴക്കര പഞ്ചായത്തിലെ മൂന്ന്, 17 മുതൽ 21 വരെയുള്ള വാർഡുകളും മാവേലിക്കര നഗരസഭയിലെ പുതിയകാവ് എന്നീ ഭാഗങ്ങളിലായാണ് തഴക്കര പുഞ്ച വ്യാപിച്ചു കിടക്കുന്നത്. പുഞ്ചയെ കോളശേരി പാടം, തഴക്കര, റെയിൽവേ പാലം മുതൽ പുതിയകാവ് ചന്ത വരെ, പുതിയകാവ് പാലം മുതൽ ആറ്റുമുഖം വരെ എന്നീ നാലു ഭാഗങ്ങളായി തിരിക്കാം.

കോളശേരി പാടം നൂറ് ഏക്കറും തഴക്കര ഭാഗം 350 ഏക്കറുമാണ്. മാക്രിമട മുതൽ റെയിൽവേ മേൽപ്പാലം വരെ വരുന്ന ഈ ഭാഗം നാല് മുനമ്പുകളായാണ് സ്ഥിതി ചെയ്യുന്നത്. അറുന്നൂറ്റിമംഗലം, ആക്കനാട്ടുകര, കല്ലുമല, പുതിയകാവ് പ്രദേശങ്ങളിലായി ഇവ വ്യാപിച്ചു കിടക്കുന്നു. ആക്കനാട്ടുകരയെ അറുന്നൂറ്റിമംഗലവുമായി ബന്ധിപ്പിക്കുന്ന മാക്രിമട ബണ്ട് റോഡിന്റെ തെക്കുവശത്താണ് 100 ഏക്കറുള്ള കോളശേരി പാടം. തഴക്കര പഞ്ചായത്തിലെ കണ്ണാട്ടുമോടിയിൽ നിന്നാരംഭിച്ചു മാക്രിമട, പുതിയകാവ് വഴി പ്രായിക്കരയിൽ അച്ചൻകോവിലാറ്റിൽ പതിക്കുന്ന കാപ്പിച്ചാലിനു സൗന്ദര്യമേറെയാണ്.

ആറര കിലോമീറ്ററോളം ദൈർഘ്യമുള്ള തഴക്കരയുടെ വിശാലമായ ജലസംഭരണിയാണിത്. കാപ്പിച്ചാലിൽ നിന്നു വെള്ളം പമ്പ് ചെയ്യുന്നതിനായി മൈനർ ഇറിഗേഷന്റെ പമ്പ് ഹൗസ് മാക്രിമടയിലുണ്ട്. കരക്കണ്ടങ്ങളിലേക്ക് വെള്ളം എത്തിക്കാനായി കാപ്പിച്ചാലിൽ നിന്നു അഞ്ച് കൈത്തോടുകളും മേൽക്കണ്ടങ്ങൾക്കു ചുറ്റും കരത്തോടുകളും ഉണ്ട്. ഈ തോടുകളിലൂടെയാണ് വരൾച്ച സമയത്തു വെള്ളം പമ്പ് ചെയ്ത് ആവശ്യമെങ്കിൽ കനാൽ പുഞ്ചയിൽ എത്തിക്കുന്നത്. ഇങ്ങനെ കണ്ണിന് ഇമ്പമേകുന്ന മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലമാണ് മാക്രിമട ബണ്ട്. ബണ്ട് റോഡിൽ നിന്നും നാല് ദിക്കുകളിലേക്കുള്ള കാഴ്ചയും നയനാനന്ദകരമാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടത്തിന്റെ കുളിരുന്ന കാറ്റും പ്രത്യേക അനുഭൂതി പകരും. ക്രിയാത്മകമായ സമീപനത്തോടെ പദ്ധതികൾ ആവിഷ്കരിച്ചാൽ തഴക്കര പുഞ്ചയിലെ കൃഷി മുടങ്ങാതെ തന്നെ മികച്ച വിനോദ സഞ്ചാര പദ്ധതി ആവിഷ്കരിക്കാൻ സാധിക്കാമെന്നതിന് തെളിവാണ് ദിനംപ്രതി ഇവിടെ എത്തുന്നവരുടെ വർധനവ് ചൂണ്ടിക്കാണിക്കുന്നത്.

ഗ്രാമഭംഗി ഇഷ്ടപ്പെടുന്നവർക്ക് കണ്ണിന് ഇമ്പമേകുന്ന മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മാക്രിമട ബണ്ട് റോഡിൽ നിന്നുള്ള പുഞ്ചയുടെ സൗന്ദര്യം ആസ്വദിക്കാൻ കുടുംബസമേതമാണ് പലരും എത്തുന്നത്. സിനിമകൾ, വീഡിയോ ചിത്രീകരണങ്ങൾ എന്നിവയ്ക്കായും നിരവധി പേർ എത്തുന്നുണ്ട്. ഒരിക്കലും നിരാശ തോന്നാത്തത കാഴ്ചകൾ സമ്മാനിക്കാൻ മാക്രിമടക്ക് കഴിയുമെന്നതിൽ സംശയമില്ല. പ്രകൃതി രമണീയമായ സ്ഥലം തനിമ നിലനിർത്തി മികച്ച വിനോദ സഞ്ചാര കേന്ദ്രമാകുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ.

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 22, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.