അരങ്ങ് സാക്ഷി, കിരീടമഴിച്ചു

ഗുരു ചെങ്ങന്നൂര്‍ ആടിത്തിമിര്‍ക്കുന്ന ദേവസഭാതലത്തിലേക്ക് മടവൂര്‍ വാസുദേവന്‍നായരും. തിടുക്കത്തിലായതുകൊണ്ടാകാം, ചുട്ടി അഴിക്കാതെ തന്നെ ആചാര്യന് അരങ്ങൊഴിഞ്ഞു. കിരീടം അഴിച്ചുവച്ചെങ്കിലും അവസാന ആട്ടത്തിന് മുഖത്തണിഞ്ഞ ചുട്ടി മായ്ക്കാതെയാണ് ആചാര്യന് അന്ത്യവിശ്രമത്തിനൊരുങ്ങിയത്.
കഥകളിയിലെ എല്ലാ വേഷങ്ങളും അദ്ദേഹം കെട്ടിയിട്ടുണ്ടെങ്കിലും ഗുരു ചെങ്ങന്നൂരിനെ പോലെ കത്തിയും വെള്ളത്താടിയുമായിരുന്നു അദ്ദേഹത്തിന് ഏറ്റവും ഇണങ്ങുന്നത്. ഔചിത്യമാണ് മടവൂരിന്റെ മുഖമുദ്ര. ഏത് കഥാപാത്രത്തെ അരങ്ങത്ത് അവതരിപ്പിച്ചാലും കഥാപാത്രത്തിന് യോജിക്കാത്തതൊന്നും അദ്ദേഹം കാട്ടില്ല. അതേസമയം കഥാപാത്രത്തിന്റെ വിജയത്തിന് എന്ത് ത്യാഗത്തിനും അദ്ദേഹം തയ്യാറാകും. ഗുരുകുല സമ്പ്രദായമനുസരിച്ച് ഗുരു ചെങ്ങന്നൂരിന്റെ വീട്ടില്‍ നിന്ന് കഥകളി പഠിച്ച മടവൂര്‍ വാസുദേവന്‍ നായരുടെ ആദ്യവേഷം പതിമൂന്നാം വയസ്സിലായിരുന്നു. ഉത്തരാസ്വയംവരത്തിലെ ഭാനുമതിയായിരുന്നു ആദ്യ വേഷം. 35 വയസിന് ശേഷം സ്ത്രീവേഷം ചെയ്തിട്ടില്ല. ഗുരു ചെങ്ങന്നൂരിന്റെ നിര്‍ദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ബന്ധുവായ സാവിത്രിയമ്മയെയാണ് പില്ക്കാലത്ത് മടവൂര്‍ ജീവിതസഖിയാക്കിയത്.
കലയോട് ആഭിമുഖ്യമുള്ള കുടുംബത്തിലായിരുന്നു വാസുദേവന്‍ നായരുടെ ജനനം.
തിരുവനന്തപുരം കരോട്ട് വീട്ടില്‍ രാമചന്ദ്രക്കുറുപ്പിനും കല്യാണിയമ്മയ്ക്കും ആറുപുത്രന്മാരും ഒരു പുത്രിയും ജനിച്ചതില്‍ മൂന്നാമത്തെ പുത്രനായാണ് മടവൂര്‍ വാസുദേവന്‍ നായരുടെ ജനനം. മൂത്ത ജ്യേഷ്ഠന് സംസ്കൃതഭാഷയിലും കര്‍ണ്ണാടകസംഗീതത്തിലും നിപുണനായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് മടവൂരിന് ശാസ്ത്രീയകലകളിലുള്ള താല്‍പ്പര്യം ജനിയ്ക്കുന്നത്. ആ താല്‍പ്പര്യത്തിന്റെ സാക്ഷാത്കാരമായിരുന്നു കൊല്ലവര്‍ഷം 1117 മിഥുനത്തില് മടവൂര്‍ പരമേശ്വരന്‍പിള്ളയുടെ ശിഷ്യനായി കച്ച കെട്ടി കഥകളി അഭ്യസനം ആരംഭിച്ചത്.
പണിമൂല ക്ഷേത്രത്തില്‍ ഗുരു ചെങ്ങന്നൂരിന്റെ താല്‍പ്പര്യപ്രകാരം ഒരിക്കല്‍ വാസുദേവന്‍ നായര്‍ രംഭാപ്രവേശത്തിലെ രംഭയുടെ വേഷം അണിയുകയുണ്ടായി. ചെങ്ങന്നൂരിന്റെ പ്രത്യേക പ്രീതിയ്ക്കു പ്രാത്രമായത് ആ അരങ്ങിലൂടെയാണ്. പിന്നീട് തുവയൂരില്‍ ഗുരു ചെങ്ങന്നൂര്‍ കഥകളിക്കളരി തുടങ്ങിയപ്പോള്‍ വാസുദേവന്‍ നായരെ വിളിച്ചുകൊണ്ടു വരികയും സ്വഗൃഹത്തില്‍ കൊണ്ടുപോയി താമസിപ്പിച്ച് പഠിപ്പിക്കുകയും ചെയ്തു. ഗുരു ചെങ്ങന്നൂരിന്റെ കീഴില്‍ പന്ത്രണ്ടുവര്‍ഷം നീണ്ട കഥകളിയഭ്യസനമാണ് മടവൂരിലെ പ്രതിഭയ്ക്ക് മാറ്റ് കൂട്ടിയത്.
മടവൂരിന്റെ ഓര്‍മ്മയില്‍ എന്നും ആവേശം ജനിപ്പിച്ചിരുന്ന ഒരു സംഭവമായിരുന്നു ജവഹര്‍ലാല്‍ നെഹ്രുവിന്റെ മുന്നില്‍ കഥകളി അവതരിപ്പിച്ചത്. ബാണയുദ്ധമായിരുന്നു കഥ. ഗുരു ചെങ്ങന്നൂര്‍ ബാണനായി അരങ്ങത്ത്. കലാമണ്ഡലം കൃഷ്ണന്‍നായരായിരുന്നു ചിത്രലേഖ. മടവൂരായിരുന്നു ഉഷയെ അവതരിപ്പിച്ചത്. കഥകളിയുമായി താന്‍ താദാത്മ്യം പ്രാപിച്ചുവെന്ന നെഹ്രുവിന്റെ വാക്കുകള്‍ തന്റെ ജീവിതത്തിലെ മികച്ച അംഗീകാരമായി മടവൂര്‍ കണ്ടിരുന്നു.
2011ലെ റിപ്പബ്ലിക്ദിന തലേന്നാണ് പത്മഭൂഷണ്‍ ബഹുമതി മടവൂരിനെ തേടിവന്നത്. ഇത് അറിയിച്ചപ്പോഴും അദ്ദേഹം അമിതമായി ആഹ്ലാദിച്ചില്ല. ‘ദുര്യോധനന് ആകാന്‍ പോകുന്നതിന്റെ തിടുക്കത്തിലാണ് ഞാന്‍. അതിനിടെ പത്മശ്രീയും പത്മഭൂഷണുമൊന്നും തലയില്‍ കയറില്ല’- മടവൂരിന്റെ ആത്മഗതം ഇങ്ങനെയായിരുന്നു. കഥകളിയുടെ തെക്കന്‍ സമ്പ്രദായത്തിന്റെ സവിശേഷ വ്യക്തിത്വവും സൗന്ദര്യവും ഉയര്‍ത്തിപ്പിടിച്ച നടന് ഇനി ഓര്‍മ്മകളില്‍ മാത്രം…
അഞ്ചല്‍ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവണവിജയം കഥകളിയില്‍ വേഷം അവതരിപ്പിച്ച് തുടങ്ങി ആറ് മിനിട്ട് കഴിഞ്ഞപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തെക്കന്‍ ചിട്ടയുടെ സവിശേഷ വ്യക്തിത്വവും സൗന്ദര്യവും ഉയര്‍ത്തിപ്പിടിച്ച കഥകളി ആചാര്യനായിരുന്നു മടവൂര്‍ വാസുദേവന്‍ നായര്‍. ബാണയുദ്ധത്തിലെ ബാണന് ഉത്തരാസ്വയംവരത്തിലെ ദുര്യോധനന്, തോരണയുദ്ധം, കല്യാണസൗഗന്ധികം എന്നിവയിലെ ഹനുമാന്, ദുര്യോധന വധത്തിലെ ദുര്യോധനന് എന്നീ വേഷങ്ങളില്‍ പ്രസിദ്ധനായിരുന്നു. 2011ല്‍ രാജ്യം പത്മഭൂഷണ്‍ നല്കി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കലാമണ്ഡലം ഫെലോഷിപ്പ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ രംഗകുലപതി അവാര്‍ഡ്, തുളസീവനം പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.