മധു വധം, ഹൈക്കോടതി സ്വമേധയാ കേസെടുക്കും

Web Desk
Posted on February 28, 2018, 9:40 am

പാലക്കാട്‌ : അട്ടപ്പാടിയില്‍  മധുവിനെ (35) ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കും. ഹെക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടക്കുന്നത്.
ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയതു കൊണ്ടാണ് ഹൈക്കോടതി സ്വമേധയാ പൊതുതാല്‍പര്യ ഹര്‍ജിയായി ഈ കത്ത് പരിഗണിക്കുന്നത്.

ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ കത്തില്‍ സാക്ഷര കേരളത്തിനു നാണക്കേടാണ് സംഭവമെന്നാണ്‌ വിലയിരുത്തുന്നത്.വിദ്യാസമ്പന്നരായ ജനതയ്ക്കു യോജ്യമായ പ്രവര്‍ത്തിയല്ല നടന്നത്. അരിയും ഭക്ഷണവസ്തുക്കളും ചെറിയ തോതില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയെന്നാണ് മനസിലാക്കുന്നത്‌.

വിശപ്പ് കാരണം മധുവിനു ഭക്ഷണം മോഷ്ടിക്കേണ്ടി വന്നെങ്കില്‍ അത് വ്യക്തമാക്കുന്നത് ആദിവാസി ക്ഷേമ പദ്ധതികളുടെ പരാജയമാണ്. പദ്ധതിയുടെ പ്രയോജനം അതിന്റെ ഗുണഭോക്താക്കള്‍ക്കു ലഭിക്കുന്ന വിധത്തില്‍ മാറ്റം വരുത്തണം. സമൂഹത്തിന്റെ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങളില്‍ തിരുത്തല്‍ നടപടികള്‍ക്കായി കോടതി ഇടപെടണം.പൊലീസിനും സംഭവത്തില്‍ വീഴ്ച്ച പറ്റി. കോടതി വിഷയത്തില്‍ ഇടപെടണമെന്നും കത്തില്‍ പറയുന്നു