മധുരഗ്രാമം പദ്ധതിയുമായി വടക്കേക്കര

Web Desk

കൊച്ചി

Posted on September 15, 2020, 5:29 pm

തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൻ്റെ (സിടിസിആർഐ) നേതൃത്വത്തിൽ മധുര ഗ്രാമം പദ്ധതിയുമായി വടക്കേക്കര. ഇതിലൂടെ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയാരംഭിക്കുകയാണ്. വളരെ ചുരുങ്ങിയ കാലയളവിൽ വിളവെടുക്കാവുന്ന കൃഷിയാണ് മധുരക്കിഴങ്ങ്.

സുഭിക്ഷ കേരളം പദ്ധതി പ്രകാരം ഭക്ഷ്യ ഉൽപ്പാദനത്തിൽ വർദ്ധനവുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ നടീൽ വസ്തുക്കൾ സിടിസിആർഐ യുടെ തൈ ഉൽപ്പാദക നഴ്സറിയിൽ ഉൽപ്പാദിപ്പിച്ചിട്ടുണ്ട്. ഇത് വടക്കേക്കരയിലെ പതിനായിരത്തോളം വീടുകളിൽ സൗജന്യമായി വിതരണം ചെയ്യും.

പരമ്പരാഗതമായി നാട്ടിൽ കൃഷി ചെയ്തുവരുന്ന മധുരക്കിഴങ്ങ് ഇനങ്ങൾക്കു പുറമേ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുൽപ്പാദന ശേഷിയും, രോഗപ്രതിരോധ ശേഷിയുമുള്ള മധുരക്കിഴങ്ങിനങ്ങൾ വടക്കേക്കരയിലെ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് സിടിസിആർഐ പ്രിൻസിപ്പൽ സയൻ്റിസ്റ്റ് ഡോ. ജിബൈജു അറിയിച്ചു.

സെപ്റ്റംബർ 17 മുതൽ മധുരക്കിഴങ്ങ് വള്ളികൾ (തലകൾ) വടക്കേക്കര കൃഷിഭവൻ വഴി, പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും വിതരണം ചെയ്യും. മൂന്ന് മാസം കൊണ്ട് എല്ലാ വീട്ടുമുറ്റങ്ങളിലും മധുരക്കിഴങ്ങ് വിളയിച്ചെടുക്കാനാവും. സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു പഞ്ചായത്തിലെ എല്ലാ വീടുകളിലും മധുരക്കിഴങ്ങ് കൃഷിയെന്ന ജനകീയ പദ്ധതി സിടിസിആർഐ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്.

Eng­lish sum­ma­ry: Mad­hu­ra Gra­mam project in Vadakkekara

You may also like this video: