Web Desk

ഭോപ്പാൽ

June 20, 2020, 6:33 pm

മധ്യപ്രദേശ് എംഎൽഎയ്ക്ക് കോവിഡ്, സ്ഥിരീകരണം രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് തൊട്ടുപിന്നാലെ

Janayugom Online

മുതിർന്ന ബിജെപി എംഎൽഎയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മണിക്കൂറുകൾക്കകമാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ പരിസരത്തുണ്ടായിരുന്ന എംഎൽഎമാരടക്കമുള്ളവർ പരിഭ്രാന്തിയിലായിരിക്കുകയാണ്.

സംസ്ഥാനത്ത് ഇതുവരെ അഞ്ഞൂറിലേറെ പേരാണ് കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. നിരവധി എംഎൽഎമാർ ഇന്ന് വിവിധ ആശുപത്രികളിൽ കോവിഡ് പരിശോധനയ്ക്കായി എത്തിയിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് എംഎല്‍എ കോവിഡ് പരിശോധനയ്ക്ക് സാമ്പിൾ നൽകിയത്. ഭാര്യയ്ക്ക് സുഖമില്ലാതെ ആയതോടെയാണ് ഇരുവരും പരിശോധനയ്ക്ക് എത്തിയത്. വൈകുന്നേരത്തോടെ ഇരുവരും പോസീറ്റീവാണെന്ന ഫലമെത്തി.

ബിജെപി എംഎൽഎമാരായ യശ്പാൽ സിങ് സിസോദിയ, ദിലീപ് മക്വാന, ദേവിലാൽ ധക്കാഡ് എന്നിവർ ഇന്ന് കോവിഡ് പരിശോധന നടത്തി. ഭോപ്പാലിലെ ജെപി ആശുപത്രിയിലാണിവർ പരിശോധനയ്ക്ക് എത്തിയത്. തങ്ങൾക്ക് യാതൊരു ലക്ഷണവുമില്ലെന്നും എന്നാൽ മുൻകരുതല്‍ എന്ന നിലയിലാണ് പരിശോധനയെന്നും ഇരുവരും അറിയിച്ചു.

മതിയായ സുരക്ഷ മുൻകരുതലുകൾ എടുത്തിരുന്നതായി മധ്യപ്രദേശ് നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി എ പി സിങ് പറഞ്ഞു. രോഗം സ്ഥിരീകരിച്ച എംഎൽഎയുമായി അടുത്തിടപഴകിയവർ ആരെല്ലാമാണെന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം അറിയിച്ചു.

ജീവനക്കാരെല്ലാം സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചിരുന്നു. നിയമസഭാ കാമ്പസ് ഇരുപത് മിനിറ്റ് കൂടുമ്പോൾ അണുനശീകരണം നടത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ രണ്ടാമത്തെ നിയമസഭാ സമാജികനാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. നേരത്തെ കോവിഡ് സ്ഥിരീകരിച്ച കോൺഗ്രസ് എംഎൽഎ പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനെത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സംസ്ഥാനത്ത് ഇതുവരെ 11.500 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

eng­lish summary:Madhya Pradesh MLA Tests COVID +ve Hours After Rajya Sab­ha Polls Voting
you may also like this video: