Web Desk

ന്യൂഡൽഹി

March 19, 2020, 6:24 pm

മധ്യപ്രദേശിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി

Janayugom Online

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്ന മദ്ധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ ഭാവി നാളെയറിയാം. നാളെ വൈകുന്നേരം അഞ്ചിനു മുമ്പ് സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഈ ഉത്തരവു പുറപ്പെടുവിച്ചത്. ഒരു വിഭാഗം എംഎൽഎമാരുടെ രാജിയോടെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുന്ന കമൽനാഥ് സർക്കാരിന് വലിയ തിരിച്ചടിയാണ് സുപ്രീംകോടതിയുടെ വിധി.

കേസുമായി ബന്ധപ്പെട്ട് കോടതി ഉത്തരവിൽ മുന്നോട്ടു വച്ച പ്രധാന നിർദ്ദേശങ്ങൾ ഇവയാണ്. ഭൂരിപക്ഷം തെളിയിക്കാൻ അസംബ്ലി സമ്മേളനം നാളെ വീണ്ടും ചേരണം. ഭൂരിപക്ഷം തെളിയിക്കുക മാത്രമായിരിക്കണം സഭാ സമ്മേളനത്തിന്റെ അജണ്ട. അസംബ്ലി നടപടികളുടെ വീഡിയോ ചിത്രീകരിക്കണം. അജണ്ടയിൻമേലുള്ള വോട്ടെടുപ്പിൽ കൈകളുയർത്തി അംഗങ്ങൾക്ക് അഭിപ്രായം അറിയിക്കാം. സമാധാനപരമായും നീതിന്യായ വ്യവസ്ഥ പാലിക്കപ്പെട്ടുമാണ് നടപടിക്രമങ്ങൾ എന്ന് ബന്ധപ്പെട്ട അധികാരികൾ ഉറപ്പു വരുത്തണം. വൈകുന്നേരം അഞ്ചു മണിക്കു മുമ്പ് ഭൂരിപക്ഷം തെളിയിക്കാനുള്ള നടപടി ക്രമങ്ങൾ അവസാനിപ്പിക്കണം. റിബൽ എംഎഎമാരുടെ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്ന് കർണ്ണാടക-മദ്ധ്യപ്രദേശ് പൊലീസ് ഡയറക്ടർ ജനറൽമാർ ഉറപ്പു വരുത്തണം.

കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്കു ചേക്കേറിയതോടെയാണ് മദ്ധ്യപ്രദേശിൽ രാഷ്ട്രീയ പ്രതിസന്ധി രൂപം കൊണ്ടത്. സിന്ധ്യക്കു പിന്നാലെ വിമത എംഎൽഎമാർ രാജിവച്ചതോടെ കോൺഗ്രസ് നേതൃത്വത്തിലുള്ള കമൽനാഥ് സർക്കാർ ന്യൂനപക്ഷമായി. എന്നാൽ എംഎൽഎമാരുടെ രാജി അംഗീകരിക്കണോ വേണ്ടയോ എന്ന തീരുമാനം സ്പീക്കർ വൈകിപ്പിക്കുകയും ഭൂരിപക്ഷം തെളിയിക്കാൻ വിളിച്ചുചേർത്ത സമ്മേളനം മാറ്റിവയ്ക്കുകയുമാണുണ്ടായത്. ഇതിനെതിരെ ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. വിമതർ കമൽനാഥിനെ കൈവിട്ടാൽ സർക്കാർ താഴെ വീഴും. എന്നാൽ വിമതർ ഇപ്പോഴും തങ്ങൾക്കൊപ്പമുണ്ടെന്നാണ് കമൽനാഥ് അവകാശപ്പെടുന്നത്.

അതേസമയം എംഎൽഎമാരുടെ രാജിക്കാര്യത്തിൽ വീഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തി തീരുമാനം എടുക്കാമെന്ന സുപ്രീംകോടതിയുടെ അഭിപ്രായം സ്പീക്കർ പ്രജാപതി തള്ളിയിരുന്നു. എംഎൽഎമാർ നേരിട്ടെത്തിയാൽ മാത്രമേ അവർ സ്വന്തനിലയിലാണ് രാജിവച്ചതെന്ന് കണക്കാക്കാൻ കഴിയൂ എന്ന നിലപാടാണ് സ്പീക്കർ സ്വീകരിച്ചത്. രാജിക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് സ്പീക്കർ രണ്ടാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തിയിട്ടില്ലെങ്കിൽ, കുതിരക്കച്ചവടത്തിനുള്ള സമയം ഇനിയും ലഭിക്കുന്നതിന് തുല്യമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.