മധ്യപ്രദേശില്‍ പതിനേഴ് ലക്ഷം പേര്‍ക്ക് ഒരു വായനശാല മാത്രം

Web Desk
Posted on August 28, 2019, 3:52 pm

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ പതിനേഴ് ലക്ഷം പേര്‍ക്ക് ഒരു വായനശാല മാത്രമെന്ന് റിപ്പോര്‍ട്ട്. ദേശീയ ശരാശരിയെക്കാള്‍ വളരെ കുറവാണിത്. 30,000 പേര്‍ക്ക് ഒരു വായനശാല എന്നതാണ് ദേശീയ ശരാശരി. വിവരാവകാശ നിയമം പ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍.
രാജ്യത്താകമാനം 46,746 വായനശാലകളാണുള്ളതെന്നും സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള രാജാറാം മോഹന്‍ റോയ് ലൈബ്രറി ഫൗണ്ടേഷന്‍ വിവരാവകാശ പ്രവര്‍ത്തകന്‍ ചന്ദ്രശേഖര്‍ ഗൗറിനെ അറിയിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വായനശാലകള്‍ ഉള്ളത്. 12,191 വായനശാലകളാണ് ഇവിടെയുള്ളത്. കേരളത്തിനാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം. ഇവിടെ 8415 വായനശാലകളുണ്ട്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ മധ്യപ്രദേശില്‍ വെറും 42 വായനശാലകള്‍ മാത്രമാണുള്ളത്. വിഷയം സംസ്ഥാന സര്‍ക്കാര്‍ അടിയന്തര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണമെന്നും പുതിയ വായനശാലകള്‍ നിര്‍മിക്കണമെന്നും ഗൗര്‍ ആവശ്യപ്പെട്ടു.
പബ്ലിക് ലൈബ്രറികളില്‍ പലതിനും നിലവാരം ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തര്‍പ്രദേശില്‍ ധാരാളം വായനശാലകള്‍ ഉണ്ടെങ്കിലും അവയ്ക്ക് വേണ്ടി ചെലവിടുന്ന തുക വളരെ കുറവാണ്. പ്രതിവര്‍ഷം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെലവിടുന്ന 22 കോടി രൂപയില്‍ 20 കോടിയും വേതനത്തിന് വേണ്ടിയാണ് ചെലവിടുന്നത്. പുസ്തകത്തിനും മറ്റുമായി വെറും രണ്ട് കോടിയാണ് ചെലവഴിക്കുന്നത്.
ചില സംസ്ഥാനങ്ങള്‍ക്ക് പബ്ലിക് ലൈബ്രറി നിയമങ്ങള്‍ പോലുമുണ്ട്. എന്നാല്‍ രാജ്യമെമ്പാടുമായി വായനശാലകളെ നിയന്ത്രിക്കാന്‍ ഒരു സംവിധാനമില്ല. തദ്ദേശ സ്ഥാപനങ്ങളിലെ നികുതിപ്പണം ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകളാണ് ഇവയെ നിയന്ത്രിക്കുന്നത്.