March 27, 2023 Monday

Related news

January 28, 2023
September 19, 2022
March 26, 2022
December 26, 2021
October 25, 2021
September 14, 2021
September 7, 2021
May 25, 2021
May 1, 2021
March 23, 2021

കമൽനാഥിന് അഗ്നിപരീക്ഷ

Janayugom Webdesk
ഭോപ്പാല്‍
March 15, 2020 10:52 pm

മധ്യപ്രദേശ് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസം തെളിയിക്കണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ഠണ്ടന്‍ മുഖ്യമന്ത്രി കമല്‍നാഥിനോടും സ്പീക്കര്‍ നര്‍മ്മദ പ്രസാദ് പ്രജാപതിയോടും നിര്‍ദ്ദേശിച്ചു. ആറ് മുന്‍മന്ത്രിമാരുടെ രാജി നിയമസഭ സ്പീക്കര്‍ സ്വീകരിച്ച പശ്ചാത്തലത്തിലാണ് വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. രാജിവച്ച 22 എംഎല്‍എമാരിൽ ആറ് മന്ത്രിമാരുടെ രാജി മാത്രമാണ് സ്പീക്കർ അംഗീകരിച്ചിട്ടുള്ളത്. മറ്റ് എംഎൽഎമാരോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബംഗളുരുവിലുള്ള ഇവർ ഇതുവരെ സ്പീക്കർക്ക് മുന്നിൽ ഹാജരായിട്ടില്ല. കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഇപ്പോഴും മതിയായ ഭൂരിപക്ഷമുണ്ടെന്നാണ് കോൺഗ്രസ് അവകാശപ്പെടുന്നത്.

കമല്‍നാഥ് സര്‍ക്കാരിന് മതിയായ ഭൂരിപക്ഷമില്ലെന്നും അത് കൊണ്ട് അവര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതുണ്ടെന്നും ഇക്കാര്യം ഗവര്‍ണര്‍ ആവശ്യപ്പെടണമെന്നും കാട്ടി മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപിസംഘം ഗവര്‍ണറെ കണ്ടിരുന്നു. ഗവര്‍ണര്‍ നിയമസഭയെ അഭിസംബോധന ചെയ്ത ശേഷം ഉടന്‍തന്നെ വിശ്വാസവോട്ട് തേടണമെന്നാണ് നിര്‍ദ്ദേശം. വിഷയത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ആലോചിക്കുന്നതായും സൂചനകൾ പുറത്തുവന്നിട്ടുണ്ട്. വിശ്വാസ വോട്ട് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കേണ്ടത് സ്പീക്കര്‍ ആണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാന്‍ യാതൊരു അധികാരവുമില്ലെന്നും ചൂണ്ടിക്കാട്ടുന്നു. വിശ്വാസവോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യം പ്രമാണിച്ച് നിയമസഭാ സമ്മേളനം കൃത്യസമയത്ത് തന്നെ ചേരണമെന്നും മാറ്റിവയ്ക്കുകയോ വൈകിക്കുകയോ പിരിച്ചുവിടുകയോ ചെയ്യരുതെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ 230 അംഗ നിയമസഭയില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞ് കിടക്കുകയാണ്. അംഗങ്ങളുടെ മരണത്തെ തുടര്‍ന്നാണിത്. കോണ്‍ഗ്രസിന് 114 അംഗങ്ങളാണ് ഉണ്ടായിരുന്നത്. 107 ആണ് ബിജെപിയുടെ അംഗബലം. ഗുണയില്‍ നിന്നുള്ള മുന്‍ പാര്‍ലമെന്റംഗം കൂടിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പമാണ് 22 നിയമസഭാംഗങ്ങൾ രാജിവച്ചത്.

എംഎൽഎമാർ തിരിച്ചെത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ന് വിശ്വാസവോട്ട് നടക്കാനിരിക്കെ കോൺഗ്രസ് എംഎൽഎമാർ ഭോപ്പാലിൽ തിരിച്ചെത്തി. ജയ്‌പൂരിലെ റിസോർട്ടിലാണ് ഇതുവരെ എംഎൽഎമാർ താമസിച്ചിരുന്നത്. ഇന്നലെ മുഖ്യമന്ത്രി കമൽനാഥ് മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തിരുന്നു. ആറ് വിമത മന്ത്രിമാരുടെ രാജി സ്പീക്കർ സ്വീകരിച്ചതോടെ സഭയിലെ ഭൂരിപക്ഷം 113 ആയി ചുരുങ്ങിയിട്ടുണ്ട്. അതേസമയം ഇന്ന് വിശ്വാസവോട്ടെടുപ്പ് നടക്കുന്നതിനെ തുടർന്ന് ഭോപ്പാലിൽ കനത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഭോപ്പാൽ ജില്ലയിൽ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാർച്ച് 16 മുതൽ ഏപ്രിൽ 13 വരെയാണ് നിരോധനാജ്ഞ.

Eng­lish Sum­ma­ry: mad­hyapradesh polit­i­cal crisis

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.