മടിക്കൈ കമ്മാരന്‍ നിര്യാതനായി

Web Desk
Posted on December 12, 2017, 11:46 am
കാഞ്ഞങ്ങാട്:കാസര്‍കോട് ജില്ലയിലെ പ്രഥമ ജില്ലാ പ്രസിഡന്റും ബിജെപി ദേശീയ സമിതി അംഗവുമായ  മടിക്കൈ കമ്മാരന്‍(76) നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം പിന്നീട്. 1938 ജനുവരി ഒന്നിന് മടിക്കൈ കല്യാണത്തെ കര്‍ഷകന്‍ പി.കോരന്റെയും കോട്ടച്ചേരി കുമ്മണാര്‍ കളരി തറവാട്ടംഗം കുമ്പ അമ്മയുടെയും അഞ്ചാമത്തെ മകനായാണു ജനനം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എ ഐ എസ് എഫിലൂടെയാണ് രാഷ്ട്രീയ പ്രവേശം. പിന്നീട് ഡോ.റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനായി.
ജനസംഘത്തിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പ്രക്ഷോഭം നയിച്ചതിനു ജയില്‍ ശിക്ഷയും അനുഭവിച്ചു. 1980ല്‍ ബിജെപി രൂപംകൊണ്ടപ്പോള്‍ കാസര്‍കോട് ജില്ലയില്‍ നേതൃത്വസ്ഥാനത്തെത്തുകയായിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റുമായി. രണ്ടു തവണ ബിജെപി നിയമസഭാ സ്ഥാനാര്‍ഥിയായി മത്സരിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തോടൊപ്പം പഴയകാലത്ത് കലാനാടക രംഗങ്ങളിലും സജീവമായിരുന്നു.  അവിവാഹിതനാണ്.