മടിയനുകിട്ടിയ ശിക്ഷ

Web Desk
Posted on June 30, 2019, 9:32 am

സന്തോഷ് പ്രിയന്‍

മഹാമടിയനായിരുന്നു രാരിച്ചന്‍. ഒരിയ്ക്കല്‍ രാരിച്ചന്‍ ജോലിക്കായി ഗള്‍ഫിലേക്ക് പോയി. അയാളുടെ അച്ഛനുമമ്മയും കഷ്ടപ്പെട്ടുണ്ടാക്കിയ പണമെല്ലാം ഗള്‍ഫില്‍ പോകാന്‍ രാരിച്ചന് കൊടുത്തു.
‑ഹൊ, അങ്ങനെ ഒടുവില്‍ നമ്മുടെ മടിയനായ മകന്‍ ഗള്‍ഫില്‍ ജോലിക്കു പോയി. അവന്‍ ഇനി അധ്വാനിച്ച് പണമുണ്ടാക്കി വരട്ടെ- വൃദ്ധദമ്പതികള്‍ സന്തോഷിച്ചു.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അതാ രാരിച്ചന്‍ തിരികെ നാട്ടിലെത്തി.
‘ഹൊ, എനിക്ക് അവിടെ ചെന്നപ്പോള്‍ ഏതോ ഭയങ്കര അസുഖം പിടിപെട്ടു. ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍മാര്‍ വേഗം നാട്ടിലേക്കു പോകാന്‍ പറഞ്ഞു. ചോദിച്ചവരോടെല്ലാം രാരിച്ചന്‍ അങ്ങനെ പറഞ്ഞു. ഇത് കേട്ട് അച്ഛനും അമ്മയും ആകെ വിഷമിച്ചു. ഇത് രാരിച്ചന്റെ സൂത്രമാണെന്ന് അവര്‍ക്ക് മനസിലായി. പണിയെടുക്കാതിരിക്കാനുള്ള സൂത്രം.
‘എങ്കില്‍ നമുക്ക് വേഗം നാട്ടിലെ വൈദ്യനെ കാണിക്കാം.’ അച്ഛന്‍ പറഞ്ഞു. ആദ്യം എതിര്‍ത്തെങ്കിലും ഒടുവില്‍ രാരിച്ചന്‍ സമ്മതിച്ചു.
അങ്ങനെ രാരിച്ചനെ അവര്‍ വൈദ്യന്റെ അടുത്തെത്തിച്ചു. പരിശോധിച്ചപ്പോള്‍ രാരിച്ചന് ഒരു കുഴപ്പവുമില്ലെന്ന് വൈദ്യന് മനസിലായി.
‘നിങ്ങള്‍ക്ക് ഒരു അസുഖവും കാണുന്നില്ലല്ലോ.’ വൈദ്യന്‍ പറഞ്ഞു.
‘അയ്യോ വൈദ്യരേ എന്റെ വയറിന് ഭയങ്കര വേദനയാ.’ രാരിച്ചന്‍ വയറ് തടവികൊണ്ട് പറഞ്ഞു. മടിയനായ രാരിച്ചനെ ഒരു പാഠം പഠിപ്പിക്കാന്‍ തന്നെ വൈദ്യന്‍ തീരുമാനിച്ചു. അദ്ദേഹം പറഞ്ഞു.
‘ഓഹോ, എങ്കില്‍ അതിന് ഒരു മരുന്നുണ്ട്. ഇത് പ്രത്യേകതയുള്ള ഒരു രോഗമാ. ഈ വയറുവേദന മാറാന്‍ ഇന്നുമുതല്‍ ഏഴുദിവസം വരെ വീട്ടിലെ അരകല്ല് കഴുത്തില്‍ കെട്ടിതൂക്കി ദിവസം ഏഴുതവണ വീടിന് വലംവയ്ക്കണം.’ അതുകേട്ട് രാരിച്ചന്‍ ഞെട്ടി. ‑ങേ കഴുത്തില്‍ അരകല്ല് കെട്ടിത്തൂക്കി ഏഴുതവണ വീടിന് വലം വയ്ക്കാനോ.
രാരിച്ചന്‍ ഉടനെ അവിടെ നിന്നും മുങ്ങാന്‍ നോക്കി. പക്ഷേ വൈദ്യരുടെ സഹായികളുണ്ടോ വിടുന്നു. അയാളെ പിടിച്ച് രാരിച്ചന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇതെല്ലാം വൈദ്യരുടെ സൂത്രമാണെന്ന് രാരിച്ചന്റെ അച്ഛനുമമ്മയ്ക്കും മനസിലായി. അവര്‍ സന്തോഷിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.
അവര്‍ വീട്ടിലെത്തി അരകല്ല് വൈദ്യരുടെ സഹായികള്‍ക്ക് എടുത്തു കൊടുത്തു.
അവര്‍ കല്ല് കയറില്‍ കെട്ടി രാരിച്ചന്റെ കഴുത്തില്‍ തൂക്കി. ഗത്യന്തരവുമില്ലാതെ രാരിച്ചന്‍ അതുമായി വീട് വലംവയ്ക്കാന്‍ തുടങ്ങി. ഭാരം കൊണ്ട് അയാളുടെ കഴുത്ത് ഒടിയാറായി. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ രാരിച്ചന്‍ വിളിച്ചുപറഞ്ഞു ‘അയ്യോ ഈ ചികിത്സ ഒന്നു നിര്‍ത്തണേ.….എന്റെ വയറു വേദന മാറിയേ…’ അപ്പോഴേക്കും വൈദ്യരും അവിടെയെത്തി. അങ്ങനെ രാരിച്ചന്റെ കഴുത്തില്‍നിന്നും കല്ല് മാറ്റാന്‍ വൈദ്യര്‍ നിര്‍ദേശിച്ചു.
‘എന്റെ പൊന്നുവൈദ്യരേ, എനിക്ക് വയറുവേദനയുമില്ല നെഞ്ചുവേദനയുമില്ല. ഞാന്‍ ഇനി പണിയെടുത്ത് ജീവിച്ചോളാമേ.…’ അതോടെ അയാളുടെ മടിയെല്ലാം പമ്പകടന്നു. പിന്നീട് രാരിച്ചന്‍ ഗള്‍ഫിലേക്ക് പോയി ജോലിചെയ്ത് കുറേനാള്‍ കഴിഞ്ഞ് വലിയ പണക്കാരനായി തിരിച്ചുവന്നു.