Web Desk

ചെന്നൈ

April 29, 2021, 10:48 pm

14 മാസം നിങ്ങൾ എന്തുചെയ്തു; കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ മദ്രാസ് ഹൈക്കോടതി

Janayugom Online

കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടിനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത് തിരക്കുകൂട്ടുന്ന കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 14 മാസമായി എന്തു ചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സ്വമേധയാ എടുത്ത പൊതുതാല്പര്യ ഹര്‍ജിയുടെ വാദത്തിനിടയിലാണ് ചീഫ് ജസ്റ്റിസ് സഞ്ജിബ് ബാനര്‍ജി, ജസ്റ്റിസ് സെന്തില്‍കുമാര്‍ രാമമൂര്‍ത്തി എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങള്‍ ഉന്നയിച്ചത്. കോവിഡ് പ്രതിരോധത്തിനായി കേന്ദ്രം സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ അറിയിച്ചുകൊണ്ടുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആര്‍ ശങ്കരനാരായണന്റെ മറുപടിക്കിടയിലായിരുന്നു കോടതിയുടെ ചോദ്യം.

കോവിഡിന്റെ വിനാശകാരിയായ രണ്ടാം വരവിന്റെ ഈ ഘട്ടത്തിൽ ജനങ്ങൾ ഓക്സിജൻ, മരുന്ന്, ആശുപത്രി കിടക്കകൾ എന്നിവയ്ക്കായി പരക്കം പായുകയാണ്. ഈ പ്രതിസന്ധികൾ നേരിടുന്നതിന് ഔപചാരിക നടപടികൾ അല്ല ആവശ്യം. ഈ ഏപ്രിലിൽ പ്രവർത്തിക്കുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ ഒരു വർഷമായി ലോക്ഡൗണിന്റെ സാഹചര്യമായിരുന്നു രാജ്യത്ത്. എന്നാൽ നിങ്ങൾ നിസംഗാവസ്ഥയിലായിരുന്നുവെന്ന് കോടതി വാക്കാൽ പറ‍ഞ്ഞു.

ആരോടാണ് ഉപദേശം തേടുന്നത്

കോവിഡ് രണ്ടാം തരംഗം അപ്രതീക്ഷിതമായിരുന്നുവെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറൽ ആർ ശങ്കരനാരായണന്റെ വാദത്തിനെതിരെയും കോടതി പ്രതികരിച്ചു. ജൂൺമാസത്തോടെ എല്ലാ ശരിയാകുമെന്നാണ് പറയുന്നത്. ഏത് വിദഗ്ധരോടാണ് കേന്ദ്രസര്‍ക്കാര്‍ അഭിപ്രായം തേടുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ താൻ കണ്ട ഒരു ഡോക്ടറും ജാഗ്രത കൈവിടണമെന്ന് ഉപദേശിച്ചില്ലെന്ന് ചീഫ് ജസ്റ്റിസ് ബാനർജി പറഞ്ഞു.

വാക്സിൻ വിതരണത്തിനായുള്ള പോർട്ടൽ പ്രവർത്തനരഹിതമാകുന്നതിനെയും കോടതി വിമർശിച്ചു. ഈ വിഷയം കേസ് ഇന്ന് വീണ്ടും പരിഗണിക്കുമ്പോൾ പരിശോധിക്കുമെന്ന് കോടതിവ്യക്തമാക്കി.

എല്ലാവർക്കും ചികിത്സ നല്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി

കോവിഡ് ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികൾക്കും ചികിത്സ നല്കണമെന്ന് ഹൈക്കോടതി ഗുജറാത്ത് സർക്കാരിന് നിർദ്ദേശം നല്കി. കിടത്തി ചികിത്സിക്കാൻ സൗകര്യമില്ലെങ്കിൽ പ്രാഥമിക ചികിത്സ നല്കണമെന്ന് സ്വമേധയാ എടുത്ത പൊതുതാല്പര്യ ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നിർദ്ദേശിച്ചു. 108 ആംബുലൻസിൽ വരുന്നവരെ മാത്രമേ ചികിത്സിക്കൂ എന്ന നിലപാട് പാടില്ല. 108 ആംബുലൻസിന് ദൗർലഭ്യമുണ്ടെന്ന് അധികൃതർക്ക് അറിയാമെന്നിരിക്കേ മറ്റു വാഹനങ്ങളിൽ എത്തുന്നവർക്ക് ചികിത്സ നല്കാത്തതിന് നീതീകരണമില്ലെന്നും കോടതി പറഞ്ഞു.

വിവേചനം എന്തുകൊണ്ടെന്ന് ഡൽഹി ഹൈക്കോടതി

ഓക്‌സിജന്‍ വിതരണത്തില്‍ എന്തിനാണ് വിവേചനം കാണിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി. ചില സംസ്ഥാനങ്ങൾക്ക് ആവശ്യപ്പെടുന്നതിനെക്കാൾ കൂടുതൽ ഓക്സിജൻ നല്കുന്നുവെന്നും കോടതി കുറ്റപ്പെടുത്തി.

ഡൽഹി ആവശ്യപ്പെട്ടത്രയും ഓക്സിജന്‍ ലഭിക്കാതിരിക്കുമ്പോള്‍, മധ്യപ്രദേശിനും മഹാരാഷ്ട്രയ്ക്കും കൂടുതല്‍ ഓക്സിജന്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസുമാരായ വിപിന്‍ സംഗി, രേഖാ പിള്ള എന്നിവരടങ്ങിയ ബെഞ്ചിന്റെ കുറ്റപ്പെടുത്തൽ.

Eng­lish summary:Madras high court against modi government

You may also like this video: