28 March 2024, Thursday

Related news

March 6, 2024
January 31, 2024
December 11, 2023
September 29, 2023
September 5, 2023
July 25, 2023
July 6, 2023
June 26, 2023
June 25, 2023
June 22, 2023

സുപ്രീം കോടതി ഡല്‍ഹിയിലുള്ളവര്‍ക്ക് വേണ്ടി മാത്രമല്ല; സുപ്രീം കോടതിയുടെ മേഖലാ ബെഞ്ചുകള്‍ സ്ഥാപിക്കാന്‍ നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി

Janayugom Webdesk
ചെന്നൈ
September 8, 2021 11:53 am

മേഖലാ ബെഞ്ചുകളില്ലാതെ, ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന കോടതികളും ട്രൈബ്യൂണലുകളും രാജ്യത്ത് വിദൂരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നീതി ലഭിക്കാതിരിക്കാൻ കാരണമാകുന്നുവെന്ന് മദ്രാസ് ഹൈക്കോടതി. പരമോന്നത കോടതിയിലൂടെ നീതി ലഭിക്കുമെന്ന് ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും അവർ സുപ്രീം കോടതിയുടെ വളരെ ദൂരെയാണ് താമസിക്കുന്നതെന്നതുകൊണ്ട് സുപ്രീം കോടതിയെ സമീപിക്കാനോ നീതി ലഭ്യമാക്കുന്നതിനോ സാധിക്കുന്നില്ലെന്ന് ജസ്റ്റിസ് എൻ കൃപാകരൻ ചൂണ്ടിക്കാട്ടി. സൂപ്രീം കോടതിയുടെ ബെഞ്ചുകൾ രാജ്യത്തിന്റെ വിവിധ മേഖലകളിൽ സ്ഥാപിക്കണമെന്ന ദീർഘകാലമായി ഉയരുന്ന ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണം ശ്രദ്ധേയമാകുന്നത്.


ഇതുംകൂടി വായിക്കു;‘കൂട്ടിലടച്ച തത്തയെ പുറത്തുവിടണം’ ;സിബിഐയെ സ്വതന്ത്രമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി


ന്യൂഡൽഹിയിലും സമീപ സംസ്ഥാനങ്ങളിലുമുള്ളവർക്കുവേണ്ടി മാത്രമുള്ളതാണ് സുപ്രീം കോടതിയെന്ന നില ഉണ്ടാക്കാൻ പാടില്ല. ജമ്മു കശ്മീർ മുതൽ തമിഴ്‌നാട് വരെയും ഗുജറാത്ത് മുതൽ മണിപ്പൂർ വരെയുമുള്ള വിശാലമായ ഭൂപ്രദേശമാണ് നമ്മുടെ രാജ്യമെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ബെഞ്ചുകൾ മറ്റിടങ്ങളിലും സ്ഥാപിക്കുന്നതിന്, വിവിധ നിയമ കമ്മിഷനുകളും പാർലമെന്ററി അഫയേഴ്സ് കമ്മിറ്റിയുമുൾപ്പെടെ നേരത്തെ ശുപാർശ ചെയ്തതുപോലെ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശങ്ങൾ വെറുതെ അവഗണിക്കരുതെന്നും എന്തെങ്കിലും നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ജസ്റ്റിസ് ആവശ്യപ്പെട്ടു. സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെടുന്നവയിൽ കൂടുതലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവയാണെന്ന് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെ വെറും 1.1 ശതമാനം ഹർജികൾ മാത്രമാണ് സുപ്രീം കോടതിയിലെത്തുന്നത്. കേരള ഹൈക്കോടതിയിൽ നിന്ന് 2.5 ശതമാനവും ആന്ധ്രപ്രദേശിൽ നിന്ന് 2.8ശതമാനവും മാത്രമാണ് കേസുകൾ സുപ്രീം കോടതിയിലെത്തുന്നത്. ബന്ധപ്പെട്ട കക്ഷികൾ ഹൈക്കോടതികളുടെ ഉത്തരവുകൾ പൂർണ മനസോടെ അംഗീകരിച്ചുവെന്നല്ല ഇതിലൂടെ നാം മനസിലാക്കേണ്ടത്, ഭൂമിശാസ്ത്രപരമായ ബുദ്ധിമുട്ടുകളും മറ്റ് സ്രോതസുകളുടെ അഭാവവും കാരണം കേസുകളും അപ്പീലുകളും സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെടുന്നില്ലെന്നാണ്. അദ്ദേഹം വ്യക്തമാക്കി.


ഇതുംകൂടി വായിക്കു;‘കൂട്ടിലടച്ച തത്തയെ പുറത്തുവിടണം’ ;സിബിഐയെ സ്വതന്ത്രമാക്കണമെന്ന് മദ്രാസ് ഹൈക്കോടതി


1950 മുതൽ തുടരുന്ന അനീതിയാണിത്. ഈ ആവശ്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ മുളയിലേ നുള്ളിക്കളയുന്ന സ്ഥിതിയാണുണ്ടായത്. ഉന്നത കോടതികളെ സമീപിക്കാനുള്ള ബുദ്ധിമുട്ടുകൾ കാരണം തങ്ങൾക്ക് അനിഷ്ടകരമായ ഉത്തരവുകൾ പോലും സഹിച്ച് കഴിയേണ്ട അവസ്ഥയിലാണ് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും. ആവശ്യക്കാർ ഒരുപാട് ദൂരം യാത്ര ചെയ്യുകയും കൂടുതൽ പണം ചെലവഴിക്കുകയും ചെയ്യേണ്ടിവരുന്നു. ഗ്രാമ ന്യായാലയങ്ങളും താലൂക്ക് തലത്തിലുള്ള കോടതികളും സ്ഥാപിക്കാനും ഹൈക്കോടതി ബെഞ്ചുകൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനുമുള്ള നടപടികൾക്ക് ശ്രമിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു. തമിഴ്‌നാട്-പുതുച്ചേരി ബാർ കൗൺസിലിന്റെ ഒരു ഉത്തരവിനെതിരെ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അപ്പീൽ നൽകുന്നതിന് അതിന്റെ ആസ്ഥാനം ഡൽഹിയിലായതിനാൽ തനിക്ക് സാധിക്കുന്നില്ലെന്ന് കാണിച്ച് കാർത്തിക് രംഗനാഥൻ എന്നയാൾ നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് എൻ കൃപാകരനും ജസ്റ്റിസ് ആർ പോങ്കിയപ്പനും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയം കേട്ടത്.
eng­lish summary;Madras High Court seeks action to set up region­al benches
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.