6 February 2025, Thursday
KSFE Galaxy Chits Banner 2

മദ്രാസ് ഐഐടിയും ഗോമൂത്രവും

എം കെ നാരായണമൂര്‍ത്തി
January 22, 2025 4:45 am

മതങ്ങളും ആചാരങ്ങളും ശാസ്ത്രത്തിന്റെ പിൻബലം ലവലേശമില്ലാത്ത വിശ്വാസങ്ങളും ചേർന്ന് ഇന്ത്യൻ ധൈഷണിക‑അക്കാദമിക രം​ഗത്തെ കോമാളി വേഷം കെട്ടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. കോവിഡിനെ ആട്ടിപ്പായിക്കാൻ പാട്ട കൊട്ടിയ പ്രധാനമന്ത്രി രാജ്യം ഭരിക്കുമ്പോൾ ഇതിലും അപ്പുറം കാണേണ്ടതായും കേൾക്കേണ്ടതായും വരും. പനിക്ക് നല്ലത് ​ഗോമൂത്രമാണെന്ന് പറയാൻ ഒരു ഐഐടിയുടെ തലവന് കഴിയുന്ന തരത്തിലേക്ക് അക്കാദമിക സമൂഹം മാറിയത് എങ്ങനെയെന്ന് കൃത്യമായ പഠനങ്ങൾ ആവശ്യമായ ഒരു ഘട്ടത്തിലാണ് നാം എത്തിനിൽക്കുന്നത്. ലോകം മുഴുവനുമുള്ള ശാസ്ത്രസമൂഹം അം​ഗീകരിച്ച ഈ സ്ഥാപനത്തിന്റെ മേധാവി വി കാമകോടി, ഗോമൂത്രം ഒരു വിശിഷ്ട ഔഷധമാണെന്ന് പൊതുസമൂഹത്തോട് വിളിച്ചുപറയുമ്പോൾ അതിലൂടെ പ്രക്ഷേപണം ചെയ്യാൻ ഉദ്ദേശിക്കുന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിഷലിപ്തതയാണെന്നത് വ്യക്തം.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ ഈറ്റില്ലമായ തമിഴകത്ത്, തമിഴ് ജനതയുടെ സ്വന്തം ഉത്സവമായ മാട്ടുപൊങ്കൽ ദിനത്തിൽത്തന്നെ ഇത്തരം ഒരു പ്രസ്താവന കാമകോടി നടത്തിയത് അത്ര നിഷ്കളങ്കമായി കാണേണ്ട ഒന്നല്ല. ​ഗോമൂത്രം കുടിച്ചാൽ അനേകവിധത്തിലുള്ള ബാക്ടീരിയകൾ മനുഷ്യ ശരീരത്തിലേക്ക് കടക്കുമെന്നും മാറാവ്യാധികളിൽ പെട്ട് കുടിക്കുന്നവൻ നട്ടം തിരിയുമെന്നും അറിയാത്ത ആളല്ല കാമകോടി. അവിടെയാണ് ഇത്തരം പ്രസ്താവനകളുടെ രാഷ്ട്രീയം. അന്ധവിശ്വാസങ്ങളും കപടശാസ്ത്രവും പ്രചരിപ്പിക്കുന്നത് രാഷ്ട്രീയ ഹൈന്ദവതയ്ക്ക് വളമാകുമെന്ന് സംഘപരിവാരത്തിനറിയാം. അക്കാദമിക ബിരുദങ്ങളുടെ മാത്രം കൈവശാവകാശത്തിന്റെ പേരിൽ ഉന്നതവിദ്യാഭ്യാസം നേടി എന്ന് വിചാരിക്കുന്നവർക്കിടയിൽ കടന്നുകൂടാൻ അവർക്ക് കാമകോടിമാരെ ആവശ്യമാണ്.
1956ൽ ജവഹർലാൽ നെഹ്രു അന്നത്തെ പശ്ചിമ ജർമ്മനി സന്ദർശിക്കുമ്പോൾ ഉരുത്തിരിഞ്ഞ ആശയമാണ് ഐഐടി മദ്രാസ്. ശാസ്ത്രപഠനത്തിനും ​ഗവേഷണത്തിനും ജർമ്മനി നൽകിയ സഹായമാണ് ഈ സ്ഥാപനം. 1959ലാണ് ആദ്യത്തെ ഇന്തോ-ജർമ്മൻ കരാറാേടെ ഐഐടി മദ്രാസിന് ബീജാവാപമാകുന്നത്. ജർമ്മനിയിലെ പ്രധാനപ്പെട്ട അഞ്ച് പ്രൊഫസർമാരെയും 20 ഫോർമാന്മാരെയും അന്നാട്ടിലെ സർക്കാർ ഇന്ത്യയിലേക്കയച്ചു. മദ്രാസിൽ അവർ ഒരു സെൻട്രൽ വർക്‌ഷോപ്പും 20 ലബോറട്ടറികളും അടങ്ങുന്ന ഒരു കാമ്പസ് നിർമ്മിക്കുന്നതിലൂടെയാണ് ഐഐടിയുടെ ജനനം. അന്നത്തെ കേന്ദ്ര ശാസ്ത്ര‑സാങ്കേതിക‑സാംസ്കാരിക വകുപ്പ് മന്ത്രി പ്രൊഫ. ഹുമയൂൺ കബീറാണ് മദ്രാസ് ഐഐടിയുടെ ഔദ്യോ​ഗിക ഉദ്ഘാടനം നിർവഹിച്ചത്. ബോർഡ് ഓഫ് ​ഗവർണേഴ്സിന്റെ ചെയർമാനായി ഡോ. എ ലക്ഷ്മണ സ്വാമിയും ആദ്യ ഡയറക്ടറായി ഡോ. ബി സെൻ​ഗുപ്തയും ചുമതലയേറ്റു. 1961ൽ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായി മദ്രാസ് ഐഐടിയെ ഇന്ത്യൻ പാർലമെന്റ് ഐകകണ്ഠ്യേന അം​ഗീകരിച്ചു. മദ്രാസ് ഐഐടി ലോകത്തിന് മുന്നിൽ അഭിമാനമായി വളരുന്ന കാഴ്ചയാണ് പിന്നെ നമ്മൾ കണ്ടത്. 

ഇത്തരമൊരു സ്ഥാപനത്തിന്റെ ഡയറക്ടർ പദവിയിലിരുന്നുകൊണ്ട് ​ഗോമൂത്രത്തിന്റെ ഔഷധ​ഗുണത്തെക്കുറിച്ച് പ്രസം​ഗിക്കുകയും അതിനെ സമൂഹത്തില്‍ പരിലസിക്കാൻ വിടുകയും ചെയ്ത ക്രിമിനൽ കുറ്റമാണ് കാമകോടി ചെയ്തിരിക്കുന്നത്. തന്റെ പ്രസം​ഗം രാജ്യത്ത് ശ്രദ്ധിക്കപ്പെടുമെന്നും അതിന്റെ രാഷ്ട്രീയം ലക്ഷക്കണക്കിനാളുകളിലേക്ക് പടരുമെന്നും കാമകോടിക്കും അദ്ദേഹത്തെക്കൊണ്ട് ഇത്തരം ഒരു വിഡ്ഢിത്തം പറയിപ്പിച്ചവർക്കും നന്നായറിയാം. ഒരു ​ഗോശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കാമകോടി ​ഗോമൂത്രത്തിന്റെ ഔഷധ​ഗുണങ്ങൾ എന്ന വ്യാജേന നുണകൾ പറഞ്ഞത്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടികൾ പ്രസം​ഗത്തെ വിമർശിക്കുകയും ഇത്തരം നുണകൾ വിശ്വസിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഇദ്ദേഹത്തെ ഡൽഹി എയിംസിന്റെ ഡയറക്ടറാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് കളിയാക്കുകയും ചെയ്തു. ബിജെപി പ്രസിഡന്റ് അണ്ണാമലൈ മാത്രമാണ് കാമകോടിക്ക് പിന്തുണയുമായി എത്തിയത്. കാമകോടി തന്റെ സ്വന്തം അനുഭവമാണ് പറഞ്ഞതെന്നും ആരോടും ​ഗോമൂ​ത്രം കുടിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നുമാണ് അണ്ണാമലൈയുടെ വാദം. 

ഇതോടൊപ്പം ചേർത്തുവായിക്കേണ്ട ഒരു സം​ഗതി കൂടിയുണ്ട്. സർവകലാശാലാ അധ്യാപകരും ​ഗവേഷകരും വായിച്ചിരിക്കേണ്ട ജേണലുകളുടെ പട്ടികയില്‍ നിന്നും ലോകത്തിലെ പ്രധാനപ്പെട്ട പ്രസിദ്ധീകരണങ്ങളെ ഒഴിവാക്കുകയും പകരം നിലവാരമില്ലാത്ത പ്രസിദ്ധീകരണങ്ങളുടെ ഒരു നീണ്ട നിരയെ തന്നെ ഉൾച്ചേർക്കുകയും ചെയ്തിരിക്കുകയാണ് യുജിസി. ഇന്ത്യയിലെ സർവകലാശാലകളുടെ ബോധന നിലവാരം കുത്തനെയിടിക്കുന്നതാണ് ഈ പ്രവൃത്തിയെന്നാണ് വിദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. ഏതു സർവകലാശാലയിലെയും അസിസ്റ്റന്റ് പ്രൊഫസറോ അസോസിയേറ്റ് പ്രൊഫസറോ ഒക്കെയായി പ്രവർത്തിക്കുന്നവർ സ്ഥാനക്കയറ്റത്തിനും സ്വയം നവീകരിക്കുന്നതിനും നിശ്ചിതയെണ്ണം പ്രബന്ധങ്ങൾ ലോകനിലവാരത്തിലുള്ള പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. നിർഭാ​ഗ്യവശാൽ നമ്മുടെ അക്കാദമിക്കുകളുടെ പല പ്രബന്ധങ്ങളും ഇത്തരത്തിൽ പ്രസിദ്ധീകരണയോ​ഗ്യമാകുന്നില്ല. ഇതിനെ മറികടക്കാനുള്ള കുറുക്കുവഴികളാണ് നിലവാരമില്ലാത്ത പ്രസിദ്ധീകരണങ്ങൾക്ക് അം​ഗീകാരം നൽകുന്നതിലൂടെ യുജിസി കണ്ടെത്തിയത്. 

എതൊക്കെ പ്രസിദ്ധീകരണങ്ങളാണ് യുജിസി വഴി വാങ്ങേണ്ടതെന്ന് സർവകലാശാലകളുടെ അഭിപ്രായം ചോദിക്കുന്നതും ബിജെപി ഭരണത്തിലേറിയ ശേഷം നിര്‍ത്തി. ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിലെയും അലി​ഗഢ് യൂണിവേഴ്സിറ്റിയിലെയും കേരള യൂണിവേഴ്സിറ്റിയിലെയും അധ്യാപകർ നിർദേശിക്കുന്ന പ്രസിദ്ധീകരണങ്ങൾ കേന്ദ്ര സർക്കാരിന് സുഖിക്കുന്നതായിരിക്കില്ല. ഈ ഇഷ്ടക്കേടിൽ തീരുന്നില്ല യഥാർത്ഥ പ്രശ്നം. ഇത്തരം നിലവാരമില്ലാത്ത പ്രസിദ്ധീകരണങ്ങളിൽ ബഹുഭൂരിപക്ഷവും ഹിന്ദുത്വ ലബോറട്ടറികളിൽ ഉല്പാദിപ്പിക്കപ്പെടുന്നതാണ്. 2018ൽ യുജിസി- കെയർ എന്ന പേരിൽ സർവകലാശാലകൾക്ക് ആവശ്യമായ പ്രസിദ്ധീകരണങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയിരുന്നു. ഇത് പുറത്തിറങ്ങി അധികം കഴിയുന്നതിന് മുമ്പ് കേന്ദ്ര മാനവവിഭവ ശേഷി വകുപ്പ് ഇടപെട്ട് ഇതിലെ പല പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കി. പകരം ഇന്ത്യയിൽ നിന്നും 1,019 പ്രസിദ്ധീകരണങ്ങളെ ഉൾപ്പെടുത്തി. ഇതിൽ 90 ശതമാനത്തിനും ഗീത പ്രസ് പോലുള്ള ​ഹിന്ദുത്വ പ്രസിദ്ധീകരണശാലകളുമായി ബന്ധമുണ്ടായിരുന്നു. 

വിശ്വാസങ്ങളും ശാസ്ത്രവുമായി പലപ്പോഴും ഒരു ബന്ധവും ഉണ്ടാകാറില്ല. ഇന്ത്യൻ സാഹചര്യങ്ങളിൽ ഇതു നമ്മൾ ഏറെ കാണുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഡി ഡി കൊസാംബി, കെ ദാമോദരൻ, എൻ ഇ ബാലറാം തുടങ്ങിയവർ മുതൽ അമർത്യാ സെൻ, കാഞ്ച ഇളയ്യ തുടങ്ങിയവർ വരെ ഈ വിഷയത്തിൽ പഠനങ്ങൾ നടത്തുകയും പല രൂപങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ സാഹചര്യത്തിൽ നിന്നും വ്യത്യസ്തമായി പുതിയ വിശ്വാസങ്ങളെ സൃഷ്ടിക്കുകയാണ് സംഘ്പരിവാറും അവരോട് ഒട്ടിനിൽക്കുന്ന ജാ​തി-മത-വർ​​​ഗീയ സംഘടനകളും. അവര്‍ പറയുന്നതിന് വിശ്വാസ്യത നിർമ്മിക്കുന്നതിനായി സ്ഥാനമോഹികളായ അക്കാദമിക്കുകളെയും സെലിബ്രിറ്റികളെയും അവർ രംഗത്തിറക്കുന്നു.

സംഘ്പരിവാറിന്റെ ഉന്നത നേതൃത്വത്തിൽ പോലും സാമാന്യ ബോധമുള്ളവർ വളരെ കുറവാണെന്ന് നാ​ഗ്പൂർ പണ്ഡിതന്മാർക്കറിയാം. ഓർ​ഗനൈസറും, കേസരിയും പോലുള്ള പ്രസിദ്ധീകരണങ്ങളിലെ ഉത്തമലേഖനങ്ങൾ വായിച്ച് സാദാ ആർഎസ്എസുകാർ പോലും ചിരിക്കുമെന്നതും അവർക്കറിയാം. ഇവിടെയാണ് പുതിയ പരീക്ഷണങ്ങൾ ആവശ്യമായി വരുന്നത്. പുതിയ പുസ്തകങ്ങളുടെ വിപണിയിലും വലതുപക്ഷ എഴുത്തുകാരെ കൊണ്ട് നിറയ്ക്കാനുള്ള ശ്രമവും കൊണ്ടുപിടിച്ച് നടക്കുന്നുണ്ട്. ടിപ്പു സുൽത്താന്റെ ചരിത്രമെന്ന പേരിൽ എന്തൊക്കെയോ എഴുതിക്കൂട്ടുന്ന വിക്രം സമ്പത്തിനെ പോലുള്ളവരെ പണംകൊടുത്ത് നിലനിര്‍ത്തി ചരിത്രത്തെ വളച്ചൊടിക്കുകയും ആ പുസ്തകത്തെ സർവകലാശാലകളിലെ പാഠപുസ്തകങ്ങളാക്കി മാറ്റുകയും ചെയ്യുന്ന കുത്സിത പ്രവൃത്തി സം​​ഘപ്രബോധനത്തിന്റെ മറ്റൊരു ചൊൽക്കാഴ്ചയാണ്. 

സ്വതന്ത്രമായി പ്രവർത്തിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന ഒരു ശാസ്ത്രസമൂഹമാണ് നമുക്ക് വേണ്ടത്. യുക്തിയുടെ സ്ഥാനത്ത് ആചാരം കയറി വന്നാൽ സമൂഹത്തിന്റെ സൂക്ഷ്മതലത്തിലുള്ള ഛിദ്രമായിരിക്കും ഫലം. വിവിധ സംസ്കാരങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും പേറുന്ന ഇന്ത്യപോലുള്ള ഒരു രാജ്യത്തെ കെട്ടുറപ്പോടെ ചേർത്തുനിര്‍ത്തുന്നത് ശാസ്ത്രബോധമാണ്. ഈ ശാസ്ത്രബോധത്തെ വികലമാക്കി തീർത്താൽ രാജ്യത്തിന്റെ നിലനില്പ് തന്നെ അപകടത്തിലാകും. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025
February 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.