പൂവിനുള്ളില്‍ പൂവിരിയും പൂക്കാലം

Web Desk
Posted on May 26, 2019, 7:58 am

എം ഡി മനോജ്

കാലം 1976. ചലച്ചിത്രസംഗീത രംഗത്ത് കവികള്‍ കത്തിനില്‍ക്കുന്ന കാലം. പി ഭാസ്‌കരന്‍, ഒഎന്‍വി, ശ്രീകുമാരന്‍തമ്പി, യൂസഫലികേച്ചേരി തുടങ്ങിയവരുടെ വരികള്‍ മൂളി നടന്ന അക്കാലത്തെ തലമുറയ്ക്ക് അനുരാഗത്തെക്കുറിച്ച് പാടി നടക്കാന്‍ ഒരു പുതിയ പാട്ടുനല്‍കി എന്നതായിരുന്നു ഗാനരചയിതാവായ മധു ആലപ്പുഴയുടെ വിജയം. തോപ്പില്‍ഭാസി സംവിധാനം ചെയ്ത ‘മിസി’ എന്ന സിനിമയില്‍ ദേവരാജന്‍ മാഷിന്റെ ഈണത്തിലാണ് മധു അനുരാഗത്തിന്റെ സമ്പൂര്‍ണനിര്‍വചനം വരികളില്‍ പറഞ്ഞുവച്ചത്.
അനുരാഗം-അനുരാഗം
അന്തര്‍ലീനമാം അനുഭൂതികള്‍തന്‍
ആശ്ലേഷമധുര വികാരം
എന്നായിരുന്നു പാട്ടിന്റെ പല്ലവി. ”പ്രകൃതിയെ നിത്യയുവതിയാക്കുന്ന, ഭൂമിയെ നിത്യഹരിതയാക്കുന്ന അനുരക്ത ഹൃദയത്തിന്‍ അംഗരാഗം” എന്ന് അനുപല്ലവി കൂടിയാകുമ്പോള്‍ അത് വയലാറിന്റെ പാട്ടാണെന്ന് ആളുകള്‍ ധരിച്ചുപോകും. ജോണ്‍ എബ്രഹാം, അരവിന്ദന്‍, എ ടി കോവൂര്‍ എന്നിവരുടെ സൗഹൃദവലയത്തില്‍ നിന്നാണ് മധു ആലപ്പുഴ ചലച്ചിത്ര സംഗീതത്തിലേക്ക് വരുന്നത്. എ ടി കോവൂര്‍ ആയിരുന്നു മഞ്ഞിലാസിന്റെ സിനിമയായ മിസിയില്‍ മധുവിനെ അവതരിപ്പിച്ചത്. പിന്നെയും രണ്ട് മൂന്ന് സിനിമകളില്‍ പാട്ടുകള്‍ രചിച്ചെങ്കിലും പുതിയ ഗാനരചയിതാവിനെ ആളുകള്‍ തിരിച്ചറിഞ്ഞില്ല. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ‘താരാട്ട്’ എന്ന സിനിമയിലെ രവീന്ദ്രന്‍ സംഗീതം ചെയ്ത ‘പൂവിനുള്ളില്‍ പൂവിരിയും പൂക്കാലം വന്നു’ എന്ന പാട്ട് വന്നതോടെ മധു ആലപ്പുഴയുടെ വരികള്‍ ശ്രദ്ധേയമായി മാറി. പ്രകൃതിയും പ്രണയവും സൗന്ദര്യപൂര്‍ണമായ ലയത്തില്‍ ഒന്നായിത്തീരുന്ന ഗാനമായിരുന്നു അത്. പ്രണയത്തില്‍ നിന്ന് പ്രകൃതി എന്തറിയുന്നു എന്നതാണ് പ്രധാനം. അല്ലാതെ പ്രകൃതിയില്‍ നിന്ന് പ്രണയമല്ല. പ്രേമവതിയെപ്പോലൊരു പൂക്കാലം വന്നു എന്നാണ് വരികള്‍.

പ്രേമവതിയെ കണ്ടതുകൊണ്ട് പൂവിനുള്ളില്‍ ഒരു പൂ കൂടി വിരിയുന്നു എന്നാണ് പാട്ടിലെ പ്രണയ നിമിഷം. എത്രയോ മിത്തിക്കല്‍ റഫറന്‍സുകള്‍ കൊണ്ട് നെയ്‌തെടുത്ത ഘടനയാണ് ഈ പാട്ടിനുള്ളത്. കവികള്‍ വാഴ്ത്തിയ പ്രേമരംഗവും സിയോണിന്റെ താഴ്‌വരയും ശാലമോന്റെ പ്രേമഗീതവുമെല്ലാം പാട്ടില്‍ പ്രണയഭംഗികള്‍ കൊണ്ടുവരുന്നു. ബാലചന്ദ്രമേനോന്റെ സിനിമയായ ‘ഇത്തിരിനേരം ഒത്തിരികാര്യങ്ങള്‍’ ജോണ്‍സന്റെ ഈണത്തിലായിരുന്നു മധുവിന്റെ അടുത്ത ഹിറ്റ് ഗാനം പിറക്കുന്നത്. 1980 കളില്‍ കൗമാരക്കാലം കടന്നുപോയ ഒരു തലമുറ അവരുടെ പ്രണയം പകര്‍ത്തിയ പാട്ടായിരുന്നു. ‘ഇതളഴിഞ്ഞു വസന്തം’. വേണുനാഗവള്ളിയും ജലജയുമായിരുന്നു വെള്ളിത്തിരയില്‍. വേണുനാഗവള്ളിയുടെ സ്ഥിരം വിഷാദനിര്‍ഭര പ്രണയത്തിന്റെ പാറ്റേണുകളില്‍ നിന്ന് മാറിയായിരുന്നു പാട്ടിന്റെ ചിത്രീകരണം. ”ഇതളഴിഞ്ഞു വസന്തം ഇല മൂടിപ്പൂവിരിഞ്ഞു ഇവിടെ വരൂ ഇണക്കിളി ഇളം ചുണ്ടിലോമനപ്പാട്ടുമായ്” എന്നു തുടങ്ങുന്ന പല്ലവിയില്‍ നിന്ന് അനുപല്ലവിയിലേക്ക് വരുമ്പോള്‍ ‘എന്നിടതുവശം ചേര്‍ന്നിരിക്കൂ’ എന്ന അത്യപൂര്‍വ കല്‍പനയിലാണ് പ്രണയം ഹൃദ്യമായി അനുഭവമാകുന്നത്. ഇല മൂടിയാണ് പൂവിരിയുന്നത്. ഇലകള്‍ മുഴുവനും കൂടി പൂവായ് മാറുന്നു. പൂവിനുള്ളില്‍ പൂവിരിയും പൂക്കാലം മറ്റൊരു പാട്ടില്‍ ഇലകള്‍ മൂടി പൂവിരിഞ്ഞ് മറ്റൊരു പൂക്കാലത്തിലേക്ക് മാറുന്നു. ”നിന്‍ മുഖശ്രീ അനുകരിക്കാനായ് പൊന്നാമ്പല്‍പ്പൂവുകള്‍ കൊതിക്കുന്നു” എന്ന അനുപല്ലവിയിലേക്ക് വരുമ്പോള്‍ നേരത്തെ സൂചിപ്പിച്ച പ്രണയത്തില്‍ (പ്രണയിനി) നിന്നാണ് പ്രകൃതി എല്ലാം കടമെടുക്കുന്നത് എന്ന കൗതുകകരമായ തോന്നലും വിസ്മയവും നമ്മിലേക്ക് വരുന്നു. മധുവിന്റെ പാട്ടുകളില്‍ ഇത്തരം ഋതുസംഗമങ്ങളുടെ കാഴ്ചകള്‍ അനേകമുണ്ട്. ഇത് പ്രണയത്തിന്റെ പല ഋതുക്കള്‍ മാത്രമാണ്. ഇവിടെ ഉടലുകള്‍കൊണ്ടുളള ആനന്ദോന്മാദങ്ങളല്ല, പകരം ശാലീനമായ പ്രണയത്തിന്റെ ഋതുഭാവങ്ങളാണുള്ളത്. ‘മേടമാസപ്പുലരി കായലില്‍’ എന്ന മധുവിന്റെ മറ്റൊരു ഗാനത്തില്‍ (രവീന്ദ്രന്‍) പ്രണയിനിയുടെ ഭാവങ്ങള്‍ മുഴുവന്‍ പ്രകൃതി ഏറ്റുവാങ്ങുകയാണ്. ഇത്തിരിനേരം ഒത്തിരികാര്യത്തിലെ മറ്റൊരു പാട്ടായ ”അക്കരെയിക്കരെ”യില്‍ നാട്ടിന്‍പുറത്തിന്റെ ഒരു പ്രകൃതി മുഴുവനുമുണ്ടെന്ന് കാണാം. മധു ആലപ്പുഴയുടെ പാട്ടിലെ മറ്റൊരു സവിശേഷത ഇത്തരം ഗ്രാമ്യഭാവങ്ങളുടെ സാകല്യമാണ്. അങ്ങാടി, ഗ്രാമം, കാവുകള്‍, അമ്പലം, ആശ്രമം ഇങ്ങനെ ഒരു ഗ്രാമം പാട്ടിലുണരുകയാണ്. മേടമാസപ്പുലരി എന്ന മെലഡി ഗ്രാമീണതയുടെ ഒരു കലിഡോസ്‌കോപ്പ് തന്നെയാകുന്നു. അത്രമാത്രം ദൃശ്യാന്മകമാണാ ഗാനം. കായല്‍, പാടം, കാറ്റിലാടുന്ന പൂക്കവുങ്ങിന്‍ തോപ്പുകള്‍, ആറ്റക്കിളികള്‍, പൂക്കൈതകള്‍, ഞാറ്റുവേലപ്പാട്ട്, വയലുകള്‍, കന്നിത്തുമ്പി, കുട്ടനാടിന്റെ സൗന്ദര്യം ഇങ്ങനെ പോകുന്നു പാട്ടിലെ പദവിന്യാസങ്ങള്‍. പ്രകൃതിയോളം വിശാലവും സൂക്ഷ്മവും ആയ കല്‍പനാസന്ദര്‍ഭങ്ങള്‍ ആണ് മധു ആലപ്പുഴയുടെ പാട്ടുകളില്‍ ഉളളത്.

‘ഇതളഴിഞ്ഞു വസന്ത’ത്തില്‍ മണിപ്രവാള സ്വാധീനമുണ്ടെന്ന് അദ്ദേഹം തന്നെ ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഋതുദേവതമാരും പൊന്നാമ്പലുമെല്ലാം പാട്ടില്‍ ഈ സ്വാധീനമുറപ്പിക്കുന്നു. ഇത്തിരിനേരം ഒത്തിരികാര്യം എന്ന സിനിമയിലെ ‘ജ്യോതിരത്‌നങ്ങള്‍ പ്രഭചൊരിയും’ എന്ന പാട്ടില്‍ ടി എസ് എലിയറ്റിന്റെ ‘തരിശുഭൂമി‘യുടെ പരാമര്‍ശങ്ങള്‍ കാണാം. ‘ഇതളിടും പൂക്കളും പ്രണയകാവ്യങ്ങളും മൃദുമോഹനസ്വപ്നങ്ങളും തഴുകുന്ന താരുണ്യ മാനസങ്ങള്‍ക്കറിയുമോ അഴലിന്‍ തരിശുനിലങ്ങള്‍’ എന്നായിരുന്നു വരികള്‍. ‘ഇതുവരെ പൂക്കാത്തൊരഭിലാഷങ്ങള്‍ ഇടനെഞ്ചില്‍ അറിയാത്ത കുളിര്‍ പാകിയോ’ എന്ന വരി ആദ്യത്തെ അനുരാഗം എന്ന സിനിമയ്ക്കുവേണ്ടി മധു എഴുതിയ പാട്ടിന്റെ അനുപല്ലവിയായിരുന്നു. ആ സിനിമയ്ക്ക് ഇതില്‍ കൂടുതല്‍ അനുരാഗം പകരുന്ന മറ്റൊരു വരിപ്രയാസമാണെന്ന് കാണാം. അത്രമാത്രം ഇണക്കമാണ് ‘മഞ്ഞക്കണിക്കൊന്നപ്പൂവുകള്‍’ എന്ന് തുടങ്ങുന്ന പാട്ടിന്റെ തുടര്‍ച്ചയ്ക്ക്.
‘ഓര്‍മയ്ക്കായ്’ എന്ന ഭരതന്‍ സിനിമയില്‍ പാട്ടെഴുതാന്‍ കഴിഞ്ഞുവെന്നതായിരുന്നു മധു ആലപ്പുഴയുടെ വലിയ നേട്ടങ്ങളിലൊന്ന്. ‘മൗനം പൊന്‍മണി തംബുരുമീട്ടി’ എന്ന് തുടങ്ങുന്ന ഗാനത്തിന് വേണ്ടി രണ്ടു പ്രാവശ്യം വരികള്‍ മാറ്റിയെഴുതേണ്ടിവന്നു മധുവിന്. മധുവിന്റെ വരികള്‍ക്ക് ജോണ്‍സന്റെ ഈണത്തിന് ശബ്ദം നല്‍കിയത് വാണിജയറാമായിരുന്നു. വാണിജയറാമിന്റെ കരിയറിലെ മികച്ച ഗാനങ്ങളിലൊന്നാണിത്. ജോണ്‍സന് ആദ്യ സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത ഗാനമിതായിരുന്നു. ‘പറന്നുയരാം വാനില്‍’ എന്ന പല്ലവിയുടെ അവസാനം നായകനും നായികയും പറന്നുയരുന്ന ഒരു ദൃശ്യം ഭരതന്‍ ആവിഷ്‌കരിച്ചിരുന്നു. ഊമയായ നായകന്റെ ‘മൗനവിടര്‍ച്ചകള്‍’ പൂരിപ്പിക്കുന്ന ഗാനത്തില്‍ ‘പുളകങ്ങള്‍ തന്‍ മുകുളങ്ങളില്‍ മധുരം നിറയും നേരം’ എന്ന ഭാഗം കഴിഞ്ഞ് (തല നന്നായി തോര്‍ത്തണം, നീര്‍വീഴ്ചവരും) എന്ന് നായകന്‍ മൊഴിയുന്നതുപോലെ നായികയ്ക്ക് തോന്നുകയും ‘എന്താ പറഞ്ഞേ’ എന്നവള്‍ തിരിച്ചു ചോദിക്കുന്നതുമൊക്കെ സ്വപ്നമെന്നതുപോലെ ഒതുക്കിവയ്ക്കുകയായിരുന്നു പാട്ടില്‍. അനുപല്ലവിക്കും ചരണത്തിനുമിടയില്‍ നിറയുന്ന മൂളലുകളും ഹമ്മിങ്ങുകളുമെല്ലാം മൗനത്തെ പൂരിപ്പിക്കുന്ന നേര്‍ത്ത ഇടങ്ങളായി നിലനില്‍ക്കുകയാണ്. പ്രണയത്തിന്റെ മൗനവും മൗനത്തിന്റെ പ്രണയവും ഒരുപോലെ ഈ പാട്ടില്‍ നാമറിയുന്നുണ്ട്. വിഷാദനിര്‍ഭരമല്ലാതെ ഒരു മൗനത്തിന്റെ സാര്‍ഥകമായ ഒരാവിഷ്‌കാരം എന്ന നിലയില്‍ ഈ ഗാനം മലയാള ചലച്ചിത്രഗാനങ്ങളില്‍ വേറിട്ടു നില്‍ക്കുന്നു. പുതുമഞ്ഞും പുലര്‍വേളയും ഉലയുന്ന പുല്‍ത്തുമ്പുമെല്ലാം പാട്ടിലെ പ്രണയനിമിഷങ്ങളെ ഉണര്‍ത്തുന്ന നേര്‍ത്ത പ്രകൃതിയാകുന്നു. ഗ്രാമീണതയുടെ ആഘോഷം തന്നെയായിരുന്നു ‘ആരാന്റെ മുല്ല കൊച്ചുമുല്ല’യിലെ ‘ശാലീന സൗന്ദര്യമേ’ എന്ന ഗാനം.

മഞ്ജരി വൃത്തച്ഛായയില്‍ മധു നേരത്തെ എഴുതിവച്ച ‘ഓര്‍മയില്‍ ഒരു പച്ച’ എന്ന കവിതയിലെ ഒരു ഭാഗമാണ് ശാലീനസൗന്ദര്യമേ എന്ന പാട്ടാകുന്നത്. സിന്ധുഭൈരവിയുടെ നിറങ്ങൡ നെയ്‌തെടുത്ത ഈ പാട്ടിന് ആത്മാവ് നല്‍കിയത് ആലപ്പി രംഗനാഥിന്റെ സംഗീതാവിഷ്‌കാരമായിരുന്നു. ഗ്രാമ്യത മുറ്റിനില്‍ക്കുന്ന വരികളാണ് പാട്ടിന്റെ ആകര്‍ഷണം. കറുകവരമ്പിട്ട വയലും കുളിരുമുളച്ച മാടങ്ങളും പുഴനീന്തി പൂക്കുന്നു ചുറ്റുന്ന കാറ്റും കസ്തൂരിഗന്ധവും പരിശുദ്ധി തൂകുന്ന പള്ളിയും പരദേവതയുടെ കാവും മഴയത്ത് മടവീണു നീരൊഴുകുന്ന വരമ്പും ഒളിപോലെ പായുന്ന കുറുവാപ്പരലിനെ തുണികൊണ്ടു കോരുന്ന കിടാങ്ങളും… ഇങ്ങനെ വയല്‍ച്ചെളിമണക്കുന്ന കുട്ടനാടന്‍ സൗന്ദര്യം മുഴുവന്‍ മധു ആലപ്പുഴയുടെ ഈ പാട്ടില്‍ കവിയുന്നു. ഗ്രാമത്തിന്റെ ശാലീനസൗന്ദര്യം മുഴുവനുമുണ്ട് ഈ പാട്ടില്‍. ‘ആരാന്റെ മുല്ല, കൊച്ചുമുല്ല’ എന്ന പേര് വരുന്നതുപോലും അതിലെ തീം സോങായ ‘കാട്ടില്‍ കൊടുങ്കാട്ടില്‍’ എന്ന മധുവിന്റെ ‘കുട്ടിപ്പാട്ടില്‍’ നിന്നായിരുന്നു. ആരാന്റെ മുല്ലയിലെ ‘പൊന്‍താമരകള്‍ പൂത്തുലയും സമയം’ എന്ന പാട്ടും പ്രണയത്തിന്റെ അഭിരാമമായ ഒരു നേരത്തെ കൊണ്ടുവരുന്നുണ്ട്. കണ്ണൂര്‍ രാജന് വേണ്ടി ‘ഇലഞ്ഞിപ്പൂക്കള്‍’ എന്ന സിനിമയ്ക്കു എഴുതിയ ‘ഉദഗിരിയിറങ്ങിവരും കാറ്റേ’, ‘വിഷുപ്പക്ഷി ചിലച്ചു’ എന്നീ രണ്ടുഗാനങ്ങള്‍ അക്കാലത്ത് ജനപ്രീതി നേടിയവയായിരുന്നു. ‘ഒന്നാംമാനം പൂമാനം’ എന്ന അത്രതന്നെ ജനപ്രിയമല്ലാതെ പോയ സിനിമയില്‍ ജോണ്‍സണ്‍ ഈണമിട്ട ‘സ്വര്‍ണച്ചിറകുള്ള പക്ഷി, സുപ്രഭാതപ്പക്ഷി’ എന്ന പാട്ടില്‍ മധു വരച്ചിട്ട ഒരു പ്രഭാതചിത്രത്തിന് മറ്റൊന്നിനുമില്ലാത്ത അഴകുണ്ടായിരുന്നു. സിനിമാസന്ദര്‍ഭത്തിനുവേണ്ടി ബഹുസ്വരമായ പാട്ടുകള്‍ എഴുതാന്‍ അദ്ദേഹത്തിന് സാധിച്ചു. പതിനേഴ് ചിത്രങ്ങള്‍ക്കായി മുപ്പത്തിയഞ്ചില്‍പരം പാട്ടുകള്‍ രചിച്ച മധു ആലപ്പുഴ ആധ്യാത്മിക പ്രഭാഷണവും ഭക്തിഗാനരചനയുമായി ജീവിതം നയിക്കുകയാണിപ്പോള്‍. ‘കരളില്‍ പതിഞ്ഞുകിടക്കുമേ മായാതെ കറയറ്റ ചാരുതയെന്നുമെന്നും’ എന്ന് അദ്ദേഹം പാട്ടിലെഴുതിയത് എത്ര ശരിയാണെന്ന് തോന്നിപ്പോകുന്നു.