Janayugom Online
cinema janayugom

സിനിമ നിര്‍മാണത്തിന്റെ മറവില്‍ തട്ടിപ്പുസംഘങ്ങള്‍ സജീവം

Web Desk
Posted on July 23, 2018, 10:48 pm

ഡാലിയ ജേക്കബ്ബ്
ആലപ്പുഴ: സിനിമ, സീരിയല്‍, ഷോര്‍ട്ട് ഫിലിം, സ്റ്റേജ് ഷോകള്‍ എന്നിവയില്‍ അവസരം നല്‍കാമെന്ന് കാട്ടി പണം തട്ടി യുവാക്കളെ കബളിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും പരസ്യങ്ങള്‍ നല്‍കിയാണ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ വലയിലാക്കുവാന്‍ ശ്രമിക്കുന്നത്. കുട്ടികളെ സിനിമയിലും ആല്‍ബങ്ങളിലും അഭിനയിപ്പിക്കാമെന്നും അണിയറ പ്രവര്‍ത്തനങ്ങളില്‍ അവസരം നല്‍കാമെന്നും പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് പണം തട്ടുന്ന സംഭവങ്ങള്‍ നിരവധിയാണ്. കഴിഞ്ഞ വര്‍ഷം അങ്കമാലി സ്വദേശിയെ ഇത്തരത്തില്‍ ചതിച്ച് സംഘം 14 ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. മക്കളെ ഭക്തിഗാന ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. ഇതില്‍ വിശ്വാസം വര്‍ധിപ്പിക്കുവാന്‍ പല പ്രമുഖ വ്യക്തികളുടെ മുന്‍പിലും കുട്ടികളെളെയും രക്ഷിതാവിനേയും കൂട്ടി സംഘം പോവുകയും ഓഡീഷനില്‍ പങ്കെടുത്ത് വിജയിച്ചതായി അറിയിക്കുകയും ചെയ്തിരുന്നു. സിനിമാ സീരിയല്‍ രംഗവുമായി അത്യാവശ്യം അറിവുള്ളവരെയോ ഒന്നോ രണ്ടോ സിനിമയുടെയോ സീരിയലുകളുടെയോ മറ്റോ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അണിയറ പ്രവര്‍ത്തകരെയോ കൂട്ടുപിടിക്കുകയും ചെയ്യുകയാണ് പതിവ്. തിരുവനന്തപുരം, കൊച്ചി എന്നീ സ്ഥലങ്ങളിലാണ് ഓഡിഷനും മറ്റുമായി യുവാക്കളെ വിളിക്കുന്നതും. ചലച്ചിത്ര നിര്‍മ്മാണത്തിന്റെ പേരില്‍ ദിവസങ്ങളോളം മുന്തിയ ഹോട്ടലുകളില്‍ മുറിയെടുത്ത് തിരക്കഥാ ചര്‍ച്ചയും മറ്റ് അനുബന്ധകാര്യങ്ങളും തീരുമാനിച്ചു കഴിയുമ്പോഴേക്കും തന്നെ പുത്തന്‍ പടത്തിന്റെ പ്രാഥമിക വാര്‍ത്തകള്‍ ഇതിനകം വാര്‍ത്താമാധ്യമങ്ങളിലൂടെ പുറത്തു വന്നിരിക്കും. ഇതിനു ശേഷമാണ് നിര്‍മ്മാതാവ് പോലുമറിയാതെ അഭിനയ താല്‍പ്പര്യമുള്ളവരെ വലയിലാക്കുന്നത്. തട്ടിപ്പില്‍ ചിത്രത്തിന്റെ പൂജ പോലും പ്രമുഖരെ അണിനിരത്തി ആര്‍ഭാടപൂര്‍വ്വം നടത്തിയിരിക്കും. ചില തട്ടിപ്പു സംഘങ്ങള്‍ ഒന്നു രണ്ടു ദിവസത്തെ ചിത്രീകരണവും സംഘടിപ്പിക്കാറുണ്ട്. ഇത്തരം സംഘങ്ങളുടെ കെണിയില്‍പ്പെട്ട് നിരവധി ആളുകള്‍ക്കാണ് പണം നഷ്ടമാകുന്നത്.
ചലച്ചിത്ര താരങ്ങള്‍ക്കൊപ്പം സ്‌റ്റേജ് ഷോകളില്‍ പങ്കെടുപ്പിക്കാമെന്നും അതിനാവശ്യമുള്ള കോസ്റ്റ്യൂമുകള്‍ക്ക് പണം ആവശ്യമാണെന്നും പറഞ്ഞുള്ള തട്ടിപ്പുകളും വ്യാപകമാണ്. നൃത്തത്തോടും കലകളോടും താല്‍പ്പര്യമുള്ളവരും രക്ഷിതാക്കളുമാണ് ഇതുപോലെ കെണിയില്‍പ്പെടുന്നത്. വര്‍ഷങ്ങളോളം പണം മുടക്കി കഴിഞ്ഞാണ് പലരും കബളിക്കപ്പെട്ട വിവരം മനസിലാക്കുന്നതും. അപമാനം മൂലം പൊലിസില്‍ പരാതിപ്പെടാന്‍പ്പോലും ആരും മുതിരുകയുമില്ല. ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കാന്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കഴിഞ്ഞ വര്‍ഷം നെയ്യാറ്റിന്‍കരയില്‍ നിന്ന് പൊലിസ് പിടികൂടിയിരുന്നു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്‌കൂളുകളില്‍ മോഷണത്തിന് ശ്രമിക്കുന്നതിനിടയിലാണ് പ്രതികള്‍ പൊലീസ് പിടിയിലായത്.
ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തോടുള്ള അഭിനിവേശമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയടക്കം നാല് വിദ്യാര്‍ഥികളെ മോഷണത്തിലേക്കെത്തിച്ചത്. ഇവര്‍ ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിന് വേണ്ടി ലാപ്‌ടോപ്, കംപ്യൂട്ടര്‍, ക്യാമറ, മൈക്ക്‌സെറ്റ് തുടങ്ങിയവ മോഷ്ടിച്ച് വില്‍പ്പന നടത്തി പണം ഉണ്ടാക്കി വരികയായിരുന്നു. ഇങ്ങനെ ലഭിച്ച മൂന്ന് ലക്ഷം രൂപ ഉപയോഗിച്ച് ഷോര്‍ട്ട് ഫിലിം നിര്‍മ്മാണം, വീഡിയോ ആല്‍ബം എന്നിവ നിര്‍മ്മിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്.
ദൃശ്യമാധ്യമങ്ങളില്‍ പണം മുടക്കിയാല്‍ ലഭിക്കുന്ന അനന്തമായ സാധ്യതകളുടെ മോഹവലയത്തില്‍പ്പെടുത്തിയാണ് സാമ്പത്തികമായി ഉയര്‍ന്നവരെ ചതിയില്‍പ്പെടുത്തുന്നത്. ഷോര്‍ട്ട് ഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ ചതിയിലൂടെ പണം നഷ്ടപ്പെടുന്ന പ്രവാസികളുമുണ്ട്. കൂടാതെ സിനിമയുടേയും സീരിയലിന്റെയും മോഡലിംഗിന്റേയും പേരില്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നസംഘങ്ങളും സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിം ഫിലിം നിര്‍മ്മാണത്തിന്റെ മറവില്‍ അനാശാസ്യം നടത്തുന്ന സംഘങ്ങളെ പൊലിസ് പിടികൂടുന്നുണ്ടെങ്കിലും ദൃശ്യ വിനോദ രംഗത്തെ തട്ടിപ്പ് സംഘങ്ങളുടെ പിടിയില്‍ നിന്നും യുവാക്കളെ മോചിപ്പിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാറില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.