Web Desk

തിരുവനന്തപുരം

December 26, 2020, 11:55 am

തിരുവനന്തപുരത്ത് ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച സംഭവം; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്

Janayugom Online

തിരുവനന്തപുരത്ത് ലഹരി മാഫിയ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചു പൊലീസ്. മോഷണം നടത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ പ്രതികൾ സംസ്ഥാനം വിട്ടതായി പൊലീസ് സംശയിക്കുന്നു. പ്രതികൾക്ക് ലഹരിമരുന്നെത്തുന്ന ബാംഗ്ലൂരിലേക്ക് കടന്നതായാണ് പൊലീസിന്റെ നിഗമനം.

അവധി ദിവസമായതിനാൽ ഇന്നലെ പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടത്താനായില്ല. പ്രതികൾ തിരുവല്ലം എസ്ഐ യുടെ വയർലെസ് തട്ടിയെടുത്തു നശിപ്പിക്കുകയും ചെയ്തിരുന്നു. സംഘത്തിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

പ്രതികൾ താമസിച്ചിരുന്ന സ്ഥലത്ത് നടത്തിയ പരിശോധനയിൽ രണ്ടര കിലോ കഞ്ചാവും പിടികൂടിയ സാഹചര്യത്തിൽ പരിസര പ്രദേശങ്ങളിലേക്ക് കൂടി പരിശോധന വ്യാപിപ്പിച്ചിട്ടുണ്ട്. മുട്ടയ്ക്കാട് സ്ത്രീയുടെ മാല പിടിച്ചു പറിച്ച സംഭവത്തിലും ഇതേ സംഘം തന്നെയെന്നാണ് പൊലീസ് കണ്ടെത്തൽ.

തിരുവനന്തപുരം മണക്കാട്, കമലേശ്വം മേഖലകളിൽ കടകൾ അടിച്ച് തകർക്കുകയും മോഷണം നടത്തുകയും ചെയ്ത ലഹരി മാഫിയ സംഘത്തിലെ അംഗങ്ങളെ പിടികൂടാനെത്തിയ തിരുവല്ലം പൊലീസിന് നേരെയായിരുന്നു ശാന്തിപുരത്തിനടുത്ത് വച്ച് ആക്രമണമുണ്ടായത്. പൊലീസിന് നേരെ പെട്രോൾ ബോംബ് എറിയുകയും ജീപ്പ് പൂർണമായും അടിച്ചു തകർക്കുകയും ചെയ്തിരുന്നു.

you may also like this video