വ്യാജ ചികിത്സാ മാഫിയെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ഐഎംഎ

Web Desk
Posted on September 05, 2019, 8:03 pm

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജചികിത്സാ മാഫിയയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. വ്യാജ ചികിത്സയെ നിയന്ത്രിക്കുന്നതിനായി കേരളത്തില്‍ സമഗ്രമായ നിയമ നിര്‍മാണം അത്യന്താപേക്ഷിതമാണ്. അത്തരം നിയമ നിര്‍മാണത്തിന് ഉടനടി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വ്യാജചികിത്സ മൂന്ന് തരത്തില്‍ നിലവിലുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റ അടിസ്ഥാന ഡിഗ്രി ആയ എംബിബിഎസ് ഇല്ലാതെ മറ്റു വൈദ്യമേഖലകളിലെ ബിരുദവുമായി ആധുനിക വൈദ്യശാസ്ത്ര മരുന്നുകളും ചികിത്സാരീതികളും അവലംബിക്കുന്നതാണ് ഒരുതരം.
ആധുനിക വൈദ്യശാസ്ത്രത്തിലോ മറ്റു വൈദ്യ മേഖലകളിലോ ബിരുദം ഒന്നും തന്നെ ഇല്ലാതെ പാരമ്പര്യ വൈദ്യത്തിന്റെയും പ്രകൃതിചികിത്സയുടെയും മറവില്‍ എല്ലാതരം രോഗങ്ങള്‍ക്കും ചികിത്സ ഉണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട്, രോഗികളുടെനില അപകടത്തിലാക്കി ശരിയായ ചികിത്സ നിഷേധിക്കുന്നതാണ് രണ്ടാമത്തെ തരം. ആധുനിക വൈദ്യശാസ്ത്രത്തിലെ ബിരുദധാരികളായ ഡോക്ടര്‍മാര്‍ ഹോമിയോ- ആയുര്‍വേദ മരുന്നുകള്‍ കുറിക്കുന്നതും മൂന്നാമതായി വ്യാജചികിത്സ ഇനത്തില്‍പ്പെടും. ഈ മൂന്ന് തരം വ്യാജ ചികിത്സകളും തടയപ്പെടേണ്ടതാണെന്ന് ഐഎംഎ ആവശ്യപ്പെട്ടു.
ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ എല്ലാം രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും വൈദ്യവിഭാഗത്തില്‍ ബിരുദം ഉള്ള ആള്‍ക്കാരെ മാത്രം നിയന്ത്രിക്കുന്നതിനാണ്. അതിനാല്‍ തന്നെ രോഗികളെ കൊലയ്ക്കു കൊടുക്കുന്ന ഇത്തരം വ്യാജചികിത്സകരെ കൊലക്കുറ്റത്തിന് ശിക്ഷിക്കുന്ന തരത്തിലുള്ള നിയമനിര്‍മാണം ഉടനടി ഉണ്ടാകണമെന്നും ഐഎംഎ സംസ്ഥാന പ്രവര്‍ത്തക സമിതി ആവശ്യപ്പെട്ടു