മുഖം നോക്കി ചായതരും; മണിയണ്ണന്‍റെ മാന്ത്രികകട ശ്രദ്ധേയമാകുന്നു

Web Desk
Posted on March 19, 2018, 10:08 am

സന്തോഷ് എന്‍ രവി

തിരുവനന്തപുരം: നല്ലൊരു ചായയുടെ രുചിയറിണമെങ്കില്‍ പേട്ടയില്‍ മണിയണ്ണന്റെ കടയില്‍ തന്നെ പോകണം. ചായ എങ്ങനെ വേണമെന്ന് മണിയണ്ണനോടു പറയണ്ട ആവശ്യത്തിന് മധുരം..കടുപ്പം. ചൂട്.’ ഇങ്ങനെ പോകുന്നു ഒരു ചായയുടെ വിശേഷം. കഴിഞ്ഞ നാല്‍പത് വര്‍ഷമായി പേട്ട റയില്‍വേസ്റ്റേഷനുസമീപം തട്ടുകട നടത്തി വരികയാണ് കണ്ണമൂല ചെന്നിലോട് കാവുവിള വീട്ടില്‍ മണിയന്‍. ഇവിടെത്തെ പതിവുകാരുടെ മണിയണ്ണന് ഇപ്പോള്‍ വയസ് 74. ആയി ചായക്കട തുടങ്ങിയ കാലംമുതലുള്ള പ്രസരിപ്പ് ഇപ്പോഴും ആ മുഖത്തുണ്ട്.
ചായയുടെ പേരില്‍ മണിയണ്ണനോട് ആരും ഇതുവരെ ഇടയേണ്ടി വന്നിട്ടില്ല. കാരണം ഓരോത്തരുടെയും മനസറിഞ്ഞുള്ള ചായ റെഡിയാണ്. മണിയണ്ണന്‍ അടിക്കുന്ന ചായയുടെ കോപ്പയില്‍ നിന്നും ഗ്ലാസിലേയ്ക്ക് പകരുന്നത് ഓരോത്തരുടെയും ആവശ്യമറിഞ്ഞുള്ള ചായയാണ്. രാഷ്ട്രിയ- കലാസാംസ്‌കാരിക രംഗത്തുളളവര്‍പോലും മണിയണ്ണന്റെ ചായയുടെ രുചിയറിഞ്ഞ് പോയിട്ടുള്ളവരാണ്. മണിയണ്ണന്റെ തട്ടുകടയില്‍ എത്തുന്നവരില്‍ പലരും പതിവുകാരാണ്.
ഒരിക്കല്‍ ചായയുടെ രുചിയറിഞ്ഞ് പോകുന്നവര്‍ പിന്നിട് മണിയണ്ണന്റെ കടയില്‍ എത്തുന്നു. നിത്യവും അഞ്ഞുറില്‍ പരം ആളുകളാണ് ചായ കുടിക്കുന്നതിനായി എത്തുന്നത്. സദാ സമയവും തമാശയുമായി ചിരിപ്പിക്കുന്ന മണിയണ്ണന്‍റെ തട്ട് കടയില്‍ ചായ കുടിക്കാന്‍ എത്തുന്ന ഓരോത്തരുടെയും രുചി മണിയണ്ണന് അറിയാം. ആവശ്യമറിഞ്ഞുള്ള ചായ ഉടന്‍ റെഡി. ഇനി അപരിചിതരായലും മുഖം നോക്കി മണിയണ്ണന്‍ രുചി ചോദിക്കാതെ തന്നെ ആവശ്യക്കാരുടെ ഇഷ്ടത്തിനനുസരിച്ച് ചായയടിക്കും. ചായമാത്രല്ല ശുദ്ധമായ വെളിച്ചണ്ണയില്‍ പൊരിച്ച പലഹാരങ്ങളും ഇവിടെ ലഭിക്കും. ചായയും കടിയും കഴിച്ച് തൃപ്തിവരുത്തിയേ മണിയണ്ണന്റെ കടയില്‍ എത്തുന്ന പതിവ് കാര്‍ മടങ്ങാറുള്ളു.
എത്ര തിരക്കുണ്ടങ്കിലും മണിയണ്ണന്റെ ചായ കോപ്പില്‍ നിന്നും നിരത്തി വെച്ച ഗ്ലാസിലേയ്ക്ക് ചായ പകരില്ല. ഓരോത്തര്‍ക്കും അവരുടെ ആവശ്യത്തിനനുസരിച്ച് പ്രത്യേകമായിട്ടേ ചായ അടിക്കു. എന്നാല്‍ ചായയുടെ രുചി രഹസ്യം മണിയണ്ണന്‍ പുറത്തുവിട്ടിട്ടില്ല.

വെളുപ്പിന് അഞ്ചു മണിക്കു പ്രവര്‍ത്തനം ആരംഭിക്കുന്ന തട്ടുകട വൈകിട്ട് ഏഴു മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ സഹായത്തിനായി ആയുര്‍വേദ കോളേജില്‍ നിന്നും വിരമിച്ച ഭാര്യ സത്യഭാമയും ഒപ്പം കൂട്ടിയുണ്ട്.