സ്റ്റീല്‍ ചെയിനില്‍ കൈകള്‍ ബന്ധിച്ച്‌ ഗംഗയിലേക്കിറങ്ങിയ മാന്ത്രികനെ കാണാതായി

Web Desk
Posted on June 17, 2019, 12:50 pm

ലഖ്നൊ: സ്റ്റീല്‍ ചെയിനില്‍ കൈകള്‍ ബന്ധിച്ച്‌ ഗംഗയിലേക്കിറങ്ങിയ മാന്ത്രികനെ കാണാതായതായി പൊലീസ് അറിയിച്ചു. മാജിക് വിദ്യ കാണിക്കുന്നതിനിടെ ഞായറാഴ്ചയാണ് ഇയാളെ കാണാതായത്. ജാദൂഗര്‍ മന്ത്രക് എന്ന പേരില്‍ അറിയപ്പെടുന്ന ചഞ്ചല്‍ ലാഹിരിയെയാണ് കാണാതായത്. കുടുംബാംഗങ്ങളും മാധ്യമങ്ങളും പൊലീസുകാരും നോക്കി നില്‍ക്കെയാണ് ഇയാള്‍ ക്രെയിന്‍ വഴി നദിയിലേക്ക് ഇറങ്ങിയത്.

40 കാരനായ മാന്ത്രികന്‍ വെള്ളത്തില്‍ നിന്ന് പുറത്തുവരുന്നതില്‍ പരാജയപ്പെട്ടതിനാല്‍ അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചു. ”ഞങ്ങള്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് കുടുംബാംഗത്തെ ഉദ്ദരിച്ച്‌ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു. 21 വര്‍ഷം മുമ്ബ് ഇതേ വേദിയില്‍ നിന്ന് സമാനമായ ഒരു സ്റ്റണ്ട് വിജയകരമായി പൂര്‍ത്തിയാക്കിയതായി ചഞ്ചല്‍ ലാഹിരി നേരത്തെ പറഞ്ഞിരുന്നു.

‘ഹൗറ ബ്രിഡ്ജിന് താഴെ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ബോക്‌സിനുള്ളില്‍ ചെയിനുകള്‍ കൊണ്ട് ലോക്ക് ചെയ്ത് 29 സെക്കന്‍ഡിനകം താന്‍ തിരികെ വന്നതായി ലാഹിരി പറഞ്ഞു. ഇത്തവണ സ്വയം മോചിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ചഞ്ചല്‍ ലാഹിരി വെള്ളത്തില്‍ പോകുന്നതിനു മുന്‍പ് സമ്മതിച്ചിരുന്നു. ‘എനിക്ക് ഇത് തുറക്കാന്‍ കഴിയുമെങ്കില്‍ അത് മാന്ത്രികമായിരിക്കും, പക്ഷേ എനിക്ക് കഴിയുന്നില്ലെങ്കില്‍ അതൊരു ദുരന്തമായിരിക്കും.” അദ്ദേഹം പറഞ്ഞു. 2013‑ലും ലാഹിരി നദിയില്‍ തന്റെ പരീക്ഷണം നടത്തിയിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെ ലോക്ക് ചെയ്ത കൂട്ടില്‍ നിന്നും അന്ന് അദ്ദേഹം രക്ഷപ്പെട്ടു.

തന്റെ മാന്ത്രിക വിദ്യകളുടെ വീഡിയോകള്‍ പോസ്റ്റുചെയ്യാന്‍ ലാഹിരി ഒരു യൂട്യൂബ് ചാനല്‍ ഉപയോഗിച്ചിരുന്നു. അതിലെ ഒരു വീഡിയോയില്‍ ട്രക്കിന് സമീപത്തൂടെ വായുവില്‍ കൂടി സഞ്ചരിക്കുന്ന ഒരു ദൃശ്യമുണ്ട്. യാതൊരു തരത്തിലുള്ള നേര്‍ത്ത കമ്ബികള്‍ പോലും ആ സമയത്ത് അദ്ദേഹം സഹായത്തിനായി ഉപയോഗിച്ചില്ലെന്ന് വീഡിയോയില്‍ കാണാം.