പാലാരിവട്ടം അപകടം : മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കളക്ടറുടെ ഉത്തരവ്

Web Desk
Posted on December 12, 2019, 8:19 pm

കൊച്ചി :  പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപം റോഡപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്  സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ  ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്‍റെ ചുമതല. പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, ജല അതോറിറ്റി എന്നിവരോടും കളക്ടര്‍ റിപ്പോര്‍ട്ട് തേടി. പൈപ്പ് ലൈനിലെ ചോര്‍ച്ച പരിഹരിച്ച് അടിയന്തരമായി റോഡ് പൂര്‍വസ്ഥിതിയിലാക്കാനും കളക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ  കേസെടുത്തു.

you may also like this video

ജല അതോറിറ്റി മാനേജിംഗ് ഡയറക്ടറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറും യുവാവിന്റെ ദാരുണാന്ത്യത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച്  അന്വേഷണം നടത്തി  നാലാഴ്ചക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. കേസ് ജനുവരി 14 ന് ആലുവയിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.  ഇരുചക്ര വാഹനത്തിലായിരുന്ന യുവാവ് അപ്രതീക്ഷിതമായി റോഡിനോട് ചേർന്ന കുഴിയിൽ വീണപ്പോൾ പിന്നാലെ വന്ന ലോറി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അറ്റകുറ്റപണികൾക്ക് വേണ്ടിയാണ് ജല അതോറിറ്റി കുഴിയെടുത്തതെന്നും കുഴി അടയ്ക്കണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും ഉദ്യോഗസ്ഥർ അലംഭാവം തുടരുകയായിരുന്നുവെന്നും  മാധ്യമ വർത്തകളിലുണ്ട്. ഇതേത്തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ കേസ്സെടുത്തത്