കൊറോണ വ്യാപനത്തിനിടെ കള്ളനെ പിടികൂടി പുലിവാല് പിടിച്ച് പഞ്ചാബ് പൊലീസ്. ലുധിയാനയിലെ ഗണേഷ് നഗറിൽ നിന്ന് രണ്ടുദിവസം മുമ്പ് പിടികൂടിയ കള്ളന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് 17 പൊലീസുകാരെ നിരീക്ഷണത്തിലാക്കി.
പൊലീസുകാർക്കു പുറമെ പ്രതിയെ അറസ്റ്റു ചെയ്യാൻ സഹായിച്ച രണ്ട് പ്രദേശവാസികളെയും മോഷ്ടാവിന്റെ 11 കുടുംബാംഗങ്ങളെയും ക്വാറന്റൈനിലാക്കി. കൂടാതെ പ്രതിയെ ഹാജരാക്കിയ കോടതിയിലെ മജിസ്ട്രേറ്റിനോടും ജീവനക്കാരോടും നിരീക്ഷണത്തിലിരിക്കാനും നിർദ്ദേശിച്ചിട്ടുമുണ്ട്.
വാഹന മോഷ്ടാവായ സൗരവ് സെഗൽ എന്ന 25കാരനാണ് പൊലീസിനെയും കോടതിയെയുമെല്ലാം കോവിഡ് ഭീതിയിലാക്കിയിരിക്കുന്നത്. ഏപ്രിൽ അഞ്ചിനാണ് ലുധിയാനയിലെ ഗണേഷ് നഗർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സൗരവിനെ പിടികൂടിയത്. ഏപ്രിൽ ആറിന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാൻ മജിസ്ട്രേറ്റ് പൊലീസിനോട് ആവശ്യപ്പെട്ടു.
സൗരവിന് പനിയും ചുമയും ഉണ്ടെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരിശോധനയിൽ ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയുമായി ഇടപഴകിയ പൊലീസുകാരും മജിസ്ട്രേറ്റും ഉൾപ്പെടെ മുഴുവൻ പേരെയും നിരീക്ഷണത്തിൽ പാർപ്പിക്കേണ്ടി വന്നിരിക്കുന്നത്.
English Summary: magistrate and 17 policemen quarantined after thief tests positive for Covid-19
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.