എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക; ഈ കാര്‍ഡുകള്‍ ഇനിയില്ല…

Web Desk
Posted on December 27, 2018, 5:23 pm

കൊച്ചി: ബാങ്ക് ഇടപാടുകളില്‍ മാഗ്‌നറ്റിക് സ്ട്രിപ്പ് ഉള്ള ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാനുള്ള സൗകര്യം ഡിസംബര്‍ 31 വരെ മാത്രം. ജനുവരി ഒന്നുമുതല്‍ ചിപ്പ് ആന്‍ഡ് പിന്‍ അധിഷ്ഠിത കാര്‍ഡുകള്‍ അഥവാ ഇ എം വി കാര്‍ഡുകളാണ് ഉപയോഗിക്കേണ്ടത്. റിസര്‍വ് ബാങ്ക് നേരത്തെ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പഴയ കാര്‍ഡുകള്‍ അസാധുവാകുന്നത് .

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഡെബിറ്റ് കാര്‍ഡ് ഉടമകളുടെ എണ്ണം 99 കോടിയാണ് . സംസ്ഥാനത്തു എസ് ബി ഐ മാത്രമാണ് കാര്‍ഡുകള്‍ കുറച്ചെങ്കിലും ഇടപാടുകാര്‍ക്ക് അയച്ചു നല്‍കിയിട്ടുള്ളത്. സാധാരണ ക്കാരായ ഇടപാടുകാര്‍ക്ക് ഇപ്പോഴും ഈ മാറ്റത്തെ കുറിച്ച് അറിവില്ല. ഗ്രാമീണ മേഖലയിലുള്ള ബ്രാഞ്ചുകളിലെ ഉപഭോക്താക്കള്‍ക്കാണ് കൂടുതലായി കാര്‍ഡ് ലഭിക്കാത്തത്. മാഗ്‌നറ്റിക് കാര്‍ഡ് ഉപയോഗം ഒരാഴ്ച്ച കൂടി നീട്ടി നല്‍കണമെന്ന് എസ് ബി ഐ ഉള്‍പ്പടെയുള്ള ബാങ്കുകള്‍ ആര്‍ ബി ഐ യോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂല നിലപാട് ലഭിച്ചിട്ടില്ല.

ഒരാഴ്ച നീട്ടി നല്‍കിയാലും ആ സമയം കൊണ്ട് ബാക്കിയുള്ള ഇടപാടുകാര്‍ക്ക് ഇ എം വി കാര്‍ഡ് നല്കാന്‍ കഴിയുമെന്ന പ്രതീ ക്ഷ ബാങ്കുകള്‍ക്ക് ഇല്ല .കാര്‍ഡുകള്‍ കൂട്ടത്തോടെ പ്രവര്‍ത്തന രഹിതമായാല്‍ നോട്ടു നിരോധന കാലയളവിലുണ്ടായ തുപോലുള്ള തിരക്ക് ബാങ്കുകളില്‍ ഉണ്ടാവുമെന്ന ഭീതിയിലാണ് ജീവനക്കാര്‍ .യൂറോ പേയി മാസ്റ്റര്‍ കാര്‍ഡ് വീസ എന്നതിന്റെ ചുരുക്കമാണ് ഇ എം വി. കാര്‍ഡിന്റെ ഒ ടി പി നമ്പറടക്കം തട്ടിയെടുത്തു നടത്തുന്ന തട്ടിപ്പിനെ മറികടക്കാനാണ് ആര്‍ ബി ഐ പുതിയ നിര്‍ദേശം മുന്നോട്ടു വെച്ചത്. ക്‌ളോണിംഗ്, സ്‌കീമിങ് എന്നിങ്ങനെ തട്ടിപ്പുകള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് 2016 ഒക്ടോബറില്‍ 32 ലക്ഷം എ ടി എം കാര്‍ഡുകളാണ് മരവിപ്പിക്കേണ്ടി വന്നത്.

എസ് ബി ഐ മാഗ്‌നറ്റിക് കാര്‍ഡ് മാറ്റി പുതിയ കാര്‍ഡുകള്‍ അയച്ചുകഴിഞ്ഞു .ഇവ ലഭിക്കാത്ത വരും കൂടുതല്‍ വിവരങ്ങള്‍ അറിയേണ്ടവരും ബാങ്ക് ശാഖകളുമായി ബന്ധപ്പെടണമെന്ന റിയിക്കുന്നു. എന്നാല്‍ കാര്‍ഡുകള്‍ കിട്ടാത്തവര്‍ക്ക് എത്ര സമയം കൊണ്ട് കാര്‍ഡ് നല്‍കാനാവുമെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല.